25 September Tuesday

ബിഹാറിലെ ബാലികാപീഡനം: പേര‌് പുറത്തുവിട്ടവര്‍ക്കെതിരെ നടപടി

സ്വന്തം ലേഖകൻUpdated: Friday Aug 10, 2018

ന്യൂഡൽഹി > ബിഹാറിലെ ബാലമന്ദിരങ്ങളിൽ ലൈംഗികാതിക്രമത്തിന് ഇരകളായ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിശദാംശങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ പ്രതിയുടെ ഭാര്യക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി നിർദേശം. മുസഫർപുർ ബാലമന്ദിരത്തിൽ പീഡനങ്ങൾക്ക് ഇരയായ ചിലരുടെ വിവരങ്ങൾ പ്രതികളിൽ ഒരാളുടെ ഭാര്യ  ഫെയ‌്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത‌് കേസിലെ അമിക്കസ്ക്യൂറിയായ അഭിഭാഷക അപർണാഭട്ട് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് ജസ്റ്റിസ് മദൻ ബി ലോക്കുർ അധ്യക്ഷനായ ബെഞ്ച് നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്. വിശദാംശങ്ങൾ നീക്കാൻ ഫെയ‌്സ്ബുക്കിനോട് ആവശ്യപ്പെടണമെന്നും ബിഹാർ സർക്കാരിനോട് കോടതി നിർദേശിച്ചു. ലൈംഗികാതിക്രമങ്ങൾക്ക് ഇരകളായ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഫോട്ടോകൾ പ്രസിദ്ധീകരിക്കരുതെന്ന് പത്ര, ദൃശ്യ മാധ്യമങ്ങളോട് കോടതി നേരത്തെ നിർദേശിച്ചിരുന്നു.

രാജ്യത്തെ ബാലമന്ദിരങ്ങളിൽ കുട്ടികൾ പീഡനങ്ങൾക്ക് ഇരയാകാതിരിക്കാൻ എന്തൊക്കെ നടപടി സ്വീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര വനിത, ശിശുക്ഷേമ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. എണ്ണായിരത്തോളം ബാലമന്ദിരങ്ങളിൽ കേന്ദ്രസർക്കാർ സർവേ നടത്തിയതായി അമിക്കസ്ക്യൂറി വ്യക്തമാക്കി.  ബിഹാറിലെ ബാലമന്ദിരങ്ങളിൽ പീഡനങ്ങൾക്ക് ഇരയായ കുട്ടികളുടെ ദുരവസ്ഥ വ്യക്തമാക്കി പട്ന സ്വദേശി അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ രണ്ട് കേസാണ് രജിസ്റ്റർ ചെയ്തത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പരിശോധിച്ച കോടതി, രാജ്യത്ത് “ഇടത്തും വലത്തും മധ്യത്തിലും ബലാത്സംഗങ്ങൾ നടക്കുകയാണ‌്’ എന്ന‌് വിമർശിച്ചിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top