13 November Tuesday

ചരിത്ര തീരുമാനവുമായി സുപ്രീംകോടതി; കോടതി നടപടി ലൈവാകും

സ്വന്തം ലേഖകൻUpdated: Tuesday Jul 10, 2018


ന്യൂഡൽഹി
കോടതിനടപടികൾ തത്സമയം സംപ്രേഷണം ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സുപ്രീംകോടതി. ഇതിനായി ഈമാസം 23നുള്ളിൽ മാർഗനിർദേശങ്ങൾക്ക് രൂപംനൽകാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്, അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനോട് നിർദേശിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ സുപ്രീംകോടതിയിലെ നടപടികൾതന്നെ ആദ്യം സംപ്രേഷണം ചെയ്യാമെന്നും  ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.

'തുറന്നകോടതികളുടെ പാരമ്പര്യമുള്ള നിയമവ്യവസ്ഥയാണ് രാജ്യത്തിന്റേത്. കോടതിനടപടികൾ രഹസ്യമാക്കുന്നത് പിന്നീടാണ്. സ്വന്തംകേസിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ കക്ഷികൾക്ക് അവകാശമുണ്ട്. കക്ഷികൾ കോടതിയിൽ ഇല്ലെങ്കിൽപ്പോലും അവരുടെ കേസിൽ എന്തു പുരോഗതിയാണ് ഉണ്ടായതെന്ന് അറിയാനുള്ള അവകാശം അവർക്കുണ്ട്'‐ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

കോടതിനടപടികൾ തത്സമയം ജനങ്ങളിലേക്ക് എത്തിക്കാൻ ചാനൽ തുടങ്ങുന്ന കാര്യം ആലോചിക്കാവുന്നതാണെന്നും പരീക്ഷണാടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിന്റെ കോടതിയിലെ നടപടിക്രമങ്ങൾതന്നെ ആദ്യം തത്സമയസംപ്രേഷണം ചെയ്യാമെന്നും എജി നിർദേശിച്ചു. എന്നാൽ, രഹസ്യസ്വഭാവമുള്ള കേസുകളിൽ തത്സമയസംപ്രേഷണം നടത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇവയൊഴിച്ചുള്ള പ്രധാനപ്പെട്ട കേസുകളുടെ നടപടിക്രമങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാൻവേണ്ടിയുള്ള മാർഗനിർദേശങ്ങൾക്കാണ് രൂപംകൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോടതിനടപടികൾ തത്സമയസംപ്രേഷണം ചെയ്യുമ്പോൾ അഭിഭാഷകർ ഉൾപ്പെടെയുള്ളവർ കൃത്യമായ അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. തത്സമയസംപ്രേഷണത്തിന് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ, ചെലവ്, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളിൽ ശുപാർശകളും മാർഗനിർദേശങ്ങളും സമർപ്പിക്കാൻ എജിയോട് കോടതി നിർദേശിച്ചു.

ദേശീയപ്രാധാന്യമുള്ള കേസുകളിലെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന‌് ആവശ്യപ്പെട്ട്  മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ‌് അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top