15 November Thursday

ചേലാകര്‍മം കുറ്റകരം

സ്വന്തം ലേഖകൻUpdated: Tuesday Jul 10, 2018

ന്യൂഡൽഹി

വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയുംപേരിൽ സ്ത്രീശരീരത്തില്‍ സമ്മതമില്ലാതെ മാറ്റം വരുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമ്മം നടത്തുന്നതിന് എതിരായ പൊതുതാൽപ്പര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ചേലാകര്‍മം പോക്സോ നിയമത്തിലെ 3(ബി) വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും വാക്കാൽ നിരീക്ഷിച്ചു. ഒരു വ്യക്തിക്ക് ഈ ആചാരത്തിന് വിധേയയാകാൻ ആഗ്രഹമില്ലെങ്കിൽ നിർബന്ധപൂർവം അടിച്ചേൽപ്പിക്കുന്നത് തെറ്റാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ആചാരങ്ങളുടെ പേരിൽ ശരീരങ്ങളിലേക്കുള്ള കടന്നുകയറ്റം അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

ചേലാകർമം നിരോധിക്കണമെന്ന് കേന്ദ്രസർക്കാരും കോടതിയില്‍ ആവശ്യപ്പെട്ടു. അമേരിക്കയിലും ബ്രിട്ടണിലും ഫ്രാൻസിലും 27 ആഫ്രിക്കൻ രാജ്യങ്ങളിലും ഇത്തരം ആചാരം നിരോധിച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.

അതേസമയം, ചേലാകർമത്തെ 95 ശതമാനം സ്ത്രീകളും അംഗീകരിക്കുന്നുണ്ടെന്ന് കേസിൽ കക്ഷിചേരാൻ ഹർജി നൽകിയ ദാവൂദി ബോറകളുടെ സംഘടനയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ‌്വി അവകാശപ്പെട്ടു. മുസ്ലിം സമുദായത്തിലെ പുരുഷന്മാർ സുന്നത്ത് നടത്താറുണ്ട്. ഈ സാഹചര്യത്തിൽ, സ്ത്രീകളുടെ ചേലാകർമത്തിന്റെ നിയമപരമായ സാധുത ചോദ്യംചെയ്യപ്പെടുന്നത് വിവേചനപരമാണെന്നും സിങ‌്വി വാദിച്ചു. സ്ത്രീകൾക്ക് ചേലാകര്‍മം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് അറ്റോർണി ജനറൽ പ്രതികരിച്ചു.

ഹർജി ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന സിങ‌്വിയുടെ ആവശ്യം കോടതി തള്ളി. ഈ മാസം 16നും വാദംകേൾക്കൽ തുടരും. ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ‌് ഹാജരായി.

പ്രധാന വാർത്തകൾ
Top