17 November Saturday

സ്വവർഗരതി വാദം നീട്ടിവയ്ക്കണമെന്ന കേന്ദ്ര ആവശ്യം തള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018

ന്യൂഡൽഹി

സ്വവർഗരതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഭരണഘടനാബെഞ്ച് വാദംകേൾക്കുന്നത് നീട്ടിവയ‌്ക്കണമെന്ന കേന്ദ്രസർക്കാർ ആവശ്യം സുപ്രീംകോടതി തള്ളി. ചൊവ്വാഴ്ച വാദംകേൾക്കൽ തുടങ്ങാനിരിക്കെ, സർക്കാരിന് മറുപടി നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ വാദംകേൾക്കൽ നീട്ടിവയ‌്ക്കണമെന്നായിരുന്നു ആവശ്യം.

വിഷയത്തിൽ വിശദ സത്യവാങ‌്മൂലം സമർപ്പിക്കേണ്ടതുണ്ടെന്നും അതിനാൽ വാദംകേൾക്കൽ നീട്ടണമെന്നും സർക്കാരിനുവേണ്ടി ഹാജരായ ആർ ബാലസുബ്രഹ്മണ്യം ആവശ്യപ്പെട്ടു. എന്നാൽ, വാദംകേൾക്കൽ നീട്ടാൻ കഴിയില്ലെന്നും സർക്കാർ പിന്നീട് മറുപടി സമർപ്പിച്ചാൽ മതിയെന്നും ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സ്വവർഗരതി കുറ്റകരമാക്കുന്ന 377‐ാം വകുപ്പിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹർജികളാണ് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.

സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ ഉത്തരവ് വന്നതോടെയാണ് സ്വവർഗരതി നിയമവിധേയമാക്കണമെന്ന ആവശ്യം വീണ്ടും സജീവമായത്. സ്വവർഗരതി നിയമവിധേയമാക്കിയ ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി  2013 ഡിസംബറിൽ തള്ളിയിരുന്നു. ഈ ഉത്തരവിന് എതിരായ ഹർജികൾ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

പ്രധാന വാർത്തകൾ
Top