25 June Monday

താഴ് വീഴുമോ പഞ്ചാബിലെ അഴിമതിക്ക്

സാജന്‍ എവുജിന്‍Updated: Tuesday Jan 10, 2017

ന്യൂഡല്‍ഹി > പഞ്ചനദികളുടെയും ഹരിതവിപ്ളവത്തിന്റെയും നാടായ പഞ്ചാബില്‍നിന്ന് ഇപ്പോള്‍ കേള്‍ക്കുന്നത് തകര്‍ച്ചയുടെ കഥമാത്രം. പത്തുവര്‍ഷത്തെ അകാലിദള്‍- ബിജെപി ഭരണം പഞ്ചാബിനെ അഴിമതിയുടെയും ലഹരിമാഫിയയുടെയും വിഹാരകേന്ദ്രമാക്കി മാറ്റി. മുഖ്യമന്ത്രി പ്രകാശ്സിങ് ബാദലും മകനും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍സിങ് ബാദലും നയിക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍മാത്രമാണ് സംരക്ഷിക്കപ്പെടുന്നതെന്ന് സഖ്യകക്ഷിയായ ബിജെപിയുടെ അണികള്‍പോലും പറയുന്നു.

നവ്ജ്യോത്സിങ് സിദ്ദു രാജ്യസഭാംഗത്വം രാജിവച്ച് ബിജെപി ബന്ധം അവസാനിപ്പിച്ചതുപോലും ബാദല്‍കുടുംബത്തോടുള്ള അമര്‍ഷത്തിന്റെ പേരില്‍. ബാദലിന്റെ ശിരോമണി അകാലിദളിനെതിരെ പ്രതികരിക്കാനും സഖ്യം പൊട്ടിച്ചെറിയാനും ബിജെപി തയ്യാറല്ല. ഫെബ്രുവരി നാലിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ അകാലിദള്‍- ബിജെപി സഖ്യത്തെ പരാജയം തുറിച്ചുനോക്കുകയാണ്.
മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടാതെ അരവിന്ദ് കെജ്രിവാള്‍തന്നെയാണ് പഞ്ചാബിലും എഎപി  പ്രചാരണം നയിക്കുന്നത്. നവ്ജ്യോത് സിദ്ദു എഎപിയില്‍ ചേരാന്‍ താല്‍പ്പര്യം കാട്ടിയിരുന്നു. പക്ഷേ, തന്നെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന സിദ്ദുവിന്റെ ആവശ്യം എഎപി തള്ളിയതോടെ അദ്ദേഹം കോണ്‍ഗ്രസിലേക്ക് ചാഞ്ഞു. സിദ്ദു ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് പറഞ്ഞിട്ടുണ്ട്. സത്ലജ്- യമുന കനാല്‍ വിഷയത്തില്‍ പഞ്ചാബിന്റെ താല്‍പ്പര്യം ഹനിക്കപ്പെട്ടുവെന്ന് ആരോപിച്ച് അമൃത്സറില്‍നിന്നുള്ള ലോക്സഭാംഗത്വം രാജിവച്ച അമരീന്ദര്‍സിങ്ങാണ്  കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാണ്. അമൃത്സര്‍ ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി നാലിന് നടക്കുന്നുണ്ട്.

പട്യാലയില്‍ അമരീന്ദര്‍സിങ്ങിനെതിരെ ബിജെപി രംഗത്തിറക്കിയത് കരസേന മുന്‍മേധാവി ജെ ജെ സിങ്ങിനെ. സിഖുകാരില്‍നിന്നുള്ള പ്രഥമ കരസേന മേധാവി എന്ന വിശേഷണത്തോടെയാണ് ജെ ജെ സിങ്ങിന്റെ സ്ഥാനാര്‍ഥിത്വം സുഖ്ബീര്‍സിങ് പ്രഖ്യാപിച്ചത്.  ബാദല്‍സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ സ്ഥാനാര്‍ഥിയാകുന്നതെന്ന് ജെ ജെ സിങ് പറയുന്നു.

ഡല്‍ഹിയില്‍, രാഹുല്‍ഗാന്ധിയുടെ അസാന്നിധ്യത്തില്‍ പഞ്ചാബ് തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടനപത്രിക ഇറക്കിയത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ്. മുമ്പ് പഞ്ചാബ് ഭീകരവാദത്തിന്റെ ഇരയായെങ്കില്‍ ഇപ്പോള്‍ സംസ്ഥാനത്തെ തകര്‍ക്കുന്നത് ഭരണത്തിലുള്ളവരുടെ പിടിപ്പുകേടാണെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു.
അതേസമയം, ഡല്‍ഹിയില്‍ സംഭവിച്ചപോലെ എഎപിയുടെ അപ്രതീക്ഷിത മുന്നേറ്റത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. കോണ്‍ഗ്രസിനോടുള്ള വെറുപ്പ് ജനങ്ങളില്‍ തുടരുകയാണ്. ഇത് സമര്‍ഥമായി മുതലെടുക്കാന്‍ കഴിഞ്ഞാല്‍ പഞ്ചാബിലെ 117 സീറ്റുകളില്‍ നിര്‍ണായക പങ്ക് സ്വന്തമാക്കാന്‍ എഎപിക്ക് കഴിയും. സിപിഐ എം അടക്കമുള്ള ഇടതുപക്ഷകക്ഷികളും പല മണ്ഡലങ്ങളിലും സ്വാധീനശക്തിയാണ്.

പ്രധാന വാർത്തകൾ
Top