Top
21
Tuesday, November 2017
About UsE-Paper

നോട്ടുനിരോധനത്തിന്റെ കെടുതിയില്‍ നടുവൊടിഞ്ഞ് കാര്‍ഷികമേഖല

Thursday Nov 9, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > നോട്ടുനിരോധനത്തിന്റെ കെടുതിയില്‍നിന്ന് കരകയറാതെ രാജ്യത്തെ കാര്‍ഷികമേഖല. പണം തന്നെ നല്‍കി ഇടപാടുകള്‍ നടത്തേണ്ട കാര്‍ഷികമേഖലയില്‍ ബദല്‍ മാര്‍ഗങ്ങള്‍ ഫലപ്രദമല്ല. വ്യാപാരികളുടെ കൈവശമുണ്ടായിരുന്ന പണം ഇല്ലാതായതും കാര്‍ഷികമേഖലയെ ബാധിച്ചു. കാര്‍ഷികവിളകള്‍ മൊത്തത്തില്‍ എടുക്കുന്ന പതിവ് നിര്‍ത്തിയ വ്യാപാരികള്‍ അന്നന്നത്തെ വില്‍പനയ്ക്കുള്ള ചരക്ക് മാത്രം ശേഖരിക്കാന്‍ തുടങ്ങി. ഇത് കര്‍ഷകര്‍ക്ക് വരുത്തിയിരിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.

ഉല്‍പന്നങ്ങളുടെ വിലയടിവിനു പുറമെ സംഭരണസംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത കര്‍ഷകരുടെ വിളകള്‍ നശിക്കുകയും ചെയ്യുന്നു.തൊഴിലാളികള്‍ക്ക് കൂലി നല്‍കാനും വിത്തും വളവും ഇന്ധനവും വാങ്ങാനും കര്‍ഷകരുടെ കയ്യില്‍ പണം വേണം. എടിഎം കാര്‍ഡും ചെക്കും ഉപയോഗിച്ച് ഇത്തരം കാര്യങ്ങള്‍ ഫലപ്രദമായി നടത്താന്‍ കഴിയില്ല. വിദൂരഗ്രാമങ്ങളില്‍ ചെക്ക് മാറിയെടുക്കാന്‍ കാലതാമസം നേരിടും. എടിഎം വഴിയോ ഡിജിറ്റല്‍ ഇടപാടുകള്‍ വഴിയോ കൂലി നല്‍കാന്‍ കഴിയില്ല.
 ഗ്രാമീണമേഖലയില്‍ ചെറിയ തുകയുടെ ഇടപാടുകളാണ് കൂടുതലും നടക്കുന്നത്. ഇതിനായി ബാങ്ക് ഇടപാടുകളെ ആശ്രയിക്കാന്‍ കഴിയില്ല.

ദിവസചന്തകളില്‍ ഉല്‍പന്നങ്ങള്‍ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് വീട്ടിലേക്ക് ആവശ്യമായ സാമഗ്രികള്‍ വാങ്ങിമടങ്ങുന്ന ചെറുകിട കര്‍ഷകര്‍ക്ക് ഡിജിറ്റല്‍ പണമിടപാട് കഠിനമായ പരീക്ഷണമാണ്. മാത്രമല്ല, ഉത്തരരേന്ത്യയിലെ ഗ്രാമീണമേഖലയില്‍ ബാങ്കിങ് രംഗത്തെ അടിസ്ഥാനസൌകര്യങ്ങള്‍ ഇപ്പോഴും ദുര്‍ബലമാണ്. ജന്‍ധന്‍ അക്കൌണ്ടുകള്‍ മാത്രമാണ് ഭൂരിപക്ഷം കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കുമുള്ളത്. ഈ അക്കൌണ്ടുകള്‍ കര്‍ഷകരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായകരമല്ല. നോട്ടുനിരോധനത്തിന്റെ ആദ്യകാലങ്ങളില്‍ വ്യാപാരികള്‍ കര്‍ഷകര്‍ക്ക് ചെക്ക് നല്‍കി ഇടപാടുകള്‍ നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചെക്ക് മാറാന്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും എടുക്കും. മാത്രമല്ല, ബാങ്കില്‍ ചെക്ക് നിക്ഷേപിക്കാനും മറ്റും അടിക്കടി പോകുന്നത് ഗ്രാമീണര്‍ക്ക് അങ്ങേയറ്റം സമയനഷ്ടം വരുത്തുന്ന കാര്യമാണ്. 

വൈദ്യുതിബന്ധം പോലുമില്ലാത്ത വീടുകളില്‍ കഴിയുന്ന ഗ്രാമീണകര്‍ഷകര്‍ക്ക്  ഡിജിറ്റല്‍ ഇടപാടുകള്‍ മിക്കവാറും അസാധ്യമാണ്. സാക്ഷരതയില്‍ പോലും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള പ്രായോഗിക വൈദഗ്ധ്യം ആര്‍ജ്ജിക്കാനും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കഴിയില്ല.
ഇത്തരത്തില്‍ ബഹുമുഖ പ്രശ്നങ്ങളാണ് ഗ്രാമീണഇന്ത്യയില്‍ നിലനില്‍ക്കുന്നത്. കര്‍ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ വിലയാണ് എല്ലാ വിളകള്‍ക്കും ലഭിക്കുന്നത്. എന്നാല്‍ വിപണിയില്‍ ഈ വിലയിടിവ് പ്രതിഫലിക്കുന്നില്ല. കര്‍ഷകരും ഉപഭോക്താക്കളുംഒരുപോലെ ചൂഷണം ചെയ്യപ്പെടുന്നു.

Related News

കൂടുതൽ വാർത്തകൾ »