11 December Tuesday

ശ്വാസംമുട്ടി ഡല്‍ഹി

വെബ് ഡെസ്‌ക്‌Updated: Thursday Nov 9, 2017

ന്യൂഡല്‍ഹി > വായുമലിനീകരണം അതീവഗുരുതരാവസ്ഥയില്‍ തുടരുന്ന ഡല്‍ഹിയില്‍ മൂന്നുദിവസംകൂടി സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പുകമഞ്ഞ് കാരണം ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ട് നിരവധിപേര്‍ ചികിത്സതേടി. സ്ഥിതി ഗുരുതരമാണെന്നും ശ്വാസകോശസംബന്ധവും ഹൃദയസംബന്ധവുമായ രോഗികള്‍ സൂക്ഷിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷ മലിനീകരണതോത് വ്യക്തമാക്കുന്ന വായു നിലവാരസൂചിക ബുധനാഴ്ച 484ല്‍ എത്തി. 50നുതാഴെയാണ് മികച്ച നിലവാരം.

മലിനീകരണം രൂക്ഷമായിട്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയാന്‍ നടപടിയെടുക്കാത്ത ഡല്‍ഹി സര്‍ക്കാരിനെയും മലിനീകരണ നിയന്ത്രണബോര്‍ഡിനെയും ദേശീയ ഹരിത ട്രിബ്യൂണല്‍ രൂക്ഷമായി വിമര്‍ശിച്ചു. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങള്‍ കത്തിക്കുന്നത് തടയാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് യുപി, ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ വിശദീകരിക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടു.

 സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് ഡല്‍ഹി മെട്രോ അധിക സര്‍വീസ് നടത്തുന്നു. സ്വകാര്യവാഹനങ്ങളെ നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ പാര്‍ക്കിങ് ഫീസ് നാലുമടങ്ങ് വര്‍ധിപ്പിച്ചു. പുകമഞ്ഞില്‍ കാഴ്ച മറഞ്ഞതോടെ വിമാന- ട്രെയിന്‍ സര്‍വീസുകള്‍ വൈകി. ബുധനാഴ്ച രാവിലെ ആഗ്ര- നോയിഡ എക്സ്പ്രസ്വേയിലുണ്ടായ അപകടത്തില്‍ 13 വാഹനം കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു.
 

പ്രധാന വാർത്തകൾ
Top