24 September Monday

എൽജിബിടി അവകാശങ്ങൾ കേന്ദ്രനിലപാട‌് നിരാശാജനകം: ജസ്റ്റിസ‌് ചന്ദ്രചൂഡ‌്

സ്വന്തം ലേഖകൻUpdated: Sunday Sep 9, 2018

ന്യൂഡൽഹി
സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാതെ കോടതിയുടെ വിവേകത്തിന് വിട്ടുനൽകുന്ന കേന്ദ്രനിലപാട് നിരാശജനകമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ‌്. സ്വവർഗ ലൈംഗികത കുറ്റകരമാക്കുന്ന 377 വകുപ്പുമായി ബന്ധപ്പെട്ട കേസിൽ അഭിപ്രായമില്ലെന്നറിയിച്ച കേന്ദ്രസർക്കാർ നിലപാടിനെയാണ് ജസ‌്റ്റിസ‌് ചന്ദ്രചൂഡ‌് വിമർശിച്ചത്. ഇത്തരം സമീപനം നിരാശാജനകമാണെന്നും എന്തുകൊണ്ടാണ് രാഷ്ട്രീയക്കാർ ചില സമയങ്ങളിൽ അധികാരം ജഡ്ജിമാർക്ക് കൈമാറുന്നതെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ ദേശീയ നിയമ സർവകലാശാല സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
377‐ാം വകുപ്പിന്റെ സാധുത ചോദ്യംചെയ്തുള്ള കേസിൽ തങ്ങൾക്ക് അഭിപ്രായമില്ലെന്നും കോടതിയുടെ തീരുമാനത്തിന് വിടുകയാണെന്നുമായിരുന്നു കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലം. തീരുമാനമെടുക്കാതെ കൈയൊഴിയുന്നതാണ‌് എല്ലാ ദിവസവും സുപ്രീംകോടതിയിൽ തങ്ങൾ കാണുന്നത്. ദയാവധം, രാജ്യതലസ്ഥാനത്തെ അധികാരത്തർക്കം തുടങ്ങിയവയിലും ഇതാണ് കേന്ദ്രസമീപനം. കോടതിയുടെ വിവേകത്തിന് വിടുമ്പോൾ അതിനോട് പ്രതികരിക്കുകയെന്നത‌് ഒഴിവാക്കാനാകാത്തതിനാലാണ‌് അടുത്ത ദിവസം വിധിയിലൂടെ താൻ പ്രതികരിച്ചത്. കോളനി വാഴ്ചക്കാലത്ത് ഉണ്ടാക്കിയ നിയമങ്ങളും യഥാർഥ ഭരണഘടനാമൂല്യങ്ങളെ പ്രതിനിധാനംചെയ്യേണ്ട നിയമങ്ങളുംതമ്മിലുള്ള യുദ്ധമായിരുന്നു കഴിഞ്ഞ ദിവസത്തെ വിധി. പരസ്പരസമ്മതത്തോടെയുള്ള സ്വവർഗരതി കുറ്റകരമല്ലെന്ന ചരിത്രവിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗമാണ് ജസ്റ്റിസ് ചന്ദ്രചൂഡ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top