14 November Wednesday

വിവാഹബന്ധം പവിത്രത സ‌്‌‌ത്രീകളുടെമാത്രം കടമയോ: സുപ്രീംകോടതി

സ്വന്തം ലേഖകന്‍Updated: Thursday Aug 9, 2018

ന്യൂഡൽഹി > വിവാഹബന്ധത്തിന്റെ പവിത്രത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സ്‌ത്രീകളുടെ മാത്രം കടമയാണോയെന്ന് സുപ്രീംകോടതി. ഭാര്യയിൽനിന്ന‌് വിശ്വാസം ആവശ്യപ്പെടുന്നവർ അതേ അളവിലുള്ള വിശ്വാസ്യത ഭർത്താവിന്റെ അടുത്തു നിന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. വിവാഹേതരബന്ധത്തിൽ പുരുഷന്മാരെ ശിക്ഷിക്കുന്ന ഐപിസി 497‐ാം വകുപ്പിന്റെ നിയമസാധുത ചോദ്യംചെയ്യുന്ന ഹർജി പരിഗണിക്കുന്ന ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് നിരീക്ഷണം. വിവാഹം പവിത്രമായ സമ്പ്രദായമാണെന്നും അതിലേക്കുള്ള കടന്നുകയറ്റങ്ങൾ നിയമപരമായി ശിക്ഷിക്കണമെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിനെ കോടതി ചോദ്യംചെയ്തു.

ഭർത്താവിന്റെ സമ്മതമുണ്ടെങ്കിൽ വിവാഹേതരബന്ധം കുറ്റകരമല്ലാതാകുന്ന സാഹചര്യത്തിൽ 497‐ാം വകുപ്പ് കൊണ്ട് എന്ത് ഉപയോഗമാണുള്ളതെന്ന് ബെഞ്ചിൽ അംഗമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചു. ഇത്തരം നിയമങ്ങളിൽ സമൂഹത്തിന്റെ ‘പൊതുനന്മ’ എന്ന സങ്കൽപ്പമുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ജസ്റ്റിസ് ആർ എഫ് നരിമാൻ നിരീക്ഷിച്ചു. വിവാഹബന്ധമെന്നാൽ ഭർത്താവും ഭാര്യയും കുട്ടികളും സമൂഹവും ചേർന്നതാണെന്നും അവരുടെ സംരക്ഷണത്തിനു വേണ്ടിയാണ് നിയമമെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് വാദിച്ചു.
ഐപിസി 497‐ാം വകുപ്പ് തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും പുരുഷന്മാരെ മാത്രം ശിക്ഷിക്കുന്ന നിയമം ഏകപക്ഷീയമാണെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. വാദം കേൾക്കൽ പൂർത്തിയായതിനെ തുടർന്ന് ഭരണഘടനാ ബെഞ്ച് കേസ് വിധി പറയാൻ മാറ്റി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top