24 September Monday

ത്രിപുരയിൽ വീണ്ടും ബിജെപി അക്രമം, കൊള്ള

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018



ന്യൂഡൽഹി > ത്രിപുരയിൽ ബിജെപി അക്രമവും കൊള്ളയും തുടരുന്നു. വ്യാഴാഴ്ച നൂറുകണക്കിനു സിപിഐ എം പ്രവർത്തകരുടെ കൃഷിയിടങ്ങൾ കൊള്ളയടിച്ചു. റബർമരങ്ങൾ വെട്ടിവീഴ്ത്തിയ അക്രമികൾ കാർഷികോപകരണങ്ങളും നശിപ്പിച്ചു. മീൻ വളർത്തിയിരുന്ന കുളങ്ങൾ കൈയേറി. വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിച്ചശേഷം തീയിട്ടു. ചില സ്ഥലങ്ങളിൽ ഇടതുമുന്നണി പ്രവർത്തകരുടെ ഭൂമി പിടിച്ചെടുത്തു. സംസ്ഥാനത്തെ ലക്ഷത്തോളം വിദ്യാർഥികൾ പൊതുപരീക്ഷ എഴുതാനിരിക്കെയാണ് വീടുകൾക്കുനേരെ ബിജെപി ആക്രമണം വ്യാപിപ്പിച്ചത്. വിദ്യാർഥികളുടെ പുസ്തകങ്ങളും ഹാൾടിക്കറ്റുകളും കത്തിച്ചു.

സംസ്ഥാനത്ത് 603 പ്രവർത്തകർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ബിജൻ ധർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1705 വീടിനുനേരെ ആക്രമണമുണ്ടായി. 199 വീട് കത്തിച്ചു. 280 കട കൊള്ളയടിക്കുകയും തീവച്ചുനശിപ്പിക്കുകയുംചെയ്തു. 10 റബർതോട്ടം നശിപ്പിച്ചു. 230 പേരിൽനിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. 343 പാർടി ഓഫീസ് കൊള്ളയടിച്ചു. 213 പാർടി ഓഫീസ് കൈയേറി. 75 ഓഫീസിന് തീയിട്ടു. വർഗബഹുജന സംഘടനകളുടെ 150ൽപരം ഓഫീസുകൾ ആക്രമിക്കപ്പെട്ടു.

അഖിലേന്ത്യ കിസാൻസഭയും അഖിലേന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷനും ആക്രമണങ്ങളെ അപലപിച്ചു. മോട്ടോർത്തൊഴിലാളി യൂണിയന്റെ ഓഫീസുകൾക്കുനേരെ ആർഎസ്എസ്‐ബിജെപിക്കാർ വ്യാപകമായി ആക്രമണം നടത്തുകയാണെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ കെ ദിവാകരൻ പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top