15 November Thursday

രാജ്യത്ത് ‘വലത്തും ഇടത്തും മധ്യത്തിലും' ബലാത്സംഗം, കുറ്റകൃത്യത്തിൽ സർക്കാരിനും പങ്കുണ്ടെന്ന് പറയേണ്ടിവരും; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

എം അഖിൽUpdated: Wednesday Aug 8, 2018

ന്യൂഡൽഹി > രാജ്യത്ത് ‘വലത്തും ഇടത്തും മധ്യത്തിലും' ബലാത്സംഗങ്ങൾ നടക്കുകയാണെന്ന് സുപ്രീംകോടതി. ഒാരോ ആറുമണിക്കൂറിലും ഒരാളെങ്കിലും ബലാത്സംഗത്തിന് ഇരയാകുന്നുവെന്നും ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ബിഹാറിലെ ബാലമന്ദിരങ്ങളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരകളായ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസുകളിലെ വാദംകേൾക്കലിനിടെയാണ് ജസ്റ്റിസ് മദൻ ബി ലോക്കുർ അധ്യക്ഷനായ ബെഞ്ച് ആഞ്ഞടിച്ചത്.

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ കണക്കുപ്രകാരം 2016ൽമാത്രം 38,947 ബലാത്സംഗ കേസാണ് റിപ്പോർട്ട് ചെയ്തത്. ഒാരോ ആറുമണിക്കൂറിലും ആരെങ്കിലും ബലാത്സംഗത്തിന് ഇരയാകുന്നു. ഈ സാഹചര്യത്തിനെതിരെ  ഉണർന്ന് പ്രവർത്തിച്ചേ മതിയാകൂവെന്നും ജസ്റ്റിസുമാരായ ദീപക‌് ഗുപ‌്ത, കെ എം ജോസഫ് എന്നിവർ അംഗങ്ങളായ ബെഞ്ച് ആവശ്യപ്പെട്ടു. ബിഹാറിലെ ബാലമന്ദിരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ കടുത്ത ലൈംഗികാതിക്രമത്തിന് ഇരകളാക്കപ്പെട്ട സംഭവത്തിനുപിന്നിൽ ബിഹാർ സർക്കാരിന് കടുത്ത വീഴ‌്ചയുണ്ടായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ബാലമന്ദിരങ്ങൾ നടത്തിയിരുന്ന സേവാസങ്കൽപ്പ്, വികാസ്‌സമിതി തുടങ്ങിയ സർക്കാരിതര സംഘടനകളുടെ പശ്ചാത്തലമോ പ്രവർത്തന റെക്കോഡോ ആരും പരിശോധിച്ചില്ലെന്നത് അവിശ്വസനീയമാണ്. കുറ്റകൃത്യത്തിൽ സർക്കാരിനും പങ്കാളിത്തമുണ്ടെന്ന് പറയേണ്ടിവരും. എല്ലാ തെറ്റായ കാര്യങ്ങൾക്കും സർക്കാരിന്റെ പിന്തുണയുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. സംഭവത്തിന്റെ ഉത്തരവാദിത്തം സർക്കാർ 

ഏറ്റെടുക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ബിഹാറിലെ മുസർപുരിലെ ബാലികാമന്ദിരത്തിൽമാത്രം 42 പെൺകുട്ടികൾ ക്രൂരമായ പീഡനത്തിന് ഇരയായതായാണ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിഐഎസ്എസ്) അന്വേഷണത്തിൽ വ്യക്തമായത്. കടുത്ത മർദനമുറകൾക്കുശേഷം ലഹരിമരുന്ന് നൽകി ബോധം നശിപ്പിച്ചാണ് കുട്ടികളെ പീഡിപ്പിച്ചതെന്ന് കേസിൽ അമിക്കസ്‌ക്യൂറിയായ അപർണ ഭട്ടും വനിതാസംഘടനകൾക്കുവേണ്ടി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവറും കോടതിയെ അറിയിച്ചു.

പീഡനത്തെ ചെറുത്ത ഒരു കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി മറ്റു കുട്ടികൾ മൊഴിനൽകിയിട്ടുണ്ട്. വിവിധ സർക്കാരിതര സംഘടനകൾ നടത്തുന്ന ബാലമന്ദിരങ്ങളിൽ പരിശോധന നടത്താറില്ലെന്നും അഭിഭാഷകർ പരാതിപ്പെട്ടു. കേസുമായി ബന്ധപ്പെട്ട സർക്കാരിതര സംഘടനകൾക്കെതിരെ നിയമനടപടി തുടങ്ങിയോയെന്ന് കോടതി ബിഹാർ സർക്കാരിനോട് ചോദിച്ചു. സർക്കാരിതര സന്നദ്ധ സംഘടന നടത്തിയിരുന്ന ബ്രജേഷ‌് താക്കൂറിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസ് സിബിഐക്ക‌് കൈമാറിയിട്ടുണ്ടെന്നും സർക്കാർ പ്രതികരിച്ചു. ലൈംഗികാതിക്രമങ്ങൾക്ക് ഇരകളായവരെ മാധ്യമങ്ങൾ അഭിമുഖം നടത്തുന്നതിൽ കോടതി നേരത്തെ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇരകളായവരെ വീണ്ടും പീഡിപ്പിക്കരുതെന്നായിരുന്നു കോടതിയുടെ വിമർശം. ബിഹാറിലെ ബാലമന്ദിരങ്ങളിലെ കുട്ടികളുടെ ദുരവസ്ഥ ചൂണ്ടിക്കാണിച്ച് പട്‌ന സ്വദേശി അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ രണ്ട് കേസാണ് എടുത്തിട്ടുള്ളത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top