17 December Monday

അലോക‌് വർമയെ തിടുക്കത്തിൽ മാറ്റിയതെന്തിന്?: സിബിഐ കേസിൽ സുപ്രീംകോടതി

എം അഖിൽUpdated: Friday Dec 7, 2018

ന്യൂഡൽഹി
സിബിഐ ഡയറക്ടർ അലോക‌്‌ വർമയെ ചട്ടംമറികടന്ന‌് നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച കേന്ദ്രസർക്കാർ നടപടി രൂക്ഷമായി വിമർശിച്ച‌് സുപ്രീംകോടതി. അലോക‌് വർമയെ അവധിയിൽ പ്രവേശിപ്പിക്കുന്നതിന‌് മുമ്പ‌് സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാൻ അധികാരമുള്ള സെലക്ഷൻ കമ്മിറ്റിയുടെ അനുമതി തേടേണ്ടത‌് അനിവാര്യമായിരുന്നു.
സെലക്ഷൻ കമ്മിറ്റിയുമായി കൂടിയാലോചിക്കാൻ കേന്ദ്രസർക്കാരിന‌് എന്തായിരുന്നു ബുദ്ധിമുട്ട‌് ?–- ചീഫ‌് ജസ‌്റ്റി‌സ‌് രഞ‌്ജൻ ഗൊഗൊയ‌് അധ്യക്ഷനായ ബെഞ്ച‌്  വിമർശിച്ചു.
അലോക‌് വർമയെ തിടുക്കത്തിൽ മാറ്റേണ്ട സാഹചര്യം എന്തായിരുന്നുവെന്ന‌് കേന്ദ്ര വിജിലൻസ‌് കമീഷന‌് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ‌്ത്തയോടും ചോദിച്ചു. സിബിഐയിലെ ഉന്നതർ തമ്മിലടി തുടങ്ങിയിട്ട‌് മാസങ്ങളായി. ജൂലൈ മുതൽ അതിന‌് സർക്കാർ സാക്ഷിയായിരുന്നു. അന്ന‌്  ഇടപെടാമായിരുന്നു. അത‌് ചെയ്യാതെ, അർദ്ധരാത്രി ഡയറക്ടറെ മാറ്റേണ്ട സാഹചര്യം എന്തായിരുന്നു? സർക്കാർ നടപടി സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാൻ വേണ്ടിയായിരിക്കണമെന്ന‌് ജസ‌്റ്റിസുമാരായ സഞ‌്ജയ‌് കിഷൻ കൗൾ, കെ എം ജോസഫ‌് എന്നിവർ അംഗങ്ങളായ ബെഞ്ച‌്  ഓർമിപ്പിച്ചു.
തന്നെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച‌് താൽക്കാലിക ഡയറക്ടറെ നിയമിച്ച ഉത്തരവിന‌് എതിരെ അലോക‌് വർമയും സർക്കാരേതര സംഘടനയായ കോമൺകോസും സമർപ്പിച്ച ഹർജികളിൽ വാദംകേൾക്കൽ പൂർത്തിയാക്കി വിധി പറയാൻ മാറ്റി.
ഡയറക്ടർക്ക‌് രണ്ട‌് വർഷത്തെ സേവനകാലയളവ‌് ഉണ്ടെന്നാണ‌് അലോക‌്‌വർമ്മയുടെ പ്രധാനവാദം. അതിനു മുമ്പ‌് നീക്കണമെങ്കിൽ പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ‌് ജസ‌്റ്റിസ‌്, ലോക‌്സഭ പ്രതിപക്ഷ നേതാവ‌് എന്നിവർ അംഗങ്ങളായ സെലക്ഷൻകമ്മിറ്റിയുടെ അനുമതി തേടണം.  
രണ്ട‌് വർഷത്തെ കാലയളവ‌് നിർബന്ധമായും നൽകേണ്ടതാണെന്ന‌് ചീഫ‌് ജസ‌്റ്റിസും അഭിപ്രായപ്പെട്ടു.
അതേസമയം, അലോക‌്‌ വർമ തന്നെയാണ‌് ഇപ്പോഴും ഡയറക്ടറെന്ന വാദം കേന്ദ്രസർക്കാർ ആവർത്തിച്ചു.  ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ‌് അദ്ദേഹത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചത‌്. അന്വേഷണം പൂർത്തിയാകുന്നത‌് വരെ താൽക്കാലിക നടപടിയാണ‌്  നിർബന്ധിത അവധിയെന്നും സർക്കാർ അവകാശപ്പെട്ടു.
സ്ഥലംമാറ്റണമെങ്കിൽ പോലും സെലക്ഷൻകമ്മിറ്റിയുടെ അനുമതി വേണമെന്നാണ‌് ചട്ടമെന്ന‌് അലോക‌്‌ വർമയ‌്ക്ക‌് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഫാലി എസ‌് നരിമാൻ ചൂണ്ടിക്കാണിച്ചു. ‘സ്ഥലംമാറ്റം’ എന്നാൽ  മറ്റൊരിടത്തേക്ക‌ുള്ള മാറ്റം മാത്രമല്ല. അധികാരത്തിൽ നിന്നും മാറ്റിനിർത്തുന്ന നടപടി കൂടി ഉൾപ്പെടും.
 സുപ്രീംകോടതി ചീഫ‌് ജസ‌്റ്റിസ‌് പദവിയിൽ ഒരാളുള്ളപ്പോൾ, ആക്ടിങ്ങ‌് ചീഫ‌് ജസ‌്റ്റിസെന്ന നിലയിൽ വേറൊരാളെ നിയമിക്കാൻ സാധിക്കില്ല. സമാനമായ രീതിയിൽ, ആക്ടിങ്ങ‌് സിബിഐ ഡയറക്ടറെ നിയമിക്കാൻ കഴിയില്ലെന്നും ഫാലി നരിമാൻ കൂട്ടിച്ചേർത്തു.  മുതിർന്ന ഉദ്യോഗസ്ഥർ പൂച്ചക്കുട്ടികളെ പോലെ കടിപിടികൂടിയ സാഹചര്യത്തിലാണ‌്  ഇടപെട്ടതെന്ന‌് കേന്ദ്രം അവകാശപ്പെട്ടിരുന്നു.
കേന്ദ്രസർക്കാരിന‌് വേണ്ടി അറ്റോണി ജനറൽ കെ കെ വേണുഗോപാൽ, കോമൺകോസിനായി ദുഷ്യന്ത‌് ദവേ,  രാകേഷ‌് അസ‌്താനക്കായി മുകുൾ റോഹ‌്തഗി, ലോക‌്സഭയിലെ വലിയ കക്ഷിയുടെ പ്രതിപക്ഷനേതാവ‌് മല്ലികാർജുൻ ഖർഗെ തുടങ്ങിയവരുടെ വാദങ്ങളും കേട്ടു. ഒക്ടോബർ 23ന‌് അർധരാത്രിയാണ‌് അലോക‌് വർമയെ അവധിയിൽ പ്രവേശിപ്പിച്ച‌് താൽക്കാലിക ഡയറക്ടറെ നിയമിച്ച‌ത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top