19 November Monday

ജസ്റ്റിസ് ജോസഫിന്റെ സീനിയോറിറ്റി കവരല്‍: പ്രതിഷേധവുമായി മുതിര്‍ന്ന ജഡ്ജിമാര്‍

സ്വന്തം ലേഖകൻUpdated: Tuesday Aug 7, 2018

ന്യൂഡൽഹി > ജസ്റ്റിസ് കെ എം ജോസഫിന്റെ സീനിയോറിറ്റി നഷ്ടപ്പെടുത്താനുള്ള നീക്കത്തിൽ കേന്ദ്രസർക്കാരും ജുഡീഷ്യറിയും തമ്മിലുള്ള തർക്കം മുറുകി. കേന്ദ്രത്തിന്റെ അനാവശ്യ ഇടപെടലിൽ പ്രതിഷേധവുമായി സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരായ മദൻ ബി ലോകൂറും കുര്യൻ ജോസഫും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കണ്ടു. സുപ്രീംകോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജിയായ രഞ്ജൻ ​ഗൊ​ഗോയിയുടെയും അറ്റോർണി ജനറലിന്റെയും അഭിപ്രായം  തേടിയശേഷം വിഷയത്തിൽ ഉചിത ഇടപെടൽ നടത്താമെന്ന് ചീഫ്ജസ്റ്റിസ് ഇവരെ അറിയിച്ചെന്നാണ് സൂചന.

അതേസമയം  ചൊവ്വാഴ്ച രാവിലെ നടക്കുന്ന സത്യപ്രതി‍ജ്ഞാചടങ്ങിലെ മുൻ​ഗണനാക്രമം മാറ്റുന്നതുസംബന്ധിച്ച് തീരുമാനമായില്ല. മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഇന്ദിരാ ബാനർജി, ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത്ശരൺ എന്നിവർക്കുപിന്നാലെ മൂന്നാമനായി ജസ്റ്റിസ് കെ എം ജോസഫ് ചുമതലയേൽക്കാനാണ് സാധ്യത.

എന്നാൽ,  ജസ്റ്റിസ് ജോസഫിനെ മൂന്നാമനാക്കിയത് അദ്ദേഹം പട്ടികയിലെ മറ്റുള്ളവരെ അപേക്ഷിച്ച് ജൂനിയറായതുകൊണ്ടാണെന്ന നിലപാടിലാണ് കേന്ദ്രം. ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെട്ട തീയതിയുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ജോസഫ് മറ്റ് രണ്ട് ജഡ്ജിമാരേക്കാൾ ജൂനിയറാണെന്ന് നിയമ മന്ത്രാലയം വൃത്തങ്ങൾ അവകാശപ്പെട്ടു. എന്നാൽ, ഇപ്പോൾ ചുമതലയേൽക്കുന്നവരിൽ ആദ്യം കൊളീജിയം ശുപാർശചെയ്തത് ജസ്റ്റിസ് കെ എം ജോസഫിനെയാണ്. ജനുവരിയിൽ  കൊളീജിയം അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്തെങ്കിലും കേന്ദ്രസർക്കാരിന്റെ പ്രതികാരമനോഭാവം കാരണം  നിയമനം കഴിഞ്ഞ ആഴ്ച മാത്രമാണ് അംഗീകരിക്കപ്പെട്ടത്. എന്നാൽ, ജൂലൈ 16ന് ജസ്റ്റിസ് ജോസഫിനെ വീണ്ടും ശുപാർശ ചെയ്യുന്നതിനൊപ്പമാണ് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, വിനീത്ശരൺ എന്നിവരുടെ പേരുകൾ ശുപാർശ ചെയ്യുന്നത്.

ജസ്റ്റിസ് ജോസഫിന്റെ സീനിയോറിറ്റിയുടെ കാര്യത്തിൽ ചീഫ്ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം ഇടപെടണമെന്ന ആവശ്യവും ശക്തമായി. ജഡ്ജിനിയമനം സംബന്ധിച്ച മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യറിന്റെ കാര്യത്തിൽ തീർപ്പാകാത്തതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണമെന്നും  അഭിപ്രായമുയരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top