Top
18
Monday, December 2017
About UsE-Paper

അയോധ്യഭൂമി കേസ്; ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം വാദമെന്ന ആവശ്യം നിരാകരിച്ചു

Wednesday Dec 6, 2017
എം പ്രശാന്ത്

ന്യൂഡല്‍ഹി > അയോധ്യ കേസില്‍ വാദം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മതിയെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. അന്തിമവാദത്തിനായി അടുത്ത ഫെബ്രുവരി എട്ടിലേക്ക് കേസ് മാറ്റി. സുന്നി വഖഫ് ബോര്‍ഡിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കേസ് ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം പരിഗണിച്ചാല്‍ മതിയെന്ന ആവശ്യം മുന്നോട്ടുവച്ചത്. എന്നാല്‍, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരുള്‍പ്പെടുന്ന മൂന്നംഗ ബെഞ്ച് ഇത് നിരാകരിച്ചു.

2019 മെയോടെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയായശേഷം ജൂലൈയില്‍ കേസ് പരിഗണിച്ചാല്‍മതിയെന്ന ആവശ്യമാണ് കപില്‍ സിബല്‍ മുന്നോട്ടുവച്ചത്. അതല്ലെങ്കില്‍ ഓരോ തവണയും കേസ് പരിഗണിക്കുമ്പോള്‍ കോടതിക്കു പുറത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിക്കാമെന്ന് സിബല്‍ ചൂണ്ടിക്കാട്ടി. കേസ് ഏഴംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന സിബലിന്റെ ആവശ്യവും കോടതി നിരാകരിച്ചു.

കേസിന്റെ അടിയന്തര സ്വഭാവം ബോധ്യപ്പെടുത്താതെ വാദംകേള്‍ക്കലുമായി മുന്നോട്ടുപോകാനാണ് കോടതി താല്‍പ്പര്യപ്പെടുന്നതെന്ന് സിബലിനു പുറമെ മുതിര്‍ന്ന അഭിഭാഷകരായ രാജീവ് ധവാനും ദുഷ്യന്ത് ദവെയും ചൂണ്ടിക്കാട്ടി. കോടതിയില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിവരുമെന്നുപോലും അഭിഭാഷകര്‍ ഒരു ഘട്ടത്തില്‍ പറഞ്ഞു.

ഏഖതാ പാര്‍ടി മാനിഫെസ്റ്റോയില്‍ പറഞ്ഞ കാര്യം നിറവേറ്റുന്നതിനായി കേസില്‍ കക്ഷിപോലുമല്ലാത്ത ഒരാളുടെ അപേക്ഷയിലാണ് കോടതി തിടുക്കത്തില്‍ നീങ്ങുന്നതെന്ന് സിബല്‍ പറഞ്ഞു.  ഇതൊരു കെണിയാണെന്നും കോടതി അതില്‍ വീഴരുതെന്നും സിബല്‍ വാദിച്ചു. കേസ് രേഖകള്‍ ഏകദേശം 19000 പേജുണ്ടെന്നും തനിക്കുതന്നെ നാലുമാസം വാദത്തിനുവേണ്ടി വരുമെന്നും അടുത്ത ഒക്ടോബറിനുമുമ്പായി വാദംകേള്‍ക്കല്‍ അവസാനിക്കില്ലെന്നും ധവാന്‍ പറഞ്ഞു.  ഒക്ടോബറിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുക. ഇത്തരമൊരു പരാമര്‍ശം നടത്തിയതില്‍ ധവാന്‍ പിന്നീട് ഖേദപ്രകടനം നടത്തി.

ബാബ്റി ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലിയുള്ള കേസിന്റെ തീര്‍പ്പ് തീര്‍ച്ചയായും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് രാമജന്മഭൂമി ട്രസ്റ്റിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു.  ഇത്തരത്തില്‍ പ്രത്യാഘാതങ്ങളുണ്ടാകാവുന്ന നിരവധി കേസുണ്ട്. അതിന്റെ അര്‍ഥം കോടതി കേസ് കേള്‍ക്കേണ്ടന്നല്ല. 2019 ജൂലൈയില്‍ കേട്ടാല്‍മതിയെന്ന വാദത്തില്‍നിന്നുതന്നെ ഉടന്‍ വാദം തുടങ്ങേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടും- സാല്‍വെ പറഞ്ഞു. അതിനിടെ തര്‍ക്കസ്ഥലത്ത് നിന്ന് ന്യായമായ ദൂരത്തില്‍ മുസ്ളീങ്ങള്‍ കൂടുതലായി കഴിയുന്ന സ്ഥലത്ത് പള്ളി പണിയാമെന്ന നിര്‍ദേശവുമായി യുപിയിലെ ഷിയാ കേന്ദ്ര വഖഫ് ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചു.

എന്നാല്‍ പള്ളി സുന്നികളുടേതാണെന്ന് 1946 ല്‍ തന്നെ നിയമപരമായ തീര്‍പ്പുവന്നതാണെന്ന് ചൂണ്ടിക്കാട്ടി ഷിയാ ബോര്‍ഡിന്റെ നീക്കത്തെ സുന്നി വഖഫ് ബോര്‍ഡ് എതിര്‍ത്തു.