25 September Tuesday

‘കൂലി കൂട്ടിച്ചോദിച്ചാൽ ഇല്ല, ജോലിയും പോകും’

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

ന്യൂഡൽഹി > ഒരുദിവസം  മുഴുവൻ പാടുപെട്ടാൽ കിട്ടുന്നത‌് വെറും 100 രൂപ. കൂലി കൂട്ടിച്ചോദിച്ചാൽ ഇല്ല, ജോലിയും പോകും. ആഴ‌്ചയിൽ എല്ലാ ദിവസവും തൊഴിലെന്നത‌് സ്വപ‌്നംമാത്രം. ബിഹാറിൽനിന്ന‌് കിസാൻ‐മസ‌്ദൂർ സംഘർഷ‌് റാലിക്കെത്തിയ ബിഹാറിലെ ഗയയിലെ  ഭൂമന്ദിയ ദേവി അടക്കമുള്ള കർഷകത്തൊഴിലാളികൾ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ പാടുപെടുകയാണ‌്. സ്ഥിരമായി തൊഴിൽ ഉറപ്പാക്കാനെങ്കിലും സർക്കാർ തയ്യാറാകണമെന്നാണ് കഫീൽ  മാഞ്ചി ആവശ്യപ്പെടുന്നത്. പെൻഷനുകളും സാമൂഹ്യക്ഷേമ പദ്ധതികളും അർഹരുടെ കൈയിലെത്തുന്നില്ല.

മോഡി സർക്കാരും നിതീഷ് കുമാർ സർക്കാരും വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ല. കക്കൂസുകൾ നിർമിച്ചു നൽകാനുള്ള പദ്ധതിപോലും എങ്ങുമെത്തിയില്ലെന്ന് സർസ ജില്ലയിലെ സീതാദേവി പറഞ്ഞു. കക്കൂസുകൾ നിർമിക്കാനുള്ള തുക വിവിധ സന്നദ്ധ സംഘടനകൾ കൈവശമാക്കുകയായിരുന്നു. സ്വച്ഛ് ഭാരത് പദ്ധതിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതികളിൽ ഒന്ന്.

കോസി നദി കരകവിഞ്ഞൊഴുകിയതോടെ ബെൽവാര സ്വദേശിയായ മാതു റാമിന്റെ ഭൂമിയുടെ വലിയഭാഗം വെള്ളമെടുത്തുപോയി. മാറു റാമും ഒപ്പമെത്തിയവരും ഉച്ചഭക്ഷണ പദ്ധതി തൊഴിലാളികളാണ്.

രാവിലെ ഒമ്പതുമുതൽ നാലുവരെ തൊഴിലെടുത്താൽ പ്രതിമാസം 1250 രൂപയാണ് ലഭിക്കുക. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയംമൂലം ദുരിതം വിട്ടുമാറാത്ത സ‌്ത്രീകളടക്കമുള്ള ആയിരക്കണക്കിന‌ു കർഷകരും തൊഴിലാളികളുമാണ‌് ബിഹാറിൽനിന്ന‌് റാലിക്കെത്തിയത‌്.


പ്രധാന വാർത്തകൾ
Top