Top
19
Tuesday, December 2017
About UsE-Paper

മുല്ലപ്പെരിയാറിലെ പാര്‍ക്കിങ് ഗ്രൌണ്ട്: തമിഴ്നാടിനെ പിന്തുണച്ച് കേന്ദ്രം

Tuesday Dec 5, 2017
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി > മുല്ലപ്പെരിയാര്‍ അണക്കെട്ടിനുസമീപത്തായി പാര്‍ക്കിങ് ഗ്രൌണ്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ പദ്ധതിക്കെതിരായി തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ തമിഴ്നാടിന് അനുകൂലമായി നിലപാടെടുത്തു. പരിസ്ഥിതിപ്രാധാന്യമുള്ള മേഖലയില്‍ നിര്‍മാണം നടത്താന്‍ വനനിയമ പ്രകാരമുള്ള അനുമതി ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പാര്‍ക്കിങ് ഗ്രൌണ്ട് നിര്‍മാണത്തിന് നേരത്തെ ഹരിത ട്രിബ്യൂണല്‍ കേരളത്തിന് അനുമതി നല്‍കിയിരുന്നതാണ്. ഇതിനെതിരായാണ് തമിഴ്നാട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് സുപ്രീംകോടതി തേടിയിരുന്നു. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച ഹാജരായ കേന്ദ്ര അഭിഭാഷകന്‍ തമിഴ്നാടിന് അനുകൂലമായി നിലപാട് സ്വീകരിക്കുകയായിരുന്നു.

മുല്ലപ്പെരിയാര്‍ പ്രദേശത്ത് പുതിയതായി സ്ഥിരം സ്വഭാവമുള്ള നിര്‍മാണങ്ങള്‍ വിലക്കിയ കോടതി താല്‍ക്കാലിക നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കി. ക്യാന്റീന്‍, പാര്‍ക്കിങ് ബൂത്ത് തുടങ്ങിയ താല്‍ക്കാലിക നിര്‍മാണങ്ങളാകാം. കേരളം ഇതുവരെയായി നടത്തിയ നിര്‍മാണങ്ങള്‍ അതേപടി തുടരാം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനുസമീപത്തെ പാട്ടഭൂമിയില്‍ പാര്‍ക്കിങ് ഗ്രൌണ്ടിനായി തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. ഇതുവരെ നടത്തിയ നിര്‍മാണങ്ങള്‍ നിലനിര്‍ത്താം. തമിഴ്നാടിന്റെ ഹര്‍ജിയില്‍ കോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും.