19 September Wednesday

ചോക്സിക്ക് ക്ലീന്‍ചിറ്റ്: കേന്ദ്രത്തിന്റെ കുറ്റസമ്മതം

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

ന്യൂഡൽഹി > പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന‌് ശതകോടികൾ തട്ടിച്ചുമുങ്ങിയവരിൽ പ്രധാനിയായ വജ്രവ്യാപാരി മെഹുൽ ചോക്സിക്ക് ആന്റിഗ്വയിൽ പൗരത്വം ലഭിക്കാൻ ക്ലീൻചിറ്റ് നല്കിയെന്ന് വിദേശമന്ത്രാലയം സ്ഥിരീകരിച്ചു. തട്ടിപ്പ് മാധ്യമങ്ങളിൽ എത്തുന്നതിന് തൊട്ടുമുന്നോടിയായിട്ടാണ് ചോക്സിക്ക് വിദേശത്ത് കുടിയേറാൻ കേന്ദ്രം സഹായം ചെയ്തുകൊടുത്തത്.

2018 ഫെബ്രുവരിയിലാണ് ചോക്സിയും നീരവ് മോഡിയും ഉള്‍പ്പെട്ട 13,000 കോടിയുടെ ബാങ്ക് തട്ടിപ്പ് വെളിപ്പെടുന്നത്. 2017 മാർച്ച് 16നാണ് ചോക്സിക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. 2017 നവംബറിൽ ചോക്സിക്ക് ആന്റിഗ്വ പൗരത്വം നൽകി.

വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ 2017ൽതന്നെ പ്രധാനമന്ത്രിയുടെ ഓഫീസിൽ പരാതിയായി ലഭിച്ചിരുന്നു. ഈ പരാതി നിലനിൽക്കെയാണ് ചോക്സിക്ക് വിദേശത്തേക്ക് രക്ഷപ്പെടാൻ കേന്ദ്രം വഴിതുറന്നുകൊടുത്തത്. മുംബൈ റീജ്യണൽ പാസ്പോർട്ട് ഓഫീസിൽനിന്ന‌് നൽകിയ സർട്ടിഫിക്കറ്റിൽ മെഹുൽ ചോക്സിക്കെതിരെ നിലവിൽ പ്രതികൂലമായ റിപ്പോർട്ടുകൾ ഒന്നുമില്ലെന്നാണ് പരാമർശിച്ചിട്ടുള്ളത്. ഈ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോക്സിക്ക് പൗരത്വം അനുവദിച്ചതെന്ന് ആന്റിഗ്വൻ പൗരത്വ പരിശോധനാവിഭാഗം കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടി.

ചോക്സിയുടെ  വിശദാംശങ്ങൾ തേടി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച‌് ബോർഡ് ഓഫ് ഇന്ത്യയെ (സെബി) സമീപിച്ചെങ്കിലും സഹകരിച്ചില്ലെന്നും ആന്റിഗ്വൻ അധികൃതർ വെളിപ്പെടുത്തി. 2014, 2017 വർഷങ്ങളിൽ ചോക്സിക്കെതിരെ രണ്ട് കേസുകളിൽ അന്വേഷണം നടത്തിയിരുന്നെങ്കിലും അതിന്റെ വിവരങ്ങൾ കൈമാറാൻ സെബി അധികൃതർ തയ്യാറായില്ല. ചോക്സിയെ വിട്ടുതരണമെന്ന് കേന്ദ്രസർക്കാർ ഇപ്പോള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ആന്റിഗ്വയുടെ വെളിപ്പെടുത്തൽ.

ഇന്ത്യൻസർക്കാരിന്റെ ക്ലീൻചിറ്റുപ്രകാരം പൗരത്വം അനുവദിച്ച വ്യക്തിയെ നാടുകടത്താൻ നിയമപരമായ പ്രശ്നങ്ങളുണ്ടെന്നാണ് ആന്റിഗ്വയിലെ നിയമവൃത്തങ്ങളുടെ പ്രതികരണം.  അതിനിടെ, ചോക്സിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി 'മെഹുൽ ഭായ്' എന്ന് വിശേഷിപ്പിക്കുന്ന വീഡിയോ കോൺഗ്രസ് പുറത്തുവിട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top