22 September Saturday

ഒന്നിച്ച‌് തെരഞ്ഞെടുപ്പ് ഭരണഘടനാവിരുദ്ധം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018

ന്യൂഡൽഹി > പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒന്നിച്ച‌് തെരഞ്ഞെടുപ്പ് എന്ന പരിഷ്കാരം ഭരണഘടനവിരുദ്ധവും അപ്രായോഗികവുമാണെന്ന് സിപിഐ എം വ്യക്തമാക്കി. ഈ വിഷയത്തിൽ നിയമ കമീഷനു നൽകിയ പ്രതികരണത്തിലാണ് പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട‌് വിശദീകരിച്ചത്. ഭരണഘടന വിഭാവനംചെയ്യുന്ന പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന‌് നിരക്കുന്നതല്ല നിർദിഷ്ട പരിഷ്കാരമെന്ന് സിപിഐ എം ചൂണ്ടിക്കാട്ടി.

സർക്കാരിന‌് നിയമനിർമാണ സഭകളോടാണ് ഉത്തരവാദിത്തമെന്ന ഭരണഘടനാവ്യവസ്ഥയ്ക്ക് കോട്ടംവരുത്തുന്നതാണ് ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്ന സംവിധാനം. അവിശ്വാസപ്രമേയം പാസാവുകയോ പണബിൽ പരാജയപ്പെടുകയോ ചെയ്താൽ സർക്കാർ രാജിവയ്ക്കണം. ബദൽ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഭരണഘടനാ വകുപ്പുകളിൽ ലോക്സഭയുടെയോ നിയമസഭകളുടെയോ കാലാവധി നിജപ്പെടുത്തിയിട്ടില്ല. നേരത്തെ പിരിഞ്ഞിട്ടില്ലെങ്കിൽ പരമാവധി അഞ്ചുവർഷം എന്നേ  വ്യവസ്ഥയുള്ളൂ.

ലോക്സഭയുടെയോ നിയമസഭകളുടെയോ കാലാവധി നീട്ടാനുള്ള ഏതുനീക്കവും ഭരണഘടനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. ഒരേസമയം തെരഞ്ഞെടുപ്പ് എന്ന പരിഷ്കാരം നടപ്പാക്കാൻ ഭരണഘടന ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് പല നിർദേശങ്ങളും വന്നിട്ടുണ്ട്. ലോക്സഭ കാലാവധി തീരുംമുമ്പ് പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായാൽ ശേഷിക്കുന്ന സമയത്ത് ഭരണനിർവഹണത്തിനായി രാഷ്ട്രപതിയെ ചുമതലപ്പെടുത്താൻ വ്യവസ്ഥ ചെയ്യണമെന്നാണ് നിതി ആയോഗിന്റെ നിർദേശം.

പുതിയ ലോക്സഭ നിലവിൽവരുന്നതുവരെ മന്ത്രിസഭയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിഭരണമാണ് നിർദേശിക്കുന്നത്. പിൻവാതിൽവഴി പ്രസിഡൻഷ്യൽ ഭരണം സ്ഥാപിക്കാനുള്ള നീക്കമാണ് തികച്ചും ഹീനമായ ഈ നിർദേശത്തിനു പിന്നിലുള്ളത്.

ഏതെങ്കിലും സഭ കാലാവധി തീരുംമുമ്പ് പിരിച്ചുവിടേണ്ടി വന്നാൽ ആ സഭയുടെ ശേഷിക്കുന്ന കാലയളവിലേക്കുമാത്രമായി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന നിർദേശവുമുണ്ട്. തെരഞ്ഞെടുപ്പുകളുടെ എണ്ണം കൂട്ടാനാണ് ഈ നിർദേശം ഉപകരിക്കുക.

ഫെഡറൽ സംവിധാനം അട്ടിമറിക്കുന്നതാണ് ഈ നിർദേശങ്ങൾ. ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനായി ചില നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കുകയോ മറ്റുചില സഭകളുടെ കാലാവധി നീട്ടുകയോ ചെയ്യണം. സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന്റെയും ഗവർണർമാരുടെയും അധികാരകടന്നുകയറ്റം വർധിപ്പിക്കാൻ വഴിതെളിക്കുന്നതാണ് പരിഷ്കാരമെന്നും സിപിഐ എം ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top