15 November Thursday

കോൺഗ്രസ് പ്രതിസന്ധി : നേതാക്കളെല്ലാം ഡല്‍ഹിക്ക്‌

സ്വന്തം ലേഖകൻUpdated: Tuesday Jun 5, 2018

ന്യൂഡൽഹി > ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതൃനിര ഹൈക്കമാൻഡുമായുള്ള ചർച്ചയ‌്ക്കായി ഡൽഹിയിലേക്ക്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ തുടങ്ങിയവർ ബുധനാഴ്ച രാജ്യതലസ്ഥാനത്തെത്തും.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക‌്, മുതിർന്ന നേതാവ് എ കെ ആന്റണി എന്നിവരുമായി അടുത്ത രണ്ട് ദിവസങ്ങളിലായി നേതാക്കൾ കൂടിക്കാഴ്ച നടത്തും. പുതിയ കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ, രാജ്യസഭാ സ്ഥാനാർഥി എന്നീ സ്ഥാനങ്ങളിലേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ ഹൈക്കമാൻഡിനെ നേതാക്കൾ അഭിപ്രായം അറിയിക്കും.

ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പി ജെ കുര്യനെ പരിഗണിക്കരുതെന്ന് കോൺഗ്രസിലെ യുവനേതാക്കൾ കൂട്ടത്തോടെ ആവശ്യപ്പെടുമ്പോഴും ഒരു അവസരംകൂടി ലഭിക്കണമെന്ന ആവശ്യവുമായി കുര്യൻ ശക്തമായി മത്സരരംഗത്തുണ്ട്.

കുര്യൻതന്നെ വീണ്ടും വിജയിച്ച് എത്തിയാൽ രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം മാറ്റമില്ലാതെ മുന്നോട്ടുകൊണ്ടുപോകാമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. ബിജെപി നേതൃത്വവുമായി കുര്യനുള്ള അടുപ്പം പരിഗണിച്ചാണിത്.

മറ്റൊരാളെ രാജ്യസഭയിലേക്ക് വിജയിപ്പിച്ചാൽ ഉപാധ്യക്ഷസ്ഥാനത്തേക്ക് എൻഡിഎ സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിക്കും. കോൺഗ്രസിനാകട്ടെ നിലവിലെ സാഹചര്യത്തിൽ മറ്റ് പ്രതിപക്ഷ പാർടികളുടെ സഹകരണമില്ലാതെ ജയിക്കാനാകില്ല.

എന്നാൽ, കുര്യനെതിരായി യുവനേതാക്കൾ കൂട്ടത്തോടെ രംഗത്തുവന്നത് കേന്ദ്രനേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി. നിലവിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പി സി ചാക്കോയാണ് ഹൈക്കമാൻഡ‌് പരിഗണിക്കുന്ന മറ്റൊരാൾ.

യുവനേതാക്കൾ കുര്യനെ അപഹസിച്ചതിനെതിരെ പരസ്യമായി രംഗത്തുവന്ന ചാക്കോ എന്നാൽ സീറ്റിന്റെ കാര്യത്തിൽ കരുനീക്കങ്ങൾ സജീവമാക്കി.

മുതിർന്ന നേതാക്കളെ അവഹേളിക്കുംവിധമുള്ള യുവനേതാക്കളുടെ പ്രസ്താവനകൾക്കെതിരായി വയലാർ രവിയടക്കമുള്ളവരും രംഗത്തുവന്നിരുന്നു. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ വി തോമസ് എന്നിവരാണ് പരിഗണനയിലുള്ളത്.

യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് കെ മുരളീധരന്റെ പേര് സജീവമാണെങ്കിലും ഇതിനോട് രമേശ് ചെന്നിത്തല കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top