21 September Friday

കര്‍ഷകരോഷം പടരുന്നു; 10ന് ഭാരത് ബന്ദുമായി കിസാന്‍ മഹാസംഘ്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

ന്യൂഡൽഹി > ഏഴ‌് സംസ്ഥാനത്ത‌് അഞ്ചുദിവസമായി തുടരുന്ന കർഷകപ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി രാഷ്ട്രീയ കിസാൻ മഹാസംഘ്  പത്തിന് ഭാരതബന്ദിന് ആഹ്വാനംചെയ്തു. ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാത്ത കേന്ദ്ര‐ സംസ്ഥാന സർക്കാരുകൾക്കെതിരെ  സമരം ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പുനൽകി.

ഭാരതബന്ദിനു മുന്നോടിയായി സംസ്ഥാന ​ഗവർണർമാർക്കും രാഷ്ട്രപതിക്കും  നിവേദനം സമർപ്പിക്കും. ഭാരത് ബന്ദ് ദിനത്തിൽ കേരളത്തിൽ ഹർത്താൽ നടത്താൻ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹായം തേടി.

പാലും പച്ചക്കറികളും റോഡിലൊഴുക്കുന്നതിനു പകരം ആശുപത്രികൾക്കും അനാഥാലയങ്ങൾക്കും വിതരണം ചെയ്യും.  ബിജെപി നേതാക്കൾക്ക് കാർഷിക ഉൽപ്പന്നങ്ങൾ അയച്ചുകൊടുത്ത് പ്രതീകാത്മക പ്രക്ഷോഭം ആരംഭിക്കും. സമരമേഖലകളിൽ സർക്കാർ ആശുപത്രികളിൽ കർഷകർ സൗജന്യമായി പാൽ വിതരണം ചെയ്യും.

കർഷകസമരത്തിന് പിന്തുണയുമായി ബിജെപി വിമതനേതാക്കളായ മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ, ശത്രുഘ്നൻ സിൻഹ എംപി, വിഎച്ച്പി മുൻ ജനറൽ സെക്രട്ടറി പ്രവീൺ തൊഗാഡിയ എന്നിവരും രംഗത്തെത്തി. മന്ദ്സോറിൽ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ശ്രദ്ധാഞ്ജലിയിൽ ഇവർ പങ്കെടുക്കും. ബുധനാഴ്ച മന്ദ്സോറിൽ കോൺഗ്രസിന്റെ കർഷകറാലി നടക്കുന്നതിനാലാണ് പരിപാടി വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.

മന്ദ്സോറിൽ കർഷകരെ വെടിവച്ചുകൊന്നതിന്റെ വാർഷികദിനമായ ബുധനാഴ്ച വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി നടക്കും. അഖിലേന്ത്യാ കിസാൻ കോ‐ഓർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ മന്ദ്സോറിൽ ബുധനാഴ്ച ധർണ നടത്തും. മേധാപട്കർ, വി എം സിങ്, സുനിലാം തുടങ്ങിയവർ പങ്കെടുക്കും.

പ്രധാന വാർത്തകൾ
Top