14 November Wednesday

നാളെ മന്ദ്സോര്‍ദിനം: രാജ്യവ്യാപക കർഷക പ്രക്ഷോഭം ശക്തമാക്കും‍

സ്വന്തം ലേഖകൻUpdated: Tuesday Jun 5, 2018

ന്യൂഡൽഹി > മധ്യപ്രദേശിലെ മന്ദ്സോറിൽ പൊലീസ് കർഷകരെ നിഷ്‌ഠൂരമായി വെടിവച്ചുകൊന്നതിന്റെ ഒന്നാംവാർഷികത്തോട് അനുബന്ധിച്ച് രാജ്യവ്യാപകമായി കർഷകപ്രക്ഷോഭം ശക്തമാക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധനയങ്ങൾക്ക് എതിരെ പ്രക്ഷോഭംനടത്തിയ കർഷകർക്കുനേരെ 2017 ജൂൺ ആറിന് പൊലീസ് നടത്തിയ വെടിവയ‌്പിൽ അഞ്ച് കർഷകരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്‌ച കിസാൻ കോ‐ ഓർഡിനേഷൻ സമിതി ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി മന്ദ്സോർ ദിനം ആചരിക്കും. മന്ദ്സോറിൽ കിസാൻ കോ‐ഓർഡിനേഷൻ സമിതി നേതൃത്വത്തിൽ നിരാഹാരസമരം സംഘടിപ്പിക്കും.

കോ‐ഓർഡിനേഷൻ സമിതി കൺവീനർ വി എം സിങ‌്, അഖിലേന്ത്യാ കിസാൻസഭ ട്രഷറർ പി കൃഷ്ണപ്രസാദ്, കിസാൻ സംഘർഷ്സമിതി കൺവീനർ, ഡോ. സുനിലാം, എൻഎപിഎം നേതാവ് മേധാപട്ക്കർ തുടങ്ങിയവർ പങ്കെടുക്കും. മന്ദ്സോർ വെടിവയ‌്പിന്റെ വാർഷികാചരണത്തിന്റെ ഭാഗമായുള്ള റാലിയിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നേരത്തെ അറിയിച്ചിട്ടുണ്ട്.

അതേസമയം, കാർഷികകടം എഴുതിത്തള്ളുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി സംസ്ഥാനങ്ങളിൽ കർഷകപ്രക്ഷോഭം തുടരുകയാണ്. ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പച്ചക്കറി, പാൽവിതരണം പരിമിതമായി. പച്ചക്കറിവില വർധിച്ചതായും റിപ്പോർട്ടുണ്ട്. കർഷകരുടെ സമരം മാധ്യമശ്രദ്ധ നേടാനുള്ള ശ്രമമാണെന്ന കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിങ്ങിന്റെ പ്രസ്താവന കർഷരെ ചൊടിപ്പിച്ചിട്ടുണ്ട്.ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടറും കർഷകരെ പരിഹസിച്ച് രംഗത്തെത്തി.

കർഷകർ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത് നിർത്തിയാൽ നഷ്ടം അവർക്ക് മാത്രമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പിന്നാലെ രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർ സമരം ശക്തമാക്കി. പച്ചക്കറികൾ റോഡിൽ കൂട്ടിയിട്ടും പാൽ ഒഴുക്കിക്കളഞ്ഞും മറ്റുമാണ് കർഷകരുടെ പ്രതിഷേധം. മഹാരാഷ്ട്രയിലെ കർഷകപ്രക്ഷോഭത്തെയും ലോങ്ങ്മാർച്ചിനെയും തുടർന്ന് സംസ്ഥാനസർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ വലിയ പ്രതിഷേധത്തിന്‌ രൂപംകൊടുക്കുമെന്ന് അഖിലേന്ത്യാ കിസാൻസഭ ഉൾപ്പെടെയുള്ള സംഘടനകൾ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

2017 ജൂൺ ആറിന് മന്ദ്സോറിലെ പിപ്ലിയ മണ്ഡിയിൽ നടന്ന വെടിവയ‌്പിൽ അഭിഷേക് (19), സത്യനാരായണൻ (30), ചെയ്ൻറാം (23), കനയ്യലാൽ (44), പൂനംചന്ദ് (23) എന്നിവരാണ് കൊല്ലപ്പെട്ടത്. കാർഷികകടങ്ങൾ എഴുതിത്തള്ളണമെന്നും വിളകൾക്ക് മെച്ചപ്പെട്ട വില ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് കർഷകർ സമരത്തിനിറങ്ങിയത്.


 

പ്രധാന വാർത്തകൾ
Top