22 September Saturday

തൃണമൂല്‍ ആക്രമണം: സിപിഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഗോപിUpdated: Tuesday Jun 5, 2018

കൊൽക്കത്ത > പശ്ചിമബംഗാളിൽ സിപിഐ എം യോഗത്തിനുനേരെ തൃണമൂൽ അക്രമത്തിൽ പാർടി പ്രവർത്തകൻ രാംജാൻ മിയ (48) കൊല്ലപ്പെട്ടു. പഞ്ചായത്തംഗം അതാബുൾ ഇസ്‌ലാം അടക്കം നിരവധി പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരം. അവരെ ജായ്പാൽഗുഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നടത്തിയ വൻഅക്രമങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവം. 

തൃണമൂൽ ഭീഷണി വകവയ്ക്കാതെ ജമാൽദഘ് പഞ്ചായത്തിൽ മത്സരിച്ച  സിപിഐ എം സ്ഥാനാർഥികളിൽ അതാബുൾ ഇസ്ലാം കടുത്ത എതിർപ്പിനെ മറികടന്ന് വിജയിച്ചു. താബുൾ ഇസ്ലാമിനെ ഭീഷണിപ്പെടുത്തി രാജിവയ‌്പിക്കാനുള്ള തൃണമൂൽശ്രമം പരാജപ്പെട്ടതിനെത്തുടർന്ന‌് അദ്ദേഹത്തെ  ഇല്ലാതാക്കൻ ലക്ഷ്യമിട്ട് ആക്രമം നടത്തുകയായിരുന്നു.

അതാബുൾ ഇസ്‌‌ലാം പങ്കെടുത്ത യോഗത്തിനുനേരെ  തൃണമൂലുകാർ അക്രമം അഴിച്ചുവിടുകയായിരുന്നു. അതാബുളിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വെട്ടേറ്റാണ് രാംജാൻ മിയ കൊല്ലപ്പെട്ടത്.  രാംജാന്റെ പിതാവിനും പരിക്കേറ്റു.

അക്രമത്തിനും കൊലപാതകത്തിനുമെതിരെ ജില്ലയിലൊട്ടാകെ പ്രതിഷേധം സംഘടിപ്പിയ്ക്കുമെന്ന് സിപിഐ എം കൂച്ച് ബിഹാർ ജില്ലാ സെക്രട്ടറി അനന്ത റായ് പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമത്തിൽ 38 പേരാണ് കൊല്ലപ്പെട്ടത്.

പ്രധാന വാർത്തകൾ
Top