Top
18
Monday, December 2017
About UsE-Paper

ജാര്‍ഖണ്ഡില്‍ വീണ്ടും പട്ടിണിമരണം

Monday Dec 4, 2017
എം പ്രശാന്ത്


ന്യൂഡല്‍ഹി > ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ വീണ്ടും പട്ടിണി മരണം. 65 വയസ്സുള്ള പ്രേമിനി കന്‍വര്‍ എന്ന വിധവയാണ് ദിവസങ്ങളോളം പട്ടിണികിടന്ന് മരിച്ചത്. ഇതോടെ രണ്ടുമാസത്തിനിടെ ജാര്‍ഖണ്ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പട്ടിണിമരണം ആറായി. തലസ്ഥാനമായ റാഞ്ചിയില്‍നിന്ന് 180 കിലോമീറ്റര്‍ അകലെ ഗര്‍വ ജില്ലയിലെ കോര്‍ത്ത സ്വദേശിനിയാണ് പ്രേമിനി. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. 14 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനുമൊത്തായിരുന്നു താമസം.

പ്രേമിനിയുടെ മരണത്തില്‍ ക്ഷുഭിതരായ ജനക്കൂട്ടം ബ്ളോക്ക് ഡെവലപ്മെന്റ് ഓഫീസറെ തടഞ്ഞു. സംഭവം അന്വേഷിക്കുന്നതിനായി സബ്ഡിവിഷണല്‍ മജിസ്ട്രേട്ട് പ്രദീപ്കുമാറിനെ ഗര്‍വ ഡെപ്യൂട്ടി കമീഷണര്‍ നേഹ അറോറ ചുമതലപ്പെടുത്തി. പ്രേമിനിയുടെ വീട് സന്ദര്‍ശിച്ച പ്രദീപ്കുമാര്‍ വീട്ടില്‍ ഭക്ഷ്യധാന്യമില്ലായിരുന്നെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ കുടുംബത്തിനുള്ള ഭക്ഷ്യധാന്യവിഹിതം റേഷന്‍കടയുടമയായ ശിവനാഥ് റാം കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍, അന്ത്യോദയ അന്നയോജന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് റേഷന്‍ വിതരണം ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ആധാറുമായി ബന്ധിപ്പിക്കാത്ത റേഷന്‍ കാര്‍ഡുകള്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദുചെയ്തശേഷം ആദ്യ പട്ടിണിമരണം സിംദേഗ ജില്ലയിലെ കരിമാട്ടിയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സെപ്തംബര്‍ 28ന് സന്തോഷി ദേവിയെന്ന 11 വയസ്സുകാരിയാണ് പട്ടിണികിടന്ന് മരിച്ചത്. പിന്നാലെ നാലു പട്ടിണി മരണംകൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ സംസ്ഥാനത്ത് പതിനൊന്നര ലക്ഷം ഗുണഭോക്താക്കളാണ് പൊതുവിതരണാനുകൂല്യ പട്ടികയില്‍നിന്ന് പുറത്താക്കപ്പെട്ടത്. ജാര്‍ഖണ്ഡിലെ ആവര്‍ത്തിച്ചുള്ള പട്ടിണിമരണം ഇതിന്റെ തുടര്‍ച്ചയാണ്.

Related News

കൂടുതൽ വാർത്തകൾ »