21 November Wednesday

ഗോരക്ഷാ കൊലപാതകങ്ങൾ അംഗീകരിക്കാനാകില്ല: സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Wednesday Jul 4, 2018

ന്യൂഡൽഹി > ഗോരക്ഷയുടെ പേരിലുള്ള കൊലപാതകങ്ങൾ നടക്കാൻ പാടില്ലാത്തതെന്ന് സുപ്രീംകോടതി. നിയമം കൈയിലെടുക്കാൻ ആൾക്കൂട്ടത്തിന് അധികാരമില്ലെന്നും അതിക്രമങ്ങൾ തടയാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്നും ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച‌് നിരീക്ഷിച്ചു.

ഭരണഘടനയുടെ 142ാം അനുച്ഛേദപ്രകാരമുള്ള സവിശേഷാധികാരം ഉപയോഗിച്ച് ഗോരക്ഷയുടെ പേരിലുള്ള കൊലപാതകങ്ങൾ തടയാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

ഗോരക്ഷയുടെ പേരിലുള്ള കൊലപാതകങ്ങൾ തടയണമെന്നത് ഉൾപ്പടെയുള്ള ഹർജികളിൽ വിധി പറയാൻ മാറ്റിവയ‌്ക്കവേയാണ‌് കോടതിയുടെ ശ്രദ്ധേയനിരീക്ഷണം. ഗോരക്ഷയുടെ പേരിലുള്ള കൊലപാതകങ്ങൾ തടയാൻ അനുയോജ്യമായ ഉത്തരവ് പുറപ്പെടുവിക്കുമെന്ന വ്യക്തമായ സൂചനയാണ് കോടതി നൽകിയത്.

ഇത്തരം കേസുകളിൽ അന്വേഷണത്തിന്റെ മേൽനോട്ടം, ഇരകൾക്കുള്ള നഷ്ടപരിഹാരം, കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടി എന്നിവ ഉൾക്കൊള്ളിച്ചുള്ള വിശദമായ വിധിപ്രസ്താവമായിരിക്കും പുറപ്പെടുവിക്കുകയെന്ന‌് ജസ‌്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവർ അംഗങ്ങളായ ബെഞ്ച് പറഞ്ഞു. ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങൾ തടയാൻ എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരെ നിയമിക്കണമെന്നതടക്കമുള്ള മാർഗനിർദേശം 2017 സെപ്തംബറിൽ പുറപ്പെടുവിച്ചിരുന്നു.

കോടതിയുടെ വ്യക്തമായ മാർഗനിർദേശമുണ്ടായിട്ടും ഡൽഹിയിൽ ഉൾപ്പടെ ഗോരക്ഷയുടെ പേരിൽ ആക്രമണങ്ങളുണ്ടാകുന്നത് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ്ങ് ചൂണ്ടിക്കാട്ടി. അതേസമയം, ക്രമസമാധാനം സംരക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടെന്നും ആവശ്യമെങ്കിൽ കോടതിക്ക് ആവശ്യമായ മാർഗനിർദേശം പുറപ്പെടുവിക്കാമെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പി എസ് നരസിംഹ വാദിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top