20 September Thursday

ഡിജിപി: ഇടക്കാല നിയമനം വേണ്ട

എം അഖിൽUpdated: Wednesday Jul 4, 2018

ന്യൂഡൽഹി > സംസ്ഥാനങ്ങൾക്ക് താൽക്കാലികമായി ഡിജിപിമാരെ നിയമിക്കാൻ അധികാരമില്ലെന്ന് സുപ്രീംകോടതി. നിലവിലെ ഡിജിപിമാർ വിരമിക്കുന്നതിന് മൂന്നുമാസംമുമ്പ് യോഗ്യരായ ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാനങ്ങൾ യുപിഎസ്സിക്ക‌് കൈമാറണം. സീനിയോറിറ്റി, സർവീസ‌് മികവ‌്, അനുഭവപരിചയം എന്നിവ പരിഗണിച്ച‌് യുപിഎസ്സി മൂന്നുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കണം. ചുരുക്കപ്പട്ടികയിൽനിന്ന‌് ഒരാളെ സംസ്ഥാനങ്ങൾക്ക് ഡിജിപിയായി നിയമിക്കാം. സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥന് വിരമിക്കൽ തിയ്യതി   കണക്കിലെടുക്കാതെ സ്ഥാനത്ത്‌ തുടരാൻ അനുവദിക്കണം.

കാലാവധി നീട്ടുകയാണെങ്കിൽയുക്തമായ സമയത്തിനപ്പുറം നീട്ടരുത്‌. ചുരുങ്ങിയത് രണ്ടുവർഷം സേവനകാലവധി ഉണ്ടായിരിക്കണം. ചുരുക്കപ്പട്ടിക തയ്യാറാക്കുന്ന ഘട്ടത്തിൽ  ഇതുംകൂടി കണക്കിലെടുക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ നിർദേശിച്ചു. വിരമിക്കൽപ്രായം 60 വയസ്സ‌് തന്നെയാണെന്നും അവസാനനിമിഷം ഔദ്യോഗിക കാലയളവ് നീട്ടാതിരിക്കാൻ യുക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

2006ലെ പ്രകാശ്സിങ‌് കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഡിജിപി നിയമനത്തിന് പുറപ്പെടുവിച്ച ഏഴ് മാർഗനിർദേശം സംസ്ഥാനങ്ങൾ കർശനമായി പിന്തുടരണമെന്നാണ് ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവർ അംഗങ്ങളായ ബെഞ്ചിന്റെ ഉത്തരവ‌്. അതേസമയം, കൃത്യം രണ്ടുവർഷം സേവനകാലയളവുള്ള ഉദ്യോഗസ്ഥരെമാത്രമേ പരിഗണിക്കേണ്ടതുള്ളൂവെന്ന് അർഥമില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു.

സംസ്ഥാന പൊലീസ് മേധാവിക്ക്  ചുരുങ്ങിയത് രണ്ടുവർഷം പദവിയിൽ തുടരാൻ അനുവദിക്കണമെന്ന പ്രകാശ്സിങ‌് കേസിലെ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. മാർഗനിർദേശം 24 സംസ്ഥാനം പിന്തുടരുന്നില്ലെന്നും 16 സംസ്ഥാനം ഉത്തരവിനെ മറികടക്കുന്ന നിയമനിർമാണം പാസാക്കിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

പ്രധാന വാർത്തകൾ
Top