22 November Thursday

ഒടിപി പങ്കുവച്ചു; 28 തവണ! പോയത‌് 7 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018

നവിമുംബൈ > സൈബർതട്ടിപ്പുവീരന‌് 28 തവണ ഒടിപി നമ്പർ നൽകിയ ധാരാവിയിലെ നാൽപ്പതുകാരിയായ വീട്ടമ്മയ‌്ക്ക‌് നഷ്ടമായത‌് ഏഴുലക്ഷത്തോളം രൂപ. മെയ‌് 17 മുതൽ 23 വരെയുള്ള ഒരാഴ‌്ചയ‌്ക്കിടെയാണ‌് വീട്ടമ്മ തുടർച്ചയായി പറ്റിക്കപ്പെട്ടത‌്. എസ‌്‌‌ബിഐയുടെ മാനേജരെന്ന‌് പരിചയപ്പെടുത്തി വിളിച്ചതാണ‌് തട്ടിപ്പുവീരൻ. പതിവുപോലെ, താങ്കളുടെ എടിഎം കാർഡ‌് ബ്ലോക്ക‌് ചെയ്യപ്പെട്ടിരിക്കുകയാണെന്നും പിൻ അടക്കമുള്ള കാർഡ‌് വിവരങ്ങൾ നൽകണമെന്നും വീട്ടമ്മയോട‌് ആവശ്യപ്പെട്ടു.

തുടർന്ന‌് അവർ ഒടിപിയും കൈമാറി. ബാങ്കിൽനിന്നുള്ള മറ്റെല്ലാ എസ‌്എംഎസുകളും ഡിലീറ്റ‌് ചെയ്യാനും “വിളിച്ച മാനേജർ’ ആവശ്യപ്പെട്ടു. ആദ്യം 4000 രൂപമാത്രം ഗുഡ‌്ഗാവിലെ ഒരു ഓൺലൈൻ വാലറ്റിലേക്ക‌് മാറ്റിയ ഇയാൾ, വീട്ടമ്മയ‌്ക്ക‌് ഒരു സംശയവുമില്ല എന്നു മനസ്സിലാക്കി തട്ടിപ്പ‌് തുടര്‍ന്നു. 28 ഇടപാടിലൂടെ ഏഴുലക്ഷം രൂപവരെ പല ഇടപാടിലായി ഫോൺപെ വാലറ്റിലേക്ക‌് മാറ്റി. പാസ‌്ബുക്ക‌് പതിക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ‌് തട്ടിപ്പ് പുറത്തായത്.  ഭർത്താവ‌് കുവൈത്തിൽ ജോലിചെയ്യുന്ന വീട്ടമ്മയുടെ മകന്റെ പഠനാവശ്യത്തിനെടുത്ത ബാങ്ക‌് ലോണായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നത‌്.

പ്രധാന വാർത്തകൾ
Top