15 November Thursday

ഒബിസി കമീഷന് ഭരണഘടനാ പദവി; ബിൽ ലോക്സഭ പാസാക്കി

സ്വന്തം ലേഖകൻUpdated: Friday Aug 3, 2018

ന്യൂഡൽഹി > പിന്നോക്ക വിഭാഗങ്ങൾക്കുള്ള ദേശീയ  കമീഷന്  ഭരണഘടനാ പദവി നൽകുന്ന ബിൽ ലോക്സഭ പാസാക്കി. ഭരണഘടനാ ഭേദഗതിയിലൂടെ പട്ടികജാതി, പട്ടികവർഗ വിഭാഗ കമീഷനുകൾക്ക് നൽകിയ പദവിതന്നെയാണ് ഇപ്പോൾ ഒബിസി കമീഷനും അനുവദിച്ചത്. 

പരാതികൾ കൈകാര്യം ചെയ്യാൻ  കമീഷന‌് സിവിൽകോടതിയുടെ അധികാരവും ലഭിക്കും. 123‐ാം ഭരണഘടന ഭേദഗതിബില്ലാണ് ഇതിനുവേണ്ടി പാസാക്കിയത്. ബില്ലിന‌് അനുകൂലമായി 406 വോട്ട് ലഭിച്ചു. ആരും എതിർത്തില്ല. കമീഷൻ അംഗങ്ങളുടെ നിയമനത്തിൽ സംസ്ഥാനങ്ങൾക്കുകൂടി അധികാരം ലഭിക്കണമെന്ന ഭേദഗതി നിർദേശം വോട്ടിനിട്ട് തള്ളി.

നേരത്തെ ഈ ബിൽ ലോക്സഭ പാസാക്കിയതും  പിന്നീട് രാജ്യസഭയിലേക്ക് അയച്ചതുമാണ്. രാജ്യസഭ കൂടുതൽ പരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്ക് അയച്ചു.

സെലക്ട് കമ്മിറ്റിയുടെ നിർദേശങ്ങളിൽ ചിലത് രാജ്യസഭ അംഗീകരിച്ചതിനാൽ വീണ്ടും ലോക്സഭയുടെ അംഗീകാരത്തിനായി വരികയായിരുന്നു. ലോക്സഭ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കിയതിനാൽ രാജ്യസഭ നിർദേശിച്ച ഭേദഗതികൾ ഇല്ലാതായി.

നിലവിൽ സാമൂഹ്യമായും വിദ്യാഭ്യാസപരമായും  പിന്നോക്കമായ വിഭാഗങ്ങളുടെ പരാതികളും ക്ഷേമപ്രവർത്തനങ്ങളും കൈകാര്യം ചെയ്തുവരുന്നത് പട്ടികവിഭാഗ കമീഷനാണ്. ഇപ്പോൾ പാസാക്കിയ ബിൽവഴി പട്ടികവിഭാഗ കമീഷനിൽനിന്ന് ഈ ചുമതല നീക്കംചെയ്യുകയാണ്. 1993ലെ പിന്നോക്കവിഭാഗ നിയമപ്രകാരം രൂപീകരിച്ച നിലവിലുള്ള പിന്നോക്കവിഭാഗ കമീഷന‌് പിന്നോക്കവിഭാഗത്തിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്നത് സംബന്ധിച്ച പരാതികൾ പരിശോധിക്കാനും സർക്കാരിന‌് ശുപാർശ സമർപ്പിക്കാനുമുള്ള അധികാരംമാത്രമാണുള്ളത്. പുതിയ നിയമനിർമാണത്തോടെ 1993ലെ നിയമം ഇല്ലാതാകും. സിപിഐ എം നേതാവ് പി കരുണാകരൻ സഭയിൽ  ബില്ലിനെ അനുകൂലിച്ചു. രൂപീകരിക്കുന്ന പിന്നോക്കവിഭാഗ കമീഷന്റെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top