20 January Sunday

വിദ്വേഷപ്രസംഗങ്ങളുമായി ബിജെപി എംഎല്‍എമാര്‍ ; സൈനികര്‍ മരിക്കാന്‍ ബാധ്യസ്ഥരാണെന്ന് ബിജെപി എംപി

സ്വന്തം ലേഖകന്‍Updated: Wednesday Jan 3, 2018

ന്യൂഡല്‍ഹി > കടുത്ത വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ട് വിദ്വേഷ പ്രസ്താവനകളുമായി ബിജെപി എംഎല്‍എമാര്‍ രംഗത്ത്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും മുസ്ളിങ്ങളെ പാര്‍പ്പിച്ചതാണ് പ്രശ്നങ്ങളുടെ കാരണമെന്നുമാണ് ഉത്തര്‍പ്രദേശിലെ എംഎല്‍എ വിക്രം സൈനിയുടെ പ്രസ്താവന. ഹിന്ദുസ്ഥാന്‍ എന്നാണ് രാജ്യത്തിന്റെ പേരെന്നും അതിന്റെ അര്‍ഥം ഹിന്ദുക്കളുടെ രാജ്യം എന്നാണെന്നും സൈനി പറഞ്ഞു. 2013ല്‍ നിരവധിപേരെ കൊന്നൊടുക്കിയ വര്‍ഗീയകലാപകേന്ദ്രമായ മുസഫര്‍നഗറില്‍ ഒരു പൊതു പരിപാടിയിലാണ് സൈനി വിദ്വേഷപ്രസംഗം നടത്തിയത്.

സ്ഥിരബുദ്ധിയില്ലാത്ത ചില നേതാക്കളാണ് മുസ്ളിങ്ങളെ തങ്ങാന്‍ അനുവദിച്ചതെന്നും അതാണ് തങ്ങള്‍ക്കുണ്ടായ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നും സൈനി പറഞ്ഞു. മുസ്ളിങ്ങള്‍ വിട്ടുപോയിരുന്നെങ്കില്‍ ഈ രാജ്യം മുഴുവന്‍ തങ്ങളുടെ മാത്രമാകുമായിരുന്നു. താന്‍ കടുത്ത ഹിന്ദുത്വവിശ്വാസിയാണ്. ജനുവരി ഒന്നിന് പുതുവര്‍ഷം ആഘോഷിക്കരുതെന്നും ഹിന്ദു കലണ്ടര്‍ പ്രകാരം പുതുവര്‍ഷം മാര്‍ച്ച് 18നാണ് ആഘോഷിക്കേണ്ടതെന്നും ഇയാള്‍ പറഞ്ഞു. 60 പേരുടെ മരണത്തിന് ഇടയാക്കിയ മുസഫര്‍നഗര്‍ കലാപത്തെതുടര്‍ന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം വിക്രം സൈനിയെ പൊലീസ് പിടികൂടിയിരുന്നു. കന്നുകാലി കശാപ്പ് നിരോധിച്ചതിനു പിന്നാലെ പശുവിനെ കൊല്ലുന്നവരുടെ കൈയും കാലും തല്ലിയൊടിക്കുമെന്ന് പ്രഖ്യാപിച്ചും വിവാദമുണ്ടാക്കി. വന്ദേ മാതരം എന്ന് പറയാത്തവരുടെയും പശുവിനെ അമ്മയായി കണക്കാക്കാത്തവരുടെയും കൈ തല്ലിയൊടിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കി.

ഇതിനിടെ, മുസ്ളിങ്ങള്‍ വന്‍തോതില്‍ പ്രസവിച്ച് അംഗസംഖ്യകൂട്ടി രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് രാജസ്ഥാനിലെ അല്‍വാറില്‍നിന്നുള്ള ബിജെപി എംഎല്‍എ ബന്‍വാരിലാല്‍ സിംഗാള്‍ ആരോപിച്ചു. ഒരു ടിവി ചാനലിലെ ചര്‍ച്ചയെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലാണ് വിവാദ പരാമര്‍ശം നടത്തിയത്. മുസ്ളിം ജനസംഖ്യ വര്‍ധിക്കുന്നത് തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ മുസ്ളിങ്ങളാകും പ്രധാനമന്ത്രിയും രാഷ്ട്രപതിയും മിക്കവാറും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും. രാജ്യം മുസ്ളിങ്ങള്‍ ഭരിച്ചാല്‍ ഹിന്ദുക്കള്‍ രണ്ടാംകിട പൌരന്മാരായി മാറും. ഹിന്ദുക്കള്‍ നല്‍കുന്ന നികുതി മുസ്ളിങ്ങള്‍ക്കുവേണ്ടിയാണ് ചെലവാക്കുന്നത്. മുസ്ളിം ജനസംഖ്യ വര്‍ധിക്കുന്നതിനെ ചെറുക്കാന്‍ ഹിന്ദുക്കളും കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണമെന്നും ഇയാള്‍ പറഞ്ഞു.

ന്യൂഡല്‍ഹി > കശ്മീരില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാരെ ഭീകരര്‍ കൊലപ്പെടുത്തിയതിനു പിന്നാലെ സൈനികര്‍ മരിക്കാന്‍ ബാധ്യസ്ഥരാണെന്ന് ബിജെപി എംപി. ഉത്തര്‍പ്രദേശിലെ രാംപുരില്‍നിന്നുള്ള എംപി നേപ്പാള്‍ സിങ്ങാണ് വിവാദ പ്രസ്താവന നടത്തിയത്. എല്ലാ ദിവസവും സൈനികര്‍ മരിക്കുന്നുണ്ടെന്നും അവര്‍ മരിക്കാന്‍ ബാധ്യസ്ഥരാണെന്നും നേപ്പാള്‍ സിങ് പറഞ്ഞു. മറ്റ് രാജ്യങ്ങളുമായുള്ള ഏറ്റുമുട്ടലില്‍ എല്ലാ രാജ്യത്തെ സൈനികരും മരിക്കുന്നുണ്ട്.

ഗ്രാമങ്ങളില്‍ നടക്കുന്ന സംഘട്ടനങ്ങളില്‍പ്പോലും ആളുകള്‍ക്ക് പരിക്കുപറ്റുമെന്നും ഇയാള്‍ പറഞ്ഞു. ഒരു വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെയാണ് വിവാദ പ്രസ്താവന നടത്തിയത്. പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശം ഉണ്ടായതോടെ  നേപ്പാള്‍ സിങ് മാപ്പ് പറഞ്ഞു. തന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണെന്നും പറഞ്ഞു.

പ്രധാന വാർത്തകൾ
Top