19 October Friday

ത്രിപുരയിലെ അതിക്രമങ്ങൾ: സിപിഐ എം അപലപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

ന്യൂഡൽഹി > ത്രിപുരയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് മുദ്രകുത്തി നിരപരാധികൾക്കുനേരെ ബിജെപിയും ആർഎസ്എസും നടത്തുന്ന അതിക്രമങ്ങളെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു. ഈ മാസം 26ന് പടിഞ്ഞാറൻ ത്രിപുരയിൽ പതിനൊന്നുകാരനായ വിദ്യാർഥി ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. കുട്ടിയുടെ ഇരുവൃക്കകളും അനധികൃത അവയവക്കച്ചവടക്കാർ നീക്കിയെന്ന ബിജെപി മന്ത്രിയുടെ പ്രസ്താവന ഭീതിയും ആശങ്കയും പടർത്തി. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ വൃക്കകൾ മൃതദേഹത്തിൽത്തന്നെ ഉള്ളതായി കണ്ടെത്തിയെന്ന‌് ഡിജിപി സ്ഥിരീകരിച്ചു.

28ന് ത്രിപുരയിൽ മൂന്ന് മുസ്ലിങ്ങൾക്കുനേരെ ആക്രമണമുണ്ടായി. പത്ത് വർഷത്തിലധികമായി ത്രിപുരയിൽ കച്ചവടം ചെയ്തുജീവിക്കുന്ന ഇവരെ കുട്ടിക്കടത്തുകാരാണെന്ന് മുദ്രകുത്തിയാണ് ആക്രമിച്ചത്. ഒരാൾ മരിച്ചു. രണ്ടുപേർ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. അതേസമയം, ആക്രമണത്തിന് പ്രേരിപ്പിക്കുന്നത് സിപിഐ എമ്മുകാരാണെന്ന വ്യാജപ്രചാരണവും അഴിച്ചുവിട്ടിട്ടുണ്ട്. സിപിഐ എം ഓഫീസും പ്രവർത്തകരുടെ വീടും ആക്രമിക്കപ്പെട്ടു. സിപിഐ എം ദിനപ്പത്രത്തിന്റെ റിപ്പോർട്ടർക്ക് ഗുരുതര പരിക്കേറ്റു. നിരപരാധികളായ നാലുപേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ആക്രമണത്തിന്റെ വിവരങ്ങൾ ജനങ്ങളിലേക്ക് എത്താതിരിക്കാൻ ബിജെപി സർക്കാർ ഇന്റർനെറ്റും സാമൂഹ്യമാധ്യമങ്ങളും ബ്ലോക്ക് ചെയ്തു. നിരപരാധികളെ സംരക്ഷിച്ചും അപരാധികളെ ശിക്ഷിച്ചും നിയമവ്യവസ്ഥ ഉയർത്തിപ്പിടിക്കാനുള്ള ബാധ്യത സംസ്ഥാനസർക്കാരിനുണ്ട്. ഇതിനുപകരം സ്വകാര്യസൈന്യങ്ങളെ പിന്തുണയ്ക്കുകയാണ്. ത്രിപുര സർക്കാരിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നതിനൊപ്പം, ബിജെപിയുടെയും ആർഎസ്എസിന്റെയും പൈശാചികപ്രവൃത്തികൾ തുറന്നുകാട്ടാൻ രാജ്യവ്യാപകപ്രക്ഷോഭത്തിനും പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top