22 November Thursday

ഇന്ധനവില കുറയ്ക്കരുതെന്ന് നിതി ആയോ​ഗ്

സ്വന്തം ലേഖകൻUpdated: Saturday Jun 2, 2018

ന്യൂഡൽഹി > ഇന്ധനവില വർധന നിയന്ത്രിക്കുന്നതിനെ എതിര്‍ത്ത് നിതി ആയോഗ് വൈസ് ചെയർമാൻ രാജിവ്കുമാർ രം​ഗത്തെത്തി. സമ്പദ്വ്യവസ്ഥയുടെ നേരിയ ഉണർവ് കേന്ദ്രം ഇല്ലാതാക്കരുതെന്നും കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചാല്‍ സമ്പദ്സ്ഥിരത നിലനിർത്താൻ ബദൽമാർഗം കണ്ടെത്തേണ്ടിവരും. ഇന്ധനവില കുറയ്ക്കുന്നതിന്റെ ഭാരം സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് കേന്ദ്രനയങ്ങള്‍ ആസൂത്രണംചെയ്യുന്ന പരമോന്നത സമിതിയുടെ നിലപാട്. കേന്ദ്രധനസ്ഥിതി ഇന്ധനവിലയെ അമിതമായി ആ​ശ്രയിക്കുകയാണെന്നും നിതി ആയോ​ഗിന്റെ നിലപാടില്‍നിന്ന‌് വെളിപ്പെടുന്നു.

കേന്ദ്രം എക്സൈസ് തീരുവയിൽ ഒരുരൂപയുടെ കുറവ് വരുത്തിയാൽ പ്രതിവർഷം 13,000 കോടി രൂപയുടെ റവന്യൂനഷ്ടമുണ്ടാകും. ഇത്രയും തുക നഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടോയെന്ന്  പരിശോധിച്ചശേഷം മാത്രമേ അത്തരം നടപടികളിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂവെന്ന് നിതി ആയോ​ഗ് പറയുന്നു. എന്നാല്‍, ഇന്ധനവില നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി കേരളം നികുതി വെട്ടിക്കുറച്ചിരുന്നു.ഇതോടെ സംസ്ഥാനത്ത് ഇന്ധനവിലയില്‍ ലിറ്ററിന‌് ഒരു രൂപയുടെ കുറവുണ്ടായി. എന്നാല്‍, ഈ പാത പിന്തുടരാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും തയ്യാറായിട്ടില്ല.

നികുതി കുറച്ച് വിലവർധനയുടെ ആഘാതം കുറയ്ക്കാൻ സംസ്ഥാനങ്ങളാണ് മുൻകൈ എടുക്കേണ്ടതെന്നും മൂന്നോ നാലോ ശതമാനംവരെ നികുതി വെട്ടിക്കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുമെന്നും രാജിവ്കുമാർ പ്രതികരിച്ചു.

പ്രധാന വാർത്തകൾ
Top