16 November Friday

കള്ളപ്പണം: വിവരം നല്‍കിയാല്‍ 5 കോടി പാരിതോഷികം

സ്വന്തം ലേഖകൻUpdated: Saturday Jun 2, 2018

ന്യൂഡൽഹി > വിദേശരാജ്യത്തുള്ള കള്ളപ്പണനിക്ഷേപത്തെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് അഞ്ചുകോടി രൂപവരെ പാരിതോഷികം നൽകുമെന്ന് ആദായനികുതിവകുപ്പ്. വിവരം കൈമാറുന്ന വിദേശികൾക്കും പാരിതോഷികത്തിന് അർഹതയുണ്ട്. രാജ്യത്തെ ബിനാമി ഇടപാടുകാരെ പിടികൂടാൻ സഹായിക്കുന്ന വിവരം നൽകുന്നവർക്ക് ഒരു കോടി രൂപവരെ പാരിതോഷികം നൽകും. പണമിടപാടുകളെക്കുറിച്ച്  ജോയിന്റ് കമീഷണർക്കോ അഡീഷണൽ കമീഷണർക്കോ വിവരങ്ങൾ കൈമാറാമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട‌് ടാക്സസ് അറിയിച്ചു. ജൂൺ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വന്നു.

കള്ളപ്പണ നിരോധന നിയമപ്രകാരം കുറ്റകരമായ ഇടപാടുകളുടെ വിവരം നൽകുന്നവർക്കാണ് അഞ്ചുകോടിരൂപവരെ പാരിതോഷികം നൽകുന്നത്. ഇന്ത്യയിലെ ഇടപാടുകളിലെ നികുതിവെട്ടിപ്പുകളിൽ നടപടി സാധ്യമാക്കുന്ന വിവരം നൽകുന്നവർക്ക് 50 ലക്ഷം രൂപ പാരിതോഷികം നൽകും. ഇതിനായി, ആദായനികുതിതട്ടിപ്പിന്റെ വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി ഭേദഗതിചെയ്തു. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തില്ലെന്ന് ആദായനികുതിവകുപ്പ് അറിയിച്ചു.
കള്ളപ്പണ ഇടപാടുകൾ കണ്ടെത്തുന്നതിനും നികുതിവെട്ടിപ്പ്  കുറയ്ക്കുന്നതിനുമുള്ള ആദായനികുതിവകുപ്പിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് പാരിതോഷികം നൽകുന്ന പദ്ധതി പരിഷ്കരിച്ചത്. നികുതിവകുപ്പിന്റെ ശ്രദ്ധയിൽ എത്താത്ത നിക്ഷേപകരുടെയും ബിനാമികളുടെയും വിവരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top