21 September Friday

തമിഴില്‍ നീറ്റ് എഴുതിയവർക്ക‌് ​ഗ്രേസ് മാര്‍ക്കില്ല ; ഹൈക്കോടതി വിധിക്ക‌് സുപ്രീംകോടതിയുടെ സ‌്റ്റേ

എം അഖിൽUpdated: Saturday Jul 21, 2018



ന്യൂഡൽഹി
ഏകീകൃത പൊതുപ്രവേശനപരീക്ഷയായ നീറ്റ് തമിഴ് ഭാഷയിൽ എഴുതിയവർക്ക് ചോദ്യപേപ്പറിലെ പിശകുകളുടെപേരിൽ  196 മാർക്ക‌് അധികമായി നൽകണമെന്ന മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. 24,000ത്തോളം വിദ്യാർഥികൾക്ക് 196 മാർക്ക് വീതം അധികമായി അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നീറ്റ് എഴുതി യോഗ്യത നേടിയ, രാജ്യത്തുടനീളമുള്ള വിദ്യാർഥികളുടെ ഭാവി ഇരുട്ടിലാക്കുമെന്ന് ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, എൽ നാഗേശ്വരറാവു എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് റാങ്ക് പട്ടിക പ്രകാരമുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് സ്തംഭിച്ചതിൽ സിബിഎസ്ഇ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയതിനെ തുടർന്ന് ഇനി അലോട്ട്മെന്റ് നടപടിയുമായി മുന്നോട്ടുപോകാം.

ചോദ്യം തർജമ ചെയ്തതിൽ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 49 ചോദ്യങ്ങൾക്ക് (ഒരു ചോദ്യത്തിന് നാല് മാർക്ക് വീതം) 196 മാർക്ക് അധികമായി നൽകാൻ ഹൈക്കോടതി നിർദേശിച്ചത്. തമിഴിലേക്ക് ചോദ്യം തർജമ ചെയ്തതിൽ ഗുരുതരപിശകുണ്ടെന്ന് സുപ്രീംകോടതിക്കും ബോധ്യപ്പെട്ടു. 'ചീറ്റാ' അഥവാ 'ചീറ്റപ്പുലി' തർജമ ചെയ്തപ്പോൾ ചോദ്യപേപ്പറിൽ 'സീത' ആയി മാറിയതായി കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, അതിന് പരിഹാരമായി ഇത്രയുമധികം ഗ്രെയ്സ്മാർക്ക് അനുവദിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. വിഷയത്തിൽ വിശദമായി വാദംകേൾക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

നീറ്റ് പോലെയുള്ള പ്രധാന പരീക്ഷകൾ സംഘടിപ്പിക്കുമ്പോൾ ചോദ്യപേപ്പറുകളിൽ തെറ്റ് വരുത്തുന്നത് അക്ഷന്തവ്യമായ അപരാധമാണെന്ന് സിബിഎസ്ഇയുടെ അപ്പീൽ എതിർത്ത സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ ടി കെ രംഗരാജനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ്ലൂത്ര ചൂണ്ടിക്കാട്ടി. തർജമയിൽ പിഴവുണ്ടായെന്ന് സിബിഎസ്ഇതന്നെ സമ്മതിച്ച സാഹചര്യത്തിൽ, പരിഹാരം കാണാനും ഭാവിയിൽ തെറ്റുകൾ ആവർത്തിക്കാതിരിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ സിബിഎസ്ഇക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെ തുടർന്നുണ്ടായ അനിശ്ചിതത്വം നീക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് നീറ്റ് റാങ്ക്ലിസ്റ്റിലുള്ള ചില വിദ്യാർഥികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾറോഹ്തഗി ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത കോടതി, രണ്ടാഴ്ചയ്ക്ക് ശേഷം വിഷയത്തിൽ വിശദമായ വാദംകേൾക്കാമെന്ന് അറിയിച്ചു. തമിഴിൽ നീറ്റ്പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാൻ ഗ്രെയ്സ് മാർക്ക് നൽകി റാങ്ക്ലിസ്റ്റ് പുനഃപ്രസിദ്ധീകരിക്കണമെന്നാണ‌് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.

പ്രധാന വാർത്തകൾ
Top