20 November Tuesday

നീറ്റ്‌, ജെഇഇ പ്രവേശനപരീക്ഷകൾ വർഷത്തിൽ രണ്ട‌് തവണ നടത്തും

എം അഖിൽUpdated: Sunday Jul 8, 2018

ന്യൂഡൽഹി > ദേശീയതലത്തിലുള്ള മെഡിക്കൽ, എൻജിനിയറിങ‌് പ്രവേശനപരീക്ഷകൾ 2019 മുതൽ വർഷത്തിൽ രണ്ട് പ്രാവശ്യം നടത്തും. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് (ബിരുദതലം), എൻജിനിയറിങ‌് പ്രവേശനത്തിനുള്ള ജെഇഇ (മെയിൻ) പ്രവേശനപരീക്ഷകളാണ്  ഇനി രണ്ട് തവണ നടത്തുക. നീറ്റ് ഫെബ്രുവരി, മെയ് മാസങ്ങളിലും ജെഇഇ (മെയിൻ) പരീക്ഷ ജനുവരി, ഏപ്രിൽ മാസങ്ങളിലും നടത്തും. പുതുതായി രൂപീകരിച്ച നാഷണൽ ടെസ്റ്റിങ‌് ഏജൻസി (എൻടിഎ) ഓൺലൈൻ വഴിയാണ‌് പരീക്ഷ നടത്തുക. ഇവയ‌്ക്ക‌് പുറമെ കോളേജ് അധ്യാപകനിയമനത്തിന് അർഹത നേടാനുള്ള നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), എംബിഎ കോഴ്സുകളിലേക്കുള്ള കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ്), എം ഫാം കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഗ്രാജുവേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ്) തുടങ്ങിയവയും എൻടിഎ മേൽനോട്ടത്തിൽ നടത്തും. അതേസമയം, ജെഇഇ (അഡ്വാൻസ്ഡ്) പരീക്ഷ ഐഐടി മേൽനോട്ടത്തിൽത്തന്നെയാകും.

നീറ്റ്, ജെഇഇ പരീക്ഷകൾ വിദ്യാർഥികൾക്ക് രണ്ട് പ്രാവശ്യവും എഴുതാം. ഒരു പ്രാവശ്യം മാത്രമായും എഴുതാം. പരീക്ഷകളിലെ ഉയർന്ന മാർക്കാകും പ്രവേശനത്തിന് പരിഗണിക്കുക. സിലബസ്, ചോദ്യമാതൃക, ഭാഷകൾ, ഫീസ് തുടങ്ങിയ കാര്യങ്ങളിൽ മാറ്റമുണ്ടാകില്ല. ഓരോ പരീക്ഷകൾക്കും വ്യത്യസ‌്ത ദിവസങ്ങളിലായി നിരവധി അവസരമൊരുക്കും. വിദ്യാർഥികൾക്ക‌് സൗകര്യമനുസരിച്ച‌് തെരഞ്ഞെടുക്കാം. സിബിഎസ്ഇയാണ് നിലവിൽ നീറ്റ്, ജെഇഇ (മെയിൻ) പരീക്ഷകൾ നടത്തുന്നത്. സാങ്കേതികവിദ്യാഭ്യാസത്തിനുള്ള അഖിലേന്ത്യാകൗൺസിലാണ് (എഐസിടിഇ) സിമാറ്റ്, ജിപാറ്റ് പരീക്ഷകൾ സംഘടിപ്പിക്കുന്നത്.
 
2017 നവംബറിൽ എൻടിഎക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഉന്നതവിദ്യാഭ്യാസ പ്രവേശനപരീക്ഷകൾ സംഘടിപ്പിക്കുകയാണ് ഈ ഏജൻസിയുടെ ദൗത്യം. ഡിസംബറിലെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റാകും (നെറ്റ്) എൻടിഎ സംഘടിപ്പിക്കുന്ന ആദ്യ പരീക്ഷ. ചോദ്യപേപ്പർ ചോർച്ച തടയാനും പ്രവേശനപരീക്ഷകളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്താനും എൻടിഎക്ക് സാധിക്കുമെന്ന് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കർ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. ഒറ്റത്തവണ പരീക്ഷ നടത്തുമ്പോൾ എന്തെങ്കിലും കാരണത്താൽ പരീക്ഷ എഴുതാൻ സാധിക്കാതെ വരുകയോ മോശം പ്രകടനം കാഴ്ചവയ‌്ക്കുകയോ ചെയ്യുന്നവർക്ക് ഒരു വർഷം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. രണ്ടാമതൊരു അവസരംകൂടി നൽകുന്നത് വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൻടിഎയുടെ എല്ലാ പരീക്ഷകളും ഓൺലൈൻ വഴിയായതിനാൽ വിദ്യാർഥികൾക്ക് ആവശ്യമായ കംപ്യൂട്ടർ പരിശീലനം നൽകും. സൗജന്യപരിശീലനം നൽകുന്ന കേന്ദ്രങ്ങളുടെ പട്ടിക ഉടൻ പ്രഖ്യാപിക്കും. വിദ്യാർഥികൾക്ക് സ്വന്തം നിലയ്ക്കും തയ്യാറെടുക്കാം. ഇതിനുള്ള പരിശീലനമാതൃക ആഗസ്ത് മുതൽ എൻടിഎ വെബ്സൈറ്റിൽ ലഭ്യമാകും. ആഗസ്ത്, സെപ്തംബർ മാസം മുതൽ വിദ്യാർഥികൾക്ക് ശനി, ഞായർ ദിവസങ്ങളിൽ അടുത്തുള്ള കംപ്യൂട്ടർകേന്ദ്രങ്ങളിൽ പരിശീലനം നൽകാനാണ് ആലോചിക്കുന്നത്. കംപ്യൂട്ടർ പരിശീലനകേന്ദ്രങ്ങളുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സേവനം ഇതിന‌് ഉപയോഗപ്പെടുത്തും. പരിശീലനകേന്ദ്രങ്ങളുടെ ശൃംഖല രൂപീകരിച്ച് ഗ്രാമീണമേഖലകളിലെ വിദ്യാർഥികളുടെ പരിശീലനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
 

പ്രധാന വാർത്തകൾ
Top