15 November Thursday

ബംഗാളിലെയും ത്രിപുരയിലെയും ജനാധിപത്യക്കുരുതി: ജൂലൈ 24ന‌് ദേശീയ പ്രതിഷേധ ദിനാചരണം വിജയിപ്പിക്കുക

സ്വന്തം ലേഖകൻUpdated: Saturday Jul 14, 2018

ന്യൂഡൽഹി > പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ജനാധിപത്യക്കുരുതിക്കെതിരെ ജൂലൈ 24ന‌് നടക്കുന്ന ദേശീയ പ്രതിഷേധദിനാചരണം വിജയിപ്പിക്കാൻ അഞ്ച് ഇടതുപക്ഷ പാർടികൾ സംയുക്തപ്രസ്താവനയിൽ ആഹ്വാനംചെയ്തു. ത്രിപുരയിൽ ബിജെപി‐ഐപിഎഫ്ടി സർക്കാരും പശ്ചിമബംഗാളിൽ തൃണമൂൽ സർക്കാരും ആക്രമണങ്ങളുടെയും ഭീകരതയുടെയും രാഷ്ട്രീയമാണ് പിന്തുടരുന്നത്.

മനുഷ്യാവകാശപ്രവർത്തകർക്കും ദളിത് പ്രസ്ഥാനങ്ങൾക്കുമെതിരെ രാജ്യമെമ്പാടും നടക്കുന്ന അടിച്ചമർത്തൽ ഈ രണ്ട് സംസ്ഥാനത്തും വർധിച്ച തോതിലാണ്. മനുഷ്യാവകാശങ്ങളും രാഷ്ട്രീയസ്വാതന്ത്ര്യവും രണ്ടിടത്തും അപകടത്തിലാണ്‐ സിപിഐ എം, സിപിഐ, സിപിഐ (മാർക്സിസ്റ്റ്‐ലെനിനിസ്റ്റ്)‐ലിബറേഷൻ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർടികൾ പ്രസ‌്താവനയിൽ പറഞ്ഞു.

ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നശേഷം നാല് സിപിഐ എം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. നൂറ‌് സ്ത്രീകളടക്കം ആയിരത്തോളം ഇടതുമുന്നണി പ്രവർത്തകർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റു. 2100 ഇടതുമുന്നണി പ്രവർത്തകരുടെ വീടുകൾ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ആയിരത്തിൽപ്പരം പാർടി ഓഫീസുകൾ തകർത്തു. ജനപ്രതിനിധികളെപ്പോലും ഭീഷണിപ്പെടുത്തുന്നു. ആക്രമണഭീഷണി കാരണം 500 ഇടതുമുന്നണി പ്രവർത്തകർ വീടുവിട്ട് കഴിയുകയാണ്.

2016 ജൂണിനുശേഷം പശ്ചിമബംഗാളിൽ 31 സിപിഐ എം പ്രവർത്തകരെയാണ് തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തിയത്. ആയിരക്കണക്കിനുപേർക്ക് വീടുകളിൽ കഴിയാനാകാത്ത സ്ഥിതി. ഇടതുമുന്നണിക്ക് ഭൂരിപക്ഷമുള്ള തദ്ദേശസ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ഭീഷണി പ്രയോഗിച്ചു. തൃണമൂൽ ഭരണത്തിൽ സംസ്ഥാനത്ത് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സാധ്യമല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത് ആവർത്തിച്ച് തെളിഞ്ഞു. ജനങ്ങളുടെ ജീവിതമാർഗംപോലും തട്ടിയെടുക്കുകയാണ്. ഭങ്കറിൽ ബലംപ്രയോഗിച്ച് ഭൂമി ഒഴിപ്പിക്കുന്നു. ഇതിനെ ചെറുത്തവർക്കുനേരെ പൊലീസും തൃണമൂൽ കോൺഗ്രസ് ഗുണ്ടകളും നടത്തിയ വെടിവയ്പിൽ നിരവധിപേർ കൊല്ലപ്പെട്ടു.

ജനാധിപത്യവും പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനും ഭരണഘടനയ്ക്കുനേരെയുള്ള ഫാസിസ്റ്റ് കടന്നാക്രമണം ചെറുക്കാനും എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ഇടതുപാർടികൾ അഭ്യർഥിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top