Top
22
Monday, January 2018
About UsE-Paper

മുത്തലാഖ് ജാമ്യമില്ലാക്കുറ്റമാക്കും

Saturday Dec 16, 2017
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി > മുത്തലാഖ് ജാമ്യമില്ലാക്കുറ്റമാക്കിയുള്ള കരടുബില്ലിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. പുതിയ നിയമം അനുസരിച്ച് മുത്തലാഖിലൂടെ വിവാഹമോചനം നടത്തിയാല്‍ മൂന്നുവര്‍ഷംവരെ തടവും പിഴയും ചുമത്തും. മുത്തലാഖിലൂടെ വിവാഹമോചിതരാകുന്ന മുസ്ളിം സ്ത്രീകള്‍ക്ക് ജീവനാംശത്തിന് കോടതിയെ സമീപിക്കാനുള്ള വ്യവസ്ഥയും മുസ്ളിം വുമെന്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ഓണ്‍ മാര്യേജ് ബില്‍ എന്ന് പേരിട്ട കരടുനിയമത്തിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയ ബില്‍ നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.

നിയമപ്രകാരം എഴുത്ത്, ഫോണ്‍, സാമൂഹ്യമാധ്യമങ്ങള്‍ തുടങ്ങി ഏത് മാധ്യമത്തിലൂടെയുള്ള മുത്തലാഖും ജാമ്യം ലഭിക്കാത്ത കുറ്റമാകും. മുത്തലാഖിലൂടെ വിവാഹമോചനമുണ്ടായാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണവും അവകാശവും അമ്മയ്ക്കായിരിക്കും. ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും അര്‍ഹമായ ജീവനാംശത്തിനുവേണ്ടി ബന്ധപ്പെട്ട കോടതികളെ സമീപിക്കാമെന്നും വ്യവസ്ഥയുണ്ട്.

ഒറ്റയടിക്ക് മൂന്നുവട്ടം തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തി ആഗസ്തില്‍ സുപ്രീംകോടതി നിരോധിച്ചിരുന്നു. എന്നാല്‍, സുപ്രീംകോടതി വിധി പുറപ്പെടുവിച്ചശേഷം ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലിയുള്ള നിരവധി കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ നിയമനിര്‍മാണം വേഗത്തിലാക്കിയതെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അവകാശപ്പെട്ടു.

ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, വിദേശമന്ത്രി സുഷ്മ സ്വരാജ്, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, കേന്ദ്ര സഹമന്ത്രി പി പി ചൌധരി എന്നിവരടങ്ങുന്ന മന്ത്രിതലസമിതിയാണ് കരടുനിയമം തയ്യാറാക്കിയത്. സംസ്ഥാനങ്ങളോട് നിയമത്തെക്കുറിച്ചുള്ള പ്രതികരണവും ആരാഞ്ഞിരുന്നു. ഏഴ് സംസ്ഥാനങ്ങള്‍ നിയമം പൂര്‍ണമായും അംഗീകരിച്ചുവെന്നാണ് സൂചന.