11 December Tuesday

‘‘കോൺഗ്രസ്‌ നേതൃത്വത്തിൽ കാക്കിധാരികളായ സംഘികൾ’’‐ തെലങ്കാനയിൽ മുസ്ലിംനേതാക്കൾ പാർടി വിടുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 20, 2018

കോൺഗ്രസ്‌ വിട്ട ന്യൂനപക്ഷവിഭാഗം മുൻ ദേശീയ കോ ഓർഡിനേറ്റർ ഖലീഖുർ റഹ‌്മാൻ ടിആർഎസ്‌ വേദിയിൽ

ഹൈദരബാദ‌് > നിയമസഭാ തെരഞ്ഞെടുപ്പിന‌് രണ്ടാഴ‌്ചമാത്രം ശേഷിക്കെ തെലങ്കാന കോൺഗ്രസിൽനിന്ന‌് കൂട്ടരാജി. പാർടിയുടെ ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള നേതാക്കളാണ‌് കഴിഞ്ഞ ദിവസങ്ങളിൽ രാജിവച്ചത‌്. സ്ഥാനാർഥി പട്ടികയിലടക്കം ന്യൂനപക്ഷ നേതാക്കളെ നേതൃത്വം തഴഞ്ഞതായി രാജിവച്ചവർ പറഞ്ഞു. മുസ്ലിം വിഭാഗത്തിൽപ്പെട്ടവർക്ക‌് കോൺഗ്രസ‌് ടിക്കറ്റ‌് നൽകിയില്ലെന്നും ആരോപിച്ചു.

മുൻ സംസ്ഥാന ന്യൂനപക്ഷ കമീഷനും തെലങ്കാന കോൺഗ്രസ‌് വൈസ‌് പ്രസിഡന്റുമായ അബിദ‌് റസൂൽ ഖാൻ, എഐഎസി ന്യൂനപക്ഷവിഭാഗം ദേശീയ കോ ഓർഡിനേറ്റർ ഖലീഖുർ റഹ‌്മാൻ അടക്കമുള്ള പ്രമുഖരാണ‌് രാജിവച്ചത‌്. അബിദ‌് റസൂൽ ഖാനും ഖലീഖുർ റഹ‌്മാനും തെലങ്കാന രാഷ‌്ട്ര സമിതി (ടിആർഎസ‌്)യിൽ ചേർന്നു. ഇവരുടെ രാജി കോൺഗ്രസിന‌് കൂടുതൽ ക്ഷീണമായതായി രാഷ‌്ട്രീയ നിരീക്ഷകർ പറയുന്നു.

ന്യൂനപക്ഷത്തിന‌് കോൺഗ്രസ‌് അർഹിച്ച പരിഗണന നൽകുന്നില്ല എന്ന‌ാരോപിച്ചാണ‌് നേതാക്കൾ രാജിവയ‌്ക്കുന്നത‌്. മുസ്ലിങ്ങളോടുള്ള സമീപനത്തിൽ കോൺഗ്രസും ബിജെപിയുടെ പാതയിലാണെന്ന‌് രാജിവച്ച മുതിർന്ന നേതാവ‌് അബിദ‌് റസൂൽ ഖാൻ പറഞ്ഞു. കോൺഗ്രസ‌് പാർടിയെ നിയന്ത്രിക്കുന്നത‌് കാക്കി ധരിച്ച സംഘികളാണെന്ന‌് ഖാൻ കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക‌് അയച്ച രാജിക്കത്തിൽ പറഞ്ഞു‌. താങ്കൾ ആദരണീയനും മതേതര നേതാവുമാണ‌്. എന്നാൽ തെലങ്കാനയിലെ പാർടിയെ നയിക്കുന്നത‌ും നിയന്ത്രിക്കുന്നതും കാക്കി ധരിച്ച സംഘികളാണെന്നത‌് താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണെന്നും ഖാൻ  രാജിക്കത്തിൽ പറഞ്ഞു.

ഇവരെ കൂടാതെ മുതിർന്ന നിരവധി നേതാക്കൾ കോൺഗ്രസ‌് വിടാൻ തയ്യാറായിട്ടുളളതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ‌്തു. ഇതിൽ മുൻ ക്രിക്കറ്റ‌് താരവും കോൺഗ്രസ‌് നേതാവുമായ അസറുദീനും ഉൾപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട‌്. അസറുദീൻ ടിആർഎസിൽ ചേരുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്. എന്നാൽ, ഇതേക്കുറിച്ച‌് അസറുദീൻ പ്രതികരിച്ചിട്ടില്ല. മുതിർന്ന നേതാവായ അബ്ദുൾ സത്താറും അനുയായികളും കോൺഗ്രസിൽനിന്ന‌് രാജിവച്ച‌് എംഐഎം പാർടിയിൽ ചേർന്നു.

അതേസമയം കോൺഗ്രസ‌് മുസ്ലിങ്ങളെ തഴയുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന‌് തെലങ്കാന കോൺഗ്രസ‌് ന്യൂനപക്ഷവിഭാഗം ചെയർമാൻ ഷേഖ‌് അബ്ദുള്ള സൊഹൈൽ പറഞ്ഞു. കഴിഞ്ഞതവണ നൽകിയതിന്റെ ഇരട്ടി സീറ്റുകൾ ഇത്തവണ മുസ്ലിങ്ങൾക്കായി  നൽകിയിട്ടുണ്ട‌്. കഴിഞ്ഞ തവണ നാല‌് സീറ്റാണ‌് നൽകിയത‌്. ഇത്തവണ ഏഴെണ്ണം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top