21 September Friday

കാവിവത്ക്കരണം അവസാനിപ്പിക്കാതെ ബിജെപി; ഉത്തര്‍പ്രദേശിലെ മുഗള്‍സറായ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി; പകരം നല്‍കുന്നത് ആര്‍എസ്എസ് നേതാവിന്റെ പേര്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

ലക്‌നൗ >  രാജ്യത്തെ കാവി പുതയ്‌പ്പിക്കുന്നത് അവസാനിപ്പിക്കാതെ ബിജെപി. ചരിത്ര സ്‌മാരകങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കാവി പൂശിയതിന് പിന്നാലെ റെയില്‍വേ സ്റ്റേഷനുകളുടെ പേരും മാറ്റാനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍, ഒപ്പം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാറും.

രാജ്യത്തെ സുപ്രധാന റെയില്‍വെ സ്റ്റേഷനും, ഉത്തര്‍പ്രദേശിലെ പഴയകാല സ്റ്റേഷനുമായ മുഗള്‍സറായ് റെയില്‍വെ സ്റ്റേഷന്റെ പേരാണ് മാറ്റിയത്. ആര്‍എസ്എസ് നേതാവും ജനസംഘം സഹസ്ഥാപകനുമായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരിലാണ് ഇനി മുതല്‍ മുഗള്‍സറായ് സ്റ്റേഷന്‍ അറിയപ്പെടുക. 

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടനെ എടുത്ത തീരുമാനമായിരുന്നു മുഗള്‍സറായ് റെയില്‍വെ സ്റ്റേഷന്റെ പേരുമാറ്റം. 2017 ജൂണിലാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. അതോടൊപ്പം  കേന്ദ്രാനുമതിയും തേടിയിരുന്നു. സ്റ്റേഷന്റെ  പാരമ്പര്യവും പഴക്കവും പരിഗണിക്കാതെ കേന്ദ്രസര്‍ക്കാര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഗവര്‍ണറെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും സ്റ്റേഷന്റെ പേര് മാറ്റുകയും ചെയ്തു.
 
സ്റ്റേഷന്റെ പേരുമാറ്റുന്നതില്‍ പ്രതിപക്ഷ പാര്‍ടികള്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ആര്‍എസ്എസ് നേതാവിന്റെ പേര് സര്‍ക്കാര്‍ സ്ഥാപനത്തിന് ഇടരുതെന്നായിരുന്നു  ആവശ്യം. പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്തപ്പോഴും പ്രതിപക്ഷ പാര്‍ടികള്‍ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍ എല്ലാ എതിര്‍പ്പുകളേയും  അവഗണിച്ചാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈ കടുത്ത തീരുമാനമെടുത്തത്.

1800കളിലാണ് മുഗള്‍സറായ് റെയില്‍വേ സ്റ്റേഷന്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചത്. ദില്ലിയെയും കൊല്‍ക്കത്തയെയും ബന്ധിപ്പിക്കുന്ന പാതയിലെ പ്രധാന റെയില്‍വെ സ്റ്റേഷനാണ് മുഗള്‍സറായ് ജങ്ഷന്‍. മാത്രമല്ല, രാജ്യത്തെ തിരക്കേറിയ നാലാത്തെ റെയില്‍വെ സ്റ്റേഷന്‍ കൂടിയാണിത്. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജന്‍മസ്ഥലമാണ് മുഗള്‍സറായ്. അത് പോലും പരിഗണിക്കാതെയായിരുന്നു പേരുമാറ്റം.

ഭരണം ഉപയോഗിച്ച് രാജ്യത്തിന്റെ സകല മേഖലകളിലും കാവിവത്കരണം നടപ്പിലാക്കാനാണ് ബിജെപി ശ്രമം. വിദ്യാഭ്യാസ മേഖലയില്‍ വരെ ഇവരുടെ കടന്നുകയറ്റം പേടിപ്പെടുത്തുന്ന രീതിയിലാണ്.

 

പ്രധാന വാർത്തകൾ
Top