16 October Tuesday

മോഡിയുടെ ആരോഗ്യപ്രദർശനത്തിന‌് കുമാരസ്വാമിയുടെ മറുപടി

സ്വന്തം ലേഖകൻUpdated: Thursday Jun 14, 2018

ന്യൂഡൽഹി > ശാരീരികക്ഷമത തെളിയിക്കാൻ വെല്ലുവിളിച്ച പ്രധാനമന്ത്രിക്ക് ചുട്ടമറുപടിയുമായി കർണാടക മുഖ്യമന്ത്രി. തന്റെ വ്യായാമമുറകളും നടത്തവും ഉൾപ്പെടുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കിട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡി വെല്ലുവിളി ഏറ്റെടുക്കാൻ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെയും ടേബിൾ ടെന്നീസ് താരം മാണികാ ബത്രയെയും ക്ഷണിച്ചു. പ്രധാനമന്ത്രിയുടെ വെല്ലുവിളിക്ക് ചുട്ടമറുപടിയുമായി കുമാരസ്വാമി ഉടൻ രംഗത്തെത്തി.

“തന്റെ ആരോഗ്യത്തിൽ ശ്രദ്ധാലുവായ പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നു. വ്യക്തിപരമായ ആരോഗ്യത്തേക്കാൾ സംസ്ഥാനത്തിന്റെ ആരോഗ്യത്തിലാണ് ശ്രദ്ധ. പ്രധാനമന്ത്രിയുടെ എല്ലാ സഹായവും പ്രതീക്ഷിക്കുന്നു’‐എന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി ട്വീറ്റ്. നിർണായക രാഷ്ട്രീയനീക്കങ്ങളിലൂടെ ബിജെപിയെ തറപറ്റിച്ചാണ‌് കുമാരസ്വാമി മുഖ്യമന്ത്രിയായത‌്.
കഴിഞ്ഞമാസം 23ന് വിരാട് കോഹ്ലിയുടെ “ഹം ഫിറ്റ്, ഇന്ത്യ ഫിറ്റ്’ വെല്ലുവിളി ഏറ്റെടുക്കുന്നതായും വ്യായാമം ചെയ്യുന്ന ദൃശ്യങ്ങൾ ഉടൻ പങ്കിടാമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച ട്വിറ്ററിൽ വീഡിയോ പങ്കിടുകയായിരുന്നു.

അതേസമയം, ഫിറ്റ്നെസ് ചലഞ്ചിനെ പരിഹസിച്ച് കോൺഗ്രസ് വക്താവ് സഞ്ജയ് ത്സാ തന്റെ ബിഎ, എംഎ, എംബിഎ സർട്ടിഫിക്കറ്റുകൾ പ്രദർശിപ്പിച്ച് “ബിരുദസർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കൽ’ ചലഞ്ചിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. അതിനോട് പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഫിറ്റ്നെസ് ചലഞ്ചിനെ പരിഹസിച്ചും വിമർശിച്ചും സാമൂഹ്യമാധ്യമങ്ങളിലും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പുരോഗതി രാഷ്ട്രീയനേതാക്കളുടെ ആരോഗ്യപ്രദർശനത്തിലാണോ തുടങ്ങിയ ചോദ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നത്.

പ്രധാന വാർത്തകൾ
Top