Top
19
Sunday, November 2017
About UsE-Paper
മെര്‍സലിനെതിരായ ഹര്‍ജി തള്ളി

സിനിമ ഇഷ്ടമില്ലാത്തവര്‍ കാണേണ്ട: ഹൈക്കോടതി

Saturday Oct 28, 2017
ഇ എന്‍ അജയകുമാര്‍


മധുര > 'മെര്‍സല്‍' സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച്. സിനിമ ഇഷ്ടമില്ലാത്തവര്‍ കാണേണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

മെര്‍സല്‍ സിനിമയ്ക്ക് നല്‍കിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. അശ്വത്ഥാമന്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് എം എം സുന്ദരേഷ്, സുന്ദര്‍ എന്നിവരടങ്ങിയ ബഞ്ച് അഭിപ്രായപ്പെട്ടത്.

'ജിഎസ്ടിയെ വിമര്‍ശിക്കുന്നതുകൊണ്ട് എന്ത് തെറ്റാണുള്ളത്. രാജ്യത്തെ പ്രതിപക്ഷപാര്‍ടികളുടെ നേതാക്കളും അല്ലാത്തവരും വിമര്‍ശിച്ചിട്ടുണ്ട്. അവര്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ടോ. സിനിമയിലെ സംഭാഷണം ജനങ്ങളെ ബാധിക്കുന്നത് എങ്ങിനെയാണ്. സമൂഹത്തിനും ജനങ്ങള്‍ക്കും വേണ്ടിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയെങ്കില്‍ സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്യുക. സിനിമയിലെ സംഭാഷണമാണ് പ്രശ്നമെങ്കില്‍ മദ്യഉപഭോഗം, പുകവലി എന്നിവയ്ക്കെതിരെ പ്രതികരിക്കണം. അതൊന്നുമില്ലാതെ സിനിമയ്ക്കെതിരെ ഹര്‍ജി നല്‍കിയത് പൊതുതാല്‍പ്പര്യമാണെന്ന് കരുതാനാവില്ല. മാത്രമല്ല അഭിപ്രായപ്രകടന സ്വാതന്ത്യ്രം കലയ്ക്കുമുണ്ട്. സിനിമ എന്നത് യഥാര്‍ഥജീവിതമല്ല. സിനിമയെ സിനിമയായി മാത്രം കാണുക. ഒരു ചിത്രത്തെ മാത്രം തെരഞ്ഞുപിടിച്ച് കോടതിയെ പൊതുവേദിയാക്കേണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സംഘപരിവാര്‍ ശക്തികള്‍ക്കുവേണ്ടിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സിനിമയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ കണ്ട ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പരസ്യമായി മാപ്പു പറയണമെന്ന് നടന്‍ വിശാല്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിശാലിനെതിരെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. വെള്ളിയാഴ്ച വിശാലിന്റെ ഓഡിറ്റര്‍ കണക്കുകള്‍ ആദായനികുതി വകുപ്പിന് കൈമാറി. അതിനിടെ മെര്‍സല്‍ സിനിമയുടെ തെലുങ്കുപതിപ്പിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു. വെള്ളിയാഴ്ച പുറത്തിറങ്ങേണ്ട ചിത്രത്തിന്റെ റീലീസ് നീട്ടിവച്ചു. വിവാദസംഭാഷണം ചിത്രത്തില്‍നിന്ന് നീക്കാമെന്ന് പറഞ്ഞിട്ടും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ സംഘപരിവാറിനായി സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിയുണ്ട്.