18 July Wednesday

ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം: ഉന്നത ഇടപെടല്‍ കണ്ടില്ലെന്ന് നടിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 26, 2017

ന്യൂഡല്‍ഹി > ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ ഷെയ്ഖ് സൊഹ്‌റാബ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് കൈകാര്യം ചെയ്ത സിബിഐ കോടതി ജഡ്ജി ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹമരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച്  രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍. ലോയയുടെ കുടുംബാംഗങ്ങള്‍ നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് വിവിധ രാഷ്ട്രീയപാര്‍ടികളും പ്രമുഖ നിയമജ്ഞരും ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണഘട്ടത്തില്‍ ജസ്റ്റിസ് ലോയയെ കോഴ നല്‍കി സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമങ്ങളുണ്ടായെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.

കൊലപാതകം, കോഴ, നിയമസംവിധാനം അട്ടിമറിക്കല്‍, പാര്‍ലമെന്ററി ജനാധിപത്യത്തിലെ ഉന്നതതല സ്ഥാപനങ്ങളെപ്പോലും ദുരുപയോഗംചെയ്യല്‍ എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. 'കാരവന്‍' മാസിക  പുറത്തുകൊണ്ടുവന്ന വിവരങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുകയാണ് പൊതുവെ മാധ്യമങ്ങള്‍.
സൊഹ്‌റാബ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് വിചാരണ ആദ്യന്തം ഒരു ജഡ്ജിതന്നെ നടത്തണമെന്ന് 2012ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ജെ ടി ഉല്‍പ്പത്താണ് തുടക്കത്തില്‍ കേസ് കൈകാര്യംചെയ്തത്.  കേസില്‍ പ്രതിയായിരുന്ന അമിത് ഷാ കോടതിയില്‍ ഹാജരാകാത്തതില്‍ ജസ്റ്റിസ് ഉല്‍പ്പത് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് ഉല്‍പ്പത്തിനെ മാറ്റിയത്.

മാറിവന്ന ജസ്റ്റിസ് ലോയ കേസ് ഗൗരവമായി എടുത്തതോടെ അദ്ദേഹത്തെ സ്വാധീനിക്കാന്‍ അന്നത്തെ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൊഹിത് ഷാ വന്‍തുക വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തല്‍ വന്നിട്ടുണ്ട്. ജസ്റ്റിസ് മൊഹിത് ഷാ 100 കോടി രൂപ ജസ്റ്റിസ് ലോയക്ക് വാഗ്ദാനം നല്‍കിയെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ലോയയുടെ സഹോദരി ഡോ. അനുരാധ ബിയാനിയാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജസ്റ്റിസ് മൊഹിത് ഷാ ഇക്കാര്യം നിഷേധിച്ചിട്ടില്ല.

നാഗ്പുരില്‍ 2014 നവംബര്‍ 30ന് ജസ്റ്റിസ് ലോയ താമസിച്ച ഗസ്റ്റ്ഹൗസില്‍നിന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയത് ഓട്ടോറിക്ഷയിലാണ്. നിയമപ്രകാരമുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ജസ്റ്റിസ് ലോയക്കുശേഷം വന്ന ജസ്റ്റിസ് ഗോസ്വാവി, കേസില്‍നിന്ന് അമിത് ഷായെ ഒഴിവാക്കണമെന്ന ഹര്‍ജിയിന്മേല്‍ വാദം നടത്താന്‍ സിബിഐക്ക്  15 മിനിറ്റ് മാത്രമാണ് നല്‍കിയത്. അതേസമയം പ്രതിഭാഗത്തിന് മൂന്നുദിവസം നല്‍കി. ഇത്രയും വെളിപ്പെടുത്തലുകള്‍ വന്നിട്ടും മുഖ്യധാരാമാധ്യമങ്ങള്‍ മൗനം തുടരുകയാണ്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top