13 December Thursday

മീ ടൂ വെളിപ്പെടുത്തൽ: കേന്ദ്രസർക്കാരിൽ സമ്മർദ്ദമേറി , അക‌്ബർ പുറത്തേക്ക‌്

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018


ന്യുഡൽഹി > ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളുടെ പശ‌്ചാത്തലത്തിൽ വിദേശ സഹമന്ത്രി എം ജെ അക‌്ബർ രാജിവയ‌്ക്കണമെന്ന ആവശ്യം ശക്തമായി. നൈജീരിയയിലുള്ള അക‌്ബർ ഞായറാഴ‌്ച മടങ്ങിയെത്തിയശേഷം തീരുമാനമെടുക്കുമെന്നാണ‌് സൂചന. ‘മീ ടൂ’ വെളിപ്പെടുത്തലിൽ നില പരുങ്ങലിലായി നരേന്ദ്ര മോഡി മന്ത്രിസഭയിൽനിന്ന‌് പുറത്താകുന്ന ആദ്യമന്ത്രിയാകും അക‌്ബർ.

ന്യൂ ഏജ‌് പത്രത്തിന്റെ എഡിറ്ററായിരിക്കെ അക‌്ബർ ഓഫീസ‌് മുറിയിൽവച്ച‌് ലൈംഗികാതിക്രമത്തിന‌് ശ്രമിച്ചെന്ന ഗുരുതര വെളിപ്പെടുത്തലാണ‌് മുൻ സഹപ്രവർത്തക ഗസല വഹാബ‌് നടത്തിയത‌്. പിന്നാലെ ഏഴ‌് വനിതാ മാധ്യമപ്രവർത്തകർകൂടി രംഗത്തുവന്നതോടെ നടപടിക്ക‌് കേന്ദ്രസർക്കാരിൽ സമ്മർദ്ദമേറി.

മന്ത്രി തിരിച്ചെത്തിയശേഷം വിശദീകരണം തേടുമെന്നും മാന്യമായി പുറത്തുപോകാൻ അവസരം നൽകുമെന്നുമാണ‌് ബിജെപി വൃത്തങ്ങൾ പറയുന്നത‌്. പ്രതിപക്ഷകക്ഷികളും മാധ്യമപ്രവർത്തകരും രാജി ആവശ്യം ഉന്നയിച്ചതോടെ ബിജെപിയും കേന്ദ്രസർക്കാരും പ്രതിരോധത്തിലാണ‌്.ഗുരുതര വെളിപ്പെടുത്തലുണ്ടായിട്ടും പ്രതികരിക്കാൻ വിദേശമന്ത്രി സുഷ‌്മ സ്വരാജ‌് തയ്യാറായിട്ടില്ല. പരസ്യപ്രതികരണം വേണ്ടെന്നാണ‌് ബിജെപി നിർദേശം. സ‌്ത്രീസുരക്ഷ പ്രചാരണായുധമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മൗനത്തിലാണ‌്.

അഭിമുഖത്തിനെത്തിയ തന്നോട‌് അക‌്ബർ മോശമായി പെരുമാറിയെന്ന പ്രിയാരമണിയുടെ വെളിപ്പെടുത്തലോടെയാണ‌് നിരവധി പേർ രംഗത്തുവന്നത‌്. ശാരീരികാതിക്രമമുണ്ടായെന്ന ഗസല വഹാബ‌ിന്റെ വെളിപ്പെടുത്തൽ അന്നത്തെ ബ്യൂറോചീഫ‌് സീമ മുസ‌്തഫയും ശരിവച്ച‌ു.


അക‌്ബർ  രാജിവയ‌്ക്കണം: സിപിഐ എം

ന്യൂഡൽഹി
ഗുരുതര ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ വിദേശസഹമന്ത്രി എം ജെ അക‌്ബർ രാജിവയ‌്ക്കണമെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ ആവശ്യപ്പെട്ടു. ഏഴ‌് വനിതാ മാധ്യമപ്രവർത്തകരാണ‌് അക‌്ബറിൽനിന്ന‌് ലൈം‌ഗികാതിക്രമം നേരിടേണ്ടിവന്നതായി പരാതിപ്പെട്ടിരിക്കുന്നത‌്. അക‌്ബറിന‌്‌ മന്ത്രിയായി തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കയാണെന്ന‌് പിബി പ്രസ‌്താവനയിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top