19 September Wednesday

ഡൽഹി മഹാറാലി 5ന്‌; തൊഴിലാളി‐ കർഷക പ്രവാഹം തുടങ്ങി

സ്വന്തം ലേഖകൻUpdated: Monday Sep 3, 2018

ന്യൂഡൽഹി > നരേന്ദ്ര മോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച‌് തൊഴിലാളി‐ കർഷക മഹാറാലിക്കായി രാജ്യതലസ്ഥാനം ഒരുങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ലക്ഷക്കണക്കിന‌ു കർഷകരും തൊഴിലാളികളും കർഷകത്തൊഴിലാളികളും ബുധനാഴ്‌ച പാർലമെന്റിലേക്ക് മാർച്ച് ചെയ്യും. മഹാറാലിയിൽ പങ്കെടുക്കാൻ ആയിരക്കണക്കിനാളുകൾ ഡൽഹിയിലേക്ക് ഞായറാഴ്ചമുതൽ പ്രവഹിച്ചുതുടങ്ങി.

വിലക്കയറ്റം തടയുക, പൊതുവിതരണം സാർവത്രികമാക്കുക, തൊഴിൽ സൃഷ്ടിക്കായി ക്രിയാത്മക നടപടി സ്വീകരിക്കുക, 18,000 രൂപ മിനിമം കൂലി, തൊഴിലാളിവിരുദ്ധ തൊഴിൽ നിയമ ഭേദഗതി നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയുക, കൃഷിച്ചെലവിന്റെ ഒന്നര ഇരട്ടി അധികമായി കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വായ്പയിളവ്, കർഷകത്തൊഴിലാളികൾക്കായി സമഗ്ര നിയമനിർമാണം, തൊഴിലുറപ്പു പദ്ധതി എല്ലാ ഗ്രാമീണ മേഖലകളിലും നടപ്പാക്കുന്നതിനു പുറമെ നഗരപ്രദേശങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, ആരോഗ്യവും വിദ്യാഭ്യാസവും അടക്കമുള്ള സാമൂഹ്യസുരക്ഷ എല്ലാവർക്കും ഉറപ്പാക്കുക, കരാർതൊഴിൽ അവസാനിപ്പിക്കുക, വനാവകാശ നിയമം നടപ്പാക്കുക, നിർബന്ധിത ഭൂമിയേറ്റെടുക്കൽ അവസാനിപ്പിക്കുക, പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയാകുന്നവരുടെ ദുരിതാശ്വാസവും പുനരധിവാസവും ഉറപ്പാക്കുക, നവലിബറൽ നയങ്ങൾ തിരുത്തുക തുടങ്ങി 15 ഇന ആവശ്യങ്ങൾ മുൻനിർത്തിയാണ് തൊഴിലാളി‐ കർഷക മഹാറാലി.

ആൾക്കൂട്ട ഹത്യകൾ, സദാചാര പൊലീസിങ്, സനാതൻ സൻസ്‌തയടക്കമുള്ള തീവ്രഹൈന്ദവ സംഘടനകൾ നടത്തുന്ന കൊലപാതകങ്ങൾ, മനുഷ്യാവകാശ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ എന്നിവയ്ക്കെതിരായ പ്രതിഷേധവും ഉയരും. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തോടുള്ള ഐക്യദാർഢ്യവും റാലി പ്രകടമാക്കും. ബുധനാഴ്ച രാംലീല മൈതാനമടക്കം എട്ട് കേന്ദ്രത്തിൽനിന്നാണ‌് റാലി തുടങ്ങുക. സമര വളന്റിയർമാർക്ക‌് രാംലീല മൈതാനിയിലും ഗാസിയാബാദിലും താമസസൗകര്യം ഒരുക്കി. നാസിക്കിൽനിന്ന് ആയിരക്കണക്കിനു കർഷകർ പ്രത്യേക ട്രെയിനിലാണെത്തുക. കേരളത്തിൽനിന്നുള്ള പതിനായിരത്തിലേറെ വളന്റിയർമാരും പുറപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top