21 May Monday

ആരെ തുണയ്ക്കും : മണിപ്പുരിന്റെ രോഷം

സാജന്‍ എവുജിന്‍Updated: Thursday Jan 12, 2017


ന്യൂഡല്‍ഹി > ആഴ്ചകള്‍ നീളുന്ന ബന്ദ്, സംഘര്‍ഷം, പ്രതിഷേധം, നുഴഞ്ഞുകയറ്റം, ഇറോം ശര്‍മിളയുടെ 16 വര്‍ഷം നീണ്ട നിരാഹാരം എന്നിവവഴി ദേശീയശ്രദ്ധനേടിയ വടക്കുകിഴക്കന്‍ സംസ്ഥാനമാണ് മണിപ്പുര്‍. രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്ന് ഒട്ടേറെ വിഷയങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന മണിപ്പുര്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ പക്ഷേ, മുഖ്യവിഷയം ഒക്രം ഇബോബി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍തന്നെ. 15 വര്‍ഷമായി അധികാരത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരിടുന്നത് കടുത്ത ജനരോഷം. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ സര്‍ക്കാര്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ പതീകം.

ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ്  സര്‍ക്കാര്‍ മുന്നോട്ടുപോയത്. കോണ്‍ഗ്രസ് കേന്ദ്രഭരണം കൈയാളുമ്പോള്‍ ചെലുത്തിയ തന്ത്രപരമായ സ്വാധീനവും സര്‍ക്കാരിന് കുറെക്കാലം തുണയായി. 60 സീറ്റില്‍ 42 എണ്ണവും 2012ല്‍ കോണ്‍ഗ്രസ് നേടി. ബിജെപിക്ക് സീറ്റൊന്നും ലഭിച്ചില്ല. ചെറുകക്ഷികളില്‍നിന്ന് ചിലരെ അടര്‍ത്തിയെടുത്ത് ബിജെപി പിന്നീട് സാന്നിധ്യം അറിയിച്ചു. ഇപ്പോള്‍ കേന്ദ്രഭരണം ഉപയോഗിച്ച് വംശീയവിഷയങ്ങളില്‍ ഇടപെടുകയാണ് ബിജെപി.

സൈന്യത്തിനുള്ള പ്രത്യേക അവകാശനിയമ(അഫ്സ്പാ)ത്തിനെതിരെ  16 വര്‍ഷം നിരാഹാരസമരം നടത്തിയ ഇറോം ശര്‍മിള രാഷ്ട്രീയപാര്‍ടി രൂപീകരിച്ച് പോരാട്ടത്തിനൊരുങ്ങുന്നു. പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലൈന്‍സ് (പിആര്‍ജെഎ) എന്ന ഈ പാര്‍ടിക്ക് ചെലുത്താനാകുന്ന സ്വാധീനം  നിര്‍ണായകം. അഴിമതിക്കും അനീതിക്കും എതിരായ പോരാട്ടമാണ് ലക്ഷ്യമെന്ന് ഇറോം ശര്‍മിള വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിപദവിതന്നെയാണ് തന്റെ ഉന്നമെന്നും അവര്‍ പറയുന്നു.

ത്രിപുരയില്‍ ഇടതുമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്ത് തീവ്രവാദത്തിന് അറുതിവരുത്തി അഫ്സ്പാ പിന്‍വലിച്ചപ്പോള്‍ മണിപ്പുരില്‍ കരിനിയമം തുടരുന്നു. നിയമം ദുരുപയോഗം ചെയ്തെന്ന പരാതി സുപ്രീംകോടതി ഗൌരവമായി എടുത്തിട്ടുണ്ട്. 2000-2012 കാലത്ത് കൊല്ലപ്പെട്ട 1528 പേരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. 62 കേസ് പ്രഥമപരിഗണന നല്‍കി പരിശോധിക്കാനും തീരുമാനിച്ചു.  മണിപ്പുരില്‍ സുരക്ഷാഭടന്മാര്‍ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണറിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. സര്‍ക്കാരിന് ഈ റിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതിക്ക് കൈമാറേണ്ടിവന്നു. ഈ വിഷയത്തില്‍ ബിജെപിയുടെ നിലപാട് കോണ്‍ഗ്രസിന് സഹായകമാണ്.

യുണൈറ്റഡ് നാഗാ കൌണ്‍സില്‍ നവംബര്‍ ഒന്നുമുതല്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം  ജനജീവിതം ദുരിതപൂര്‍ണമാക്കി. നിത്യോപയോഗസാധനങ്ങള്‍ ലഭിക്കുന്നില്ല. രണ്ടുമാസം പിന്നിട്ട ഉപരോധം അവസാനിപ്പിക്കുന്നതില്‍ സംസ്ഥാന- കേന്ദ്ര ഭരണകക്ഷികള്‍ ഒരേപോലെ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ഉപരോധം തുടരുമെന്നാണ് നാഗാ കൌണ്‍സില്‍ പറയുന്നത്. മാര്‍ച്ച് നാലിനും എട്ടിനുമാണ് വോട്ടെടുപ്പ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top