21 September Friday

രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; മധ്യപ്രദേശില്‍ മനോവൈകല്യമുള്ള യുവാവിനെ തല്ലിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

ഭോപ്പാല്‍ > രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. മധ്യപ്രദേശിലെ ഷിങ്‌വാര്‍ ജില്ലയിലാണ്  കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്നാരോപിച്ച്  മനോവൈകല്യമുള്ള യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. മധ്യപ്രദേശിലെ ആദിവാസി മേഖലയായ അന്നപൂരിലെ കുയി ഗ്രാമസ്വദേശി മുകേഷ് ഗോണ്ട് (27) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; മദ്യലഹരിയിലായിരുന്ന ജഗദീഷ്, ചേത്‌റാം, സഞ്ജയ്, ഗഗ്‌രാം എന്നിവര്‍ ഗ്രാമത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന മുകേഷിനെ കണ്ട് ചോദ്യചെയ്യുകയായിരുന്നു. പേര് ചോദിച്ചപ്പോള്‍ മറുപടി പറയാതെ മുകേഷ് സ്‌കൂളിന് പിറകില്‍ ഒളിക്കാന്‍ ശ്രമിച്ചു. വീണ്ടും ചോദ്യം ചെയ്യല്‍ തുടര്‍ന്നപ്പോള്‍ മനോവൈകല്യമുള്ള ഇയാള്‍ താന്‍ വരുന്ന ഗ്രാമത്തിന്റെ പേരു മാത്രം പറഞ്ഞു. തുടര്‍ന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്ന് ആരോപിച്ച് സംഘം മുകേഷിനെ തല്ലിച്ചതച്ചത്.ഇരുകൈകളും കൂട്ടിക്കെട്ടിയ ശേഷം മുളവടി ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ്   അവശനായ മുകേഷ് മരിച്ചു. തുടര്‍ന്ന് ആക്രമിസംഘം മൃതദേഹം കല്ലുകെട്ടി അടുത്തുള്ള കൃഷിയിടത്തിലെ കിണറ്റില്‍ ഇടുകയായിരുന്നു. മൃതദേഹം പൊങ്ങിവന്നതോടെയാണ് കൊലപാതകത്തെക്കുറിച്ച് അറിയുന്നത്. ജൂലൈ 28 ന് നടന്ന സംഭവം പുറത്തറിയുന്നത് ആഗസ്റ്റ് ഒന്നിനാണ്.

സംഭവത്തില്‍ പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞമാസം മധ്യപ്രദേശിലെ ഷിങ്‌റാലി ജില്ലയില്‍ കുട്ടികളെ തട്ടികൊണ്ട്‌പോകുന്ന ആളെന്നാരോപിച്ച് മനോവൈകല്യമുള്ള മറ്റൊരു സ്ത്രീയെയും ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു.

രാജ്യത്ത് ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് വീണ്ടുമൊരു കൊലപാതകം നടന്നിരിക്കുന്നത്.



 

പ്രധാന വാർത്തകൾ
Top