17 December Monday

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരകാഹളം ഉയര്‍ത്തി മഹാപ്രതിരോധം

പി ആര്‍ ചന്തുകിരണ്‍Updated: Friday Nov 10, 2017

# കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ-ദേശവിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസത്തെ മഹാധര്‍ണ പാര്‍ലമെന്റ് സ്ട്രീറ്റില്‍ ആരംഭിച്ചപ്പോള്‍ / ഫോട്ടോ: കെ എം വാസുദേവന്‍ (* വാര്‍ത്ത പേജ് 16ല്‍)


ന്യൂഡല്‍ഹി > കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ- ജനവിരുദ്ധ- ദേശവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരകാഹളം ഉയര്‍ത്തി കേന്ദ്ര ട്രേഡ് യൂണിയനുകളുടെ മൂന്നു ദിവസത്തെ മഹാധര്‍ണയ്ക്ക് ആവേശോജ്വല തുടക്കം. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് പതിനായിരങ്ങള്‍ തലസ്ഥാന നഗരത്തിലേക്ക് ഒഴുകിയെത്തി. വ്യത്യസ്ത ഭാഷയുടെയും വേഷത്തിന്റെയും സംസ്കാരത്തിന്റെയും സംഗമവേദിയായി മാറിയ പാര്‍ലമെന്റ് സ്ട്രീറ്റിലെ ചെങ്കടല്‍ മഹാപ്രതിരോധത്തിന്റെ പുതുഗാഥയെഴുതി. വികല സാമ്പത്തികനയങ്ങള്‍ക്കും തൊഴിലാളിവിരുദ്ധതയ്ക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് ഏക പോംവഴിയെന്ന് തൊഴിലാളികളും ജീവനക്കാരും ഉറക്കെ പ്രഖ്യാപിച്ചു. കേരളത്തില്‍നിന്ന് ആയിരക്കണക്കിന് തൊഴിലാളികളും ജീവനക്കാരും പങ്കെടുത്തു.

നവ-ഉദാരവല്‍ക്കരണനയങ്ങള്‍ സാമ്പത്തിക മേഖലയിലുണ്ടാക്കിയ ആഘാതങ്ങള്‍ക്കു പിന്നാലെ നോട്ടുനിരോധനവും ജിഎസ്ടിയും കനത്ത പ്രഹരമായി. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിന്റെ നയങ്ങള്‍ നിലവിലുള്ള തൊഴിലും ഇല്ലാതാക്കുന്നു. സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ ശക്തമാക്കുന്നതിനൊപ്പം തൊഴില്‍നിയമങ്ങള്‍ ഉടമകള്‍ക്ക് അനുകൂലമായി മാറ്റിയെഴുതുന്നു. തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക, സാര്‍വത്രിക സാമൂഹിക സുരക്ഷ ഉറപ്പാക്കുക, മിനിമം കൂലി 18,000 രൂപയായി ഉയര്‍ത്തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍ അവസാനിപ്പിക്കുക, റെയില്‍വേയില്‍ അടക്കം വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്തിരിയുക, സ്ഥിരം സ്വഭാവമുള്ള തൊഴിലുകളില്‍ കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക തുടങ്ങി 12 ഇന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ട്രേഡ് യൂണിയനുകളുടെ ധര്‍ണ.

എട്ടുവര്‍ഷമായി മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തപക്ഷം പണിമുടക്ക് അടക്കം കൂടുതല്‍ തീവ്രസമരമാര്‍ഗങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുന്നതിനുള്ള നാന്ദികുറിക്കലാണ് മഹാധര്‍ണ. കല്‍ക്കരി, ഉരുക്ക്, ഗതാഗതം, ടെലികോം, പെട്രോളിയം, വൈദ്യുതി, തുറമുഖം, കെട്ടിടനിര്‍മാണം, എന്‍ജിനിയറിങ്, പദ്ധതി തൊഴിലാളികള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, റെയില്‍വേ, ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധ നിര്‍മാണം തുടങ്ങി സമസ്ത മേഖലയെയും പ്രതിനിധീകരിച്ച് തൊഴിലാളികളും ജീവനക്കാരും മഹാധര്‍ണയില്‍ അണിനിരന്നു.

സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍, ഗുരുദാസ്ദാസ് ഗുപ്ത (എഐടിയുസി), അശോക് സിങ് (ഐഎന്‍ടിയുസി), എച്ച് എസ് സിദ്ധു (എച്ച്എംഎസ്), സത്യവാന്‍ (എഐയുടിയുസി), ജി ദേവരാജന്‍ (ടിയുസിസി), മണാലി (സേവ), രാജിവ് ദിമിത്രി (എഐസിസിടിയു), എം ഷണ്‍മുഖം (എല്‍പിഎഫ്), അശോക് ഘോഷ് (യുടിയുസി), എഐആര്‍ടിഡബ്ള്യുഎഫ് ജനറല്‍ സെക്രട്ടറി കെ കെ ദിവാകരന്‍, എഐഡിഇഎഫ് ജനറല്‍ സെക്രട്ടറി സി ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിഐടിയു പ്രസിഡന്റ് കെ ഹേമലത, രാമേന്ദ്രകുമാര്‍ (എഐടിയുസി), സഞ്ജയ് സിങ് (ഐഎന്‍ടിയുസി) തുടങ്ങിയവര്‍ പങ്കെടുത്തു. സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, സംസ്ഥാന സെക്രട്ടറിമാരായ ടി കെ രാജന്‍, ഗോപിനാഥ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്ന് ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. കേരളത്തില്‍നിന്ന് ഐഎന്‍ടിയുസി ദേശീയ സെക്രട്ടറിമാരായ പാലോട് രവി, എം പി പത്മനാഭന്‍, കെ പി ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top