21 September Friday

കരുണാനിധി: രാഷ്‌ട്രീയത്തിന്റെയും തിരക്കഥാകൃത്ത്

അനില്‍കുമാര്‍ എ വിUpdated: Tuesday Aug 7, 2018

ചെന്നൈ > ചലച്ചിത്രവും രാഷ്‌ട്രീയവും ഒരിക്കലും ഇഴപിരിയാത്തവിധം ഒട്ടിനിന്ന തമിഴ് പാരമ്പര്യത്തിന്റെ നേരവകാശിയായിരുന്നു മുത്തുവേല്‍ കരുണാനിധി. ഇരു രംഗത്തുനിന്നും വിരമിക്കാന്‍ കൊതിക്കാത്തവിധം അദമ്യമായിരുന്നു ആ ആഗ്രഹങ്ങള്‍.''ഞാന്‍ എല്ലായ്പ്പോഴും വിശ്രമത്തിന് വിശ്രമം കൊടുത്തു. സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഇഷ്ടപ്പെടുന്നതേയില്ല.''എന്ന് ആറു പതിറ്റാണ്ട്  സ്വന്തം പാര്‍ടിയെ നയിക്കുകയും പന്ത്രണ്ട് തവണ നിയമസഭാംഗമാവുകയും അഞ്ചുവട്ടം തമിഴ്നാട് മുഖ്യമന്ത്രിയാവുകയും ചെയ്ത അദ്ദേഹം പലവട്ടം പറഞ്ഞിരുന്നു. സാഹസികതയും നിശ്ചയദാര്‍ഢ്യവും പോരാട്ടവീറും നിറഞ്ഞുകവിഞ്ഞ ആ ജീവിതത്തിന്റെ ഏടുകള്‍ ഒരു പാഠപുസ്തകം പോലെ തുറന്നുവെച്ചതാണ് ആത്മകഥയായ 'നെഞ്ചുക്കു നീതി.' ആറു വാല്യങ്ങളിലായി പരന്നു കിടക്കുന്ന അത് ഒട്ടേറെ പ്രത്യേകതകള്‍ ഇരമ്പി മറിയുന്നതാണ്.

സംഗീതത്തിന്റെയും നൃത്തത്തിന്റെയും പശ്ചാത്തലമുള്ളതായിരുന്നു കുടുംബമെങ്കിലും കരുണാനിധി മറ്റൊരു മേഖലയിലെത്തുകയായിരുന്നു. അച്ഛന്‍ മുത്തുവേലന്‍ നാദസ്വര വിദ്വാനും അമ്മ തിരുമതി അഞ്ജുകം അമ്മിയാര്‍ ദാരിദ്ര്യം മൂലം ചെറുപ്പത്തിലേ ക്ഷേത്ര നര്‍ത്തകിയുമായിരുന്നു. മകനെ സ്വന്തം വഴിയായ സംഗീതത്തിലേക്ക് മുത്തുവേലന്‍ വിരല്‍ചൂണ്ടിയെങ്കിലും അവന്‍ പൊതുപ്രവര്‍ത്തനത്തിന്റെ കഠിന പാതയിലേക്കാണിറങ്ങിയത്. 



എം ജി ആര്‍ മുതല്‍ വിജയ് കാന്ത്വരെയുള്ളവര്‍ അഭിനയത്തില്‍നിന്നാണ് രാഷ്ട്രീയത്തിലെത്തിയതെങ്കില്‍ കരുണാനിധി വന്‍താരങ്ങളെ സൃഷ്ടിച്ച തിരക്കഥാകൃത്തെന്ന നിലയിലാണ് അറിയപ്പെട്ടത്. സ്‌കൂള്‍ വിദ്യാള്‍ഥിയായിരിക്കെ നാടകങ്ങള്‍ എഴുതിയ അദ്ദേഹത്തിന്റെ സിനിമാജീവിതം ആരംഭിക്കുന്നത് ഇരുപതാം വയസ്സിനു മുമ്പ് ജൂപ്പിറ്റര്‍ പിക്ചേഴ്സിന്റെ തിരക്കഥാകൃത്തായതോടെ. 1947ല്‍ രാജകുമാരി എന്ന ചിത്രത്തിന്റേതാണ് ആദ്യ തിരക്കഥ. എഎസ്എ സാമി സംവിധാനംചെയ്ത സിനിമയില്‍ എംജിആറും കെ മാലതിയുമായിരുന്നു പ്രധാന വേഷങ്ങളില്‍. ആ വന്‍വിജയത്തിനുശേഷം തിരിഞ്ഞുനോക്കേണ്ടിവന്നില്ല. എം ജി ആര്‍ എന്ന നടന്റെ വളര്‍ച്ച തുടങ്ങിയതും 'രാജകുമാരി'യിലൂടെ. 1954ല്‍ കരുണാനിധിയുടെ തൂലികയില്‍നിന്ന് എംജിആറിനുവേണ്ടി 'മലൈക്കള്ളന്‍' പിറവിയെടുത്തു. അദ്ദേഹത്തിന് തമിഴിലെ സൂപ്പര്‍താരപദവി നേടിക്കൊടുത്തത് അതാണ്.

പാവപ്പെട്ടവര്‍ക്കായി പൊരുതുന്ന വീരനായകനെയാണ്  അവതരിപ്പിച്ചത്. പല തിയറ്ററുകളിലും 140 ദിവസത്തിലധികം ഓടിയ അത് രാഷ്ട്രപതിയുടെ വെള്ളി മെഡലും നേടി.തമിഴിലെ പല വീരസാഹസിക പടങ്ങളും നിര്‍മിക്കപ്പെട്ടത് മലൈക്കള്ളന്റെ ചുവടുപിടിച്ച്. കരുണാനിധി എഴുതിയ സംഭാഷണങ്ങള്‍ എം ജി ആറിന്റെ ശബ്ദത്തില്‍ വെള്ളിത്തിരയില്‍ മുഴങ്ങിയത് ഹര്‍ഷാരവത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റുവാങ്ങിയത്. ശിവാജി ഗണേശനെയും താരമാക്കി ഉയര്‍ത്തിയതില്‍ കരുണാനിധി വലിയ പങ്കുവഹിച്ചു.



'പരാശക്തി' അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ വിളംബരംകൂടിയായി. വിവാദങ്ങള്‍ക്കും വിലക്കുകള്‍ക്കുംശേഷം 1952 ദീപാവലി ദിനത്തിലാണ് ആര്‍ കൃഷ്ണനും പി സന്‍ജുവും സംവിധാനംചെയ്ത  ചിത്രം പുറത്തിറങ്ങിയത്. തമിഴ് സിനിമ അതുവരെ കാണാത്ത  മികച്ച വിജയം. ആറു മാസത്തിനടുത്ത് തകര്‍ത്താടി. ശ്രീലങ്കയിലും നിറഞ്ഞ വരവേല്‍പ്.1957 ജനുവരിയില്‍ ഇറങ്ങിയ തെലുങ്കു പതിപ്പും   ശ്രദ്ധേയമായി. ബ്രാഹ്മണരെ അതിരുവിട്ട് ഇകഴ്ത്തുന്നതാണ് കഥയെന്ന് രൂക്ഷവിമര്‍ശമുണ്ടായെങ്കിലും ചിത്രത്തിന്റെ വിജയത്തെ തടയാന്‍ വിവാദത്തിനായില്ല. ഇത്തരത്തിലുള്ള രണ്ട് സിനിമക്കുകൂടി കരുണാനിധി തിരക്കഥയെഴുതി. 'പണം', 'തങ്കരത്നം' എന്നിവയിലൂടെ വിധവാ വിവാഹത്തെ പ്രോത്സാഹിപ്പിക്കാനും അയിത്തത്തെ കഠിനമായി വിമര്‍ശിക്കാനും ശ്രമിച്ചു.

മതത്തിന്റെ പേരില്‍ നടമാടുന്ന കാപട്യങ്ങള്‍ക്കും സെമീന്ദാരി വ്യവസ്ഥയുടെ ക്രൂരതകള്‍ക്കുമെതിരായ പോരാട്ടത്തിന് ഇന്ധനമായ  അവ ആ ദുഷിച്ച സമ്പ്രദായങ്ങള്‍ തുടച്ചുനീക്കാന്‍ ആഹ്വാനം നല്‍കി. സമൂഹ കോശങ്ങളില്‍ ആണ്ടിറങ്ങിയ ബ്രാഹ്മണ മേധാവിത്വം അവസാനിപ്പിക്കുകയും പിന്നോക്കംനിന്ന ദ്രാവിഡരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയുമായിരുന്നു ലക്ഷ്യം. അത് സൂക്ഷ്മമായും ഭംഗിയായുംനിര്‍വഹിച്ചു. രചനകളിലെ തീപടര്‍ത്തുന്ന ഉള്ളടക്കം തിരിച്ചറിഞ്ഞ് അവയ്ക്കുമേല്‍ ഭരണകൂടം വിലങ്ങുവെച്ചു. 1950കളില്‍ കരുണാനിധിയുടെ രണ്ടു നാടകങ്ങള്‍ നിരോധിക്കുക പോലുമുണ്ടായി.



തമിഴകത്തിന്റെ കലൈഞ്ജര്‍ കരുണാനിധിയാണ്. മികച്ച കലാകാരന്‍ എന്നര്‍ഥം. എന്തെല്ലാം വിമര്‍ശനങ്ങളുണ്ടായിരുന്നെങ്കിലും ലോകത്തെങ്ങുമുള്ള തമിഴ് ജനവിഭാഗങ്ങളുടെ ആരാധനാമൂര്‍ത്തിയായിരുന്നു അദ്ദേഹം. കുറിക്കുകൊള്ളുന്ന വാക്കുകളായിരുന്നു തന്ത്രങ്ങളെക്കാളും വഴക്കങ്ങളെക്കാളും കരുണാനിധിയെ  തമിഴക മനസ്സില്‍ പതിയാന്‍ തുണച്ചത്. തമിഴ് സാഹിത്യത്തിന് നല്‍കിയ സംഭാവനകളും അപൂര്‍വവും അതുല്യവുമായിരുന്നു. ഗദ്യത്തിലും പദ്യത്തിലുമായി നൂറിലധികം  കൃതികള്‍. കവിത, പത്രപംക്തി, തിരക്കഥ, നോവല്‍, ജീവചരിത്രം, നാടകം, സംഭാഷണം, പാട്ട് തുടങ്ങി കരസ്പര്‍ശമേല്‍ക്കാത്ത സാഹിത്യ മേഖലയില്ല. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയെന്നത് മറ്റൊരു അത്ഭുതം.

രോമപുരി പാണ്ഡ്യന്‍, തേന്‍പാണ്ടി സിങ്കം, വെള്ളിക്കിഴമൈ, നെഞ്ചൂക്ക് നീതി, ഇനിയവൈ ഇരുബത്തു, സംഘ തമിഴ്, കുരലോവിയം, പൊന്നര്‍ ശങ്കര്‍, തിരുക്കുറല്‍ ഉരൈ എന്നിവയാണ് പ്രധാന കൃതികള്‍. നാടകങ്ങളില്‍ കൂടുതല്‍ പ്രചാരം ലഭിച്ചത് അദ്ദേഹത്തിന്റെ രചനകള്‍ക്ക്. തൂക്കുമേടൈ, കായിതപൂ, മന്ത്രികുമാരി തുടങ്ങിയവ തരംഗങ്ങള്‍ തീര്‍ത്തു. ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരണത്തിനുശേഷം പാര്‍ടിയെ ജനങ്ങള്‍ക്കിടയിലേക്കെത്തിക്കാന്‍ പ്രാപ്തമായ നാടകങ്ങളാണ് എഴുതിയത്. മന്നിമഗുഡം, ഒരേരതം, പളനിയപ്പന്‍, തൂക്ക് മേടൈ, നാനേ അറിവാലി, വെള്ളികീഴ്മൈ, ഉദയസൂര്യന്‍, ചിലപ്പതികാരം എന്നിവ പ്രധാനം. ആദ്യ രചനയായ രാജകുമാരി ജനപ്രിയനാക്കി. അതോടെ തിരക്കഥാകൃത്തെന്ന നിലയില്‍ അംഗീകരിക്കപ്പെട്ടു. എഴുപതിലധികം തിരക്കഥകള്‍ ആ തൂലികയില്‍നിന്ന് പിറന്നുവീണു.



1952ല്‍ ശിവാജി  ഗണേശന്‍ പ്രധാന വേഷമിട്ട 'പരാശക്തി'യിലാണ് ജാതിവിരുദ്ധ കലാപത്തിന്റെ ആശയങ്ങള്‍ അതിശക്തമായി അവതരിപ്പിക്കപ്പെട്ടത്. അത് നിലയ്ക്കാത്ത  ചലനങ്ങളുണ്ടാക്കി. തമിഴ് ദേശീയവാദം ശക്തമാകുന്നതിന്റെ സൂചനയും നല്‍കിയ ചിത്രം ദ്രാവിഡ പ്രസ്ഥാനത്തിന്റെ ആശയ പ്രഖ്യാപനംകൂടി നടത്തുകയായിരുന്നെന്ന് പറയാം.ശിവാജി ഗണേശനൊപ്പം നടന്‍ എസ് എസ് രാജേന്ദ്രനെ പരിചയപ്പെടുത്തിയതും പരാശക്തിയാണ്. രാജകുമാരി, അഭിമന്യു, മന്ത്രി കുമാരി, മരുതനാട്ടു ഇളവരശി, മനമകന്‍ ദേവകി, പരാശക്തി പണം, തിരുമ്പിപാര്‍ നാം, മനോഹര അമ്മായിയപ്പന്‍, മാലൈ കള്ളന്‍, രംഗൂണ്‍ രാധ, കാഞ്ചി തലൈവന്‍ പൂമ്പുഹാര്‍, മുലൈപ്പാല്‍, പസിക്കിലികള്‍ കണ്ണമ്മ, പൂക്കാരി, നീതിക്കു താണ്ടണൈ തുടങ്ങിയ തിരക്കഥകള്‍ തമിഴ് ജീവിതത്തിന്റെ നേര്‍മുഖങ്ങളായി.

ജസ്റ്റിസ് പാര്‍ടി നേതാവ് അളഗിരിസാമിയുടെ പ്രസംഗം കേട്ടുകൊണ്ടായിരുന്നു കരുണാനിധിയുടെ സാമൂഹ്യ പ്രവേശനം.അന്ന് പതിനാലു വയസു മാത്രം. ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ അണിനിരന്നാണ് ആ രംഗത്ത് കൂടുതല്‍ സജീവമായത്.ഗ്രാമീണ യുവാക്കളെ ചേര്‍ത്ത് സംഘടന രൂപീകരിക്കുകയും അതിന്റെ പ്രചരണാര്‍ഥം 'മനവര്‍ നേശന്‍' എന്ന കൈയെഴുത്തു മാസിക ആരംഭിക്കുകയും ചെയ്തു.പത്രാധിപര്‍ എന്ന നിലയിലുള്ള പരിശീലനക്കളരിയായിരുന്നു അത്.

1942 ആഗസ്ത് പത്തിന് 'മുരശൊലി' പത്രം തുടങ്ങി. അത് പതിനെട്ടാം വയസ്സില്‍. തമിഴക ചരിത്രത്തില്‍ ആഴത്തില്‍ മുദ്രപതിഞ്ഞ യുവപത്രാധിപര്‍. മാസികയായി ആരംഭിച്ച അത്  ദ്വൈവാരികയായും ഒടുവില്‍ ദിനപത്രമായും വളര്‍ന്നു. കാര്‍ട്ടൂണിസ്റ്റായും പത്രപ്രവര്‍ത്തകനായും കരുണാനിധി മുരശൊലിയിലൂടെ പ്രക്ഷുബ്ധങ്ങളായ പുതിയ ആശയങ്ങള്‍ വിതച്ചു. പ്രവര്‍ത്തകര്‍ക്ക് സന്ദേശമായി പംക്തികളെഴുതി. അര നൂറ്റാണ്ടിലധികം  അത് തുടര്‍ന്നു. കുദിയരശുവിന്റെ പത്രാധിപസ്ഥാനവും വഹിച്ചു. തമിഴിലും ഇംഗ്ലീഷിലും ഇറങ്ങിയ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ തമിഴ് അരശുവിന്റെ സ്ഥാപകനും കരുണാനിധി.



1970 ജുലൈ 15 മുതല്‍ 18 വരെ പാരീസില്‍ നടന്ന മൂന്നാം തമിഴ് കോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ കരുണാനിധി പ്രത്യേക പ്രസംഗം നടത്തി. 1987 നവംബര്‍ 15 മുതല്‍ 19 വരെ കോലാലമ്പൂരില്‍ ചേര്‍ന്ന ആറാം കോണ്‍ഗ്രസിലെ  മുഖ്യപ്രഭാഷണവും അതിശ്രദ്ധേയമായി.2010 ജൂണ്‍ 23 മുതല്‍ 27 വരെ കോയമ്പത്തൂരില്‍ വിളിച്ചുചേര്‍ത്ത ഒമ്പതാം ലോക തമിഴ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഗാനമെഴുതിയതും കരുണാനിധി.'സെമ്മൊഴിയാണ തമിള് മൊഴിയാം' എന്നു തുടങ്ങുന്ന വരികള്‍ക്ക് സംഗീതം നല്‍കിയതാവട്ടെ എ ആര്‍ റഹ്മാനും.500 കോടി രൂപ ചെലവുവന്ന ആ സമ്മേളനം പങ്കാളിത്തവും പ്രാതിനിധ്യവുംകൊണ്ടും ഏറെ ഖ്യാതി നേടി.അതില്‍   അധ്യക്ഷനായതും കരുണാനിധി. തിരുവള്ളുവറിലെ വള്ളുവര്‍കോട്ടം നിര്‍മാണത്തിന് നിദാനമായതും അദ്ദേഹം.കന്യാകുമാരിയില്‍ 133 അടി ഉയരമുള്ള തിരുവള്ളുവറിന്റെ പ്രതിമ നിര്‍മിക്കാന്‍ മുന്‍കൈയെടുത്തു.

തമിഴ് ക്ലാസിക്കുകളായ ചിലപ്പതികാരം, തിരുക്കുറല്‍ എന്നിവ അധികരിച്ചുള്ള രചനകളിലൂടെ ഭാഷക്ക് നിസ്തുല സംഭാവനയാണ് നല്‍കിയത്. പൊതുവില്‍ മിതഭാഷിയും ഗൗരവക്കാരനുമായ കരുണാനിധി ചില സൗഹൃദങ്ങള്‍ക്ക് അസാമാന്യമായ വില നല്‍കിയിരുന്നു. അതിലൊന്നായിരുന്നു എംജിആറുമായി ഉണ്ടായിരുന്നത്.ചില ഘട്ടങ്ങളില്‍ രാഷ്ട്രീയമായി കടുത്ത അഭിപ്രായ ഭിന്നതകള്‍ നിലനിന്നപ്പോഴും പരസ്പര സ്നേഹത്തിനും ബഹുമാനത്തിനും ഇടിവുണ്ടായില്ല. മണിരത്നം സംവിധാനംചെയ്ത 'ഇരുവര്‍' ആ ബന്ധത്തിന്റെ ആഴങ്ങള്‍ അന്വേഷിച്ചുപോകുന്നതാണ്.1997ല്‍ റിലീസായ അതില്‍ മോഹന്‍ലാല്‍, പ്രകാശ്രാജ്, ഐശ്വര്യറായ്, താബു എന്നിവരവയിരുന്നു പ്രധാന വേഷങ്ങളില്‍.അങ്ങനെ കരുണാനിധിയുടെ വിയോഗത്തിലൂടെ രാഷ്ട്രീയവും ജീവിതവും സിനിമയും കെട്ടുപിണഞ്ഞുകിടന്ന തമിഴകത്തെ ഒരു യുഗമാണ് അസ്തമിക്കുന്നത്.



 

പ്രധാന വാർത്തകൾ
Top