17 July Tuesday

ലൗ ജിഹാദ് കൊല; ആര്‍എസ്എസും ബിജെപിയും മറുപടി പറയണം: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

ന്യൂഡല്‍ഹി > രാജസ്ഥാനില്‍ തൊഴിലാളിയെ ലൗ ജിഹാദിന്റെ പേരില്‍ ചുട്ടെരിച്ച സംഭവത്തില്‍ ആര്‍എസ്എസും ബിജെപിയും മറുപടി പറയണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഹിന്ദുത്വശക്തികള്‍ രാജ്യത്ത് നടത്തിവരുന്ന വര്‍ഗീയവിദ്വേഷ പ്രചാരണത്തിന്റെ ഫലമാണ് കൊലപാതകം.  അക്രമികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും സംരക്ഷണം നല്‍കുകയാണെന്നും  യെച്ചൂരി പ്രതികരിച്ചു.

രാജസ്ഥാനില്‍ വര്‍ഗീയവിദ്വേഷ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ വസുന്ധര രാജെ സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ടികളും ഇതര സംഘടനകളും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മുസ്ലിങ്ങളെ അടിച്ചും വെട്ടിയും കൊല്ലുകയാണ്. ഗോരക്ഷകരെന്ന് അവകാശപ്പെടുന്ന സംഘങ്ങള്‍ ക്ഷീരകര്‍ഷകരായ പെഹ്‌ലു ഖാനെയും ഉമര്‍ ഖാനെയും കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഈ അരുംകൊല. രാജസ്ഥാന്‍ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടമായി.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ആക്രമണത്തെ അപലപിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. സിപിഐ എം, സിപിഐ, സിപിഐ എംഎല്‍, എംസിപിഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, പിയുസിഎല്‍, ഡിഎസ്എംഎം, ഡോ. അംബേദ്കര്‍ വിചാര്‍ മഞ്ച്, കിസാന്‍സഭ, എസ്എഫ്‌ഐ, കര്‍ഷകത്തൊഴിലാളി യൂണിയന്‍, ജന്‍ വിചാര്‍ മഞ്ച്, സമാജ്‌വാദി പാര്‍ടി, വിവിധ തൊഴിലാളി യൂണിയനുകള്‍ എന്നിവര്‍ സംയുക്തപ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

 

പ്രധാന വാർത്തകൾ
Top