18 October Thursday

മതസൌഹാര്‍ദ സംരക്ഷണദിനാചരണം: കൊല്‍ക്കത്തയില്‍ ബഹുജന റാലി

ഗോപിUpdated: Thursday Dec 7, 2017

കൊല്‍ക്കത്ത > മതസൌഹാര്‍ദം സംരക്ഷിക്കുമെന്നും വര്‍ഗീയശക്തികള്‍ക്കെതിരെ യോജിച്ച് ശക്തമായി പോരാടുമെന്നും പ്രഖ്യാപിച്ച് കൊല്‍ക്കത്തയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത റാലി നടന്നു. ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് മതസൌഹാര്‍ദ സംരക്ഷണദിനാചരണത്തിന്റെ ഭാഗമായി സിപിഐ എമ്മും മറ്റ് ഇടതുപാര്‍ടികളും ബുധനാഴ്ച സംഘടിപ്പിച്ച റാലി വന്‍ ജനമുന്നേറ്റമായി. എസ്പ്ളനേഡ് ലെനിന്‍ പാര്‍ക്കില്‍നിന്നും ആരംഭിച്ച റാലി രാജാബസാറില്‍ സമാപിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്തമിശ്ര, ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയലാഭം നേടുന്ന വര്‍ഗീയശക്തികള്‍ രാജ്യത്തിന് വന്‍ വിപത്താണെന്ന് റാലി ഉദ്ഘാടനം ചെയ്ത് സൂര്യകാന്തമിശ്ര പറഞ്ഞു.   സംസ്ഥാനത്ത് രാഷ്ട്രീയ താല്‍പ്പര്യത്തിനായി മതമൌലികവാദികളും  വര്‍ഗീയ ചിന്താഗതിക്കാരുമായും കൈകോര്‍ക്കുന്ന നിലപാടാണ് തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയും സമീപ ജില്ലകളും കേന്ദ്രീകരിച്ചാണ് പ്രകടനം നടന്നത്. ജില്ലാ കേന്ദ്രങ്ങളില്‍ മതസൌഹാര്‍ദ റാലികളും യോഗങ്ങളും നടന്നു.

പ്രധാന വാർത്തകൾ
Top