21 October Sunday

കാലിത്തീറ്റ കുംഭകോണക്കേസ് : ലാലു കുറ്റക്കാരന്‍

വെബ് ഡെസ്‌ക്‌Updated: Sunday Dec 24, 2017

വിധി കേട്ടശേഷം റാഞ്ചിയിലെ സിബിഐ പ്രത്യേകകോടതിയില്‍നിന്ന് ലാലുപ്രസാദ് യാദവ് പുറത്തേക്ക് വരുന്നു

 

ന്യൂഡല്‍ഹി > കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി കണ്ടെത്തി. ശിക്ഷ ജനുവരി മൂന്നിന് വിധിക്കും. 1990ന് ശേഷം ലാലു സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാനും ജസ്റ്റിസ് ശിവ്പാല്‍സിങ് ഉത്തരവിട്ടു. 15 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ഏഴുപേരെ വെറുതെവിട്ടു. ലാലുവിനെയും മറ്റ് പ്രതികളെയും ബിര്‍സാമുണ്ട സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

1994-1996 കാലയളവില്‍ ദിയോഗര്‍ ജില്ലാട്രഷറിയില്‍നിന്ന് വ്യാജരേഖകള്‍ കെട്ടിച്ചമച്ച് അനധികൃതമായി 84.5 ലക്ഷം പിന്‍വലിച്ചെന്ന കേസില്‍ ലാലു ഉള്‍പ്പെടെ 38 പേരെ പ്രതികളാക്കി 1997 ഒക്ടോബറിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 11 പേര്‍ വിചാരണക്കാലയളവില്‍ മരിച്ചു. മൂന്നുപേര്‍ മാപ്പുസാക്ഷിയായി. 2006ല്‍ രണ്ട് പ്രതികള്‍ കുറ്റസമ്മതം നടത്തി ശിക്ഷ വാങ്ങി. ക്രിമിനല്‍ ഗൂഢാലോചന, ക്രമക്കേട്, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമെ അഴിമതിനിരോധന നിയമപ്രകാരമുള്ള വിവിധ വകുപ്പുകളും  ചുമത്തിയിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ലാലുവിനെതിരായ രണ്ടാമത്തെ കേസാണിത്. ലാലുവിനെതിരെ മൊത്തം അഞ്ച് കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ചായ്ബാസ ട്രഷറിയില്‍നിന്ന് 37.5 കോടി പിന്‍വലിച്ചെന്ന ആദ്യ കേസില്‍ ലാലുവിനെ 2013ല്‍  അഞ്ചുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്ന്, അദ്ദേഹത്തിന് ലോക്സഭാംഗത്വം നഷ്ടപ്പെട്ടു. 11 വര്‍ഷത്തേക്ക് മത്സരിക്കുന്നതിന് വിലക്കും വന്നു. സുപ്രീംകോടതി പിന്നീട് ജാമ്യം അനുവദിച്ചു. മൃഗസംരക്ഷണവകുപ്പിനുവേണ്ടി കാലിത്തീറ്റ വാങ്ങിയതില്‍ 950 കോടി രൂപയുടെ അഴിമതി നടന്നതായാണ് ആരോപണം. ഇല്ലാത്ത കന്നുകാലികളുടെപേരില്‍ കാലിത്തീറ്റയും മരുന്നുകളും മറ്റ് സാധനങ്ങളും വാങ്ങിയെന്ന് കൃത്രിമ ബില്ലും രജിസ്റ്ററുകളും ഉണ്ടാക്കി വിവിധ ട്രഷറികളില്‍നിന്ന് പണം തട്ടിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

1996ലാണ് കോളിളക്കമുണ്ടാക്കിയ കുംഭകോണം വെളിച്ചത്തുവന്നത്. 1997ല്‍ ലാലു മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഇടപാടുമായി ബന്ധപ്പെട്ട് ആകെ 64 കേസാണ് രജിസ്റ്റര്‍ ചെയ്തത്. 43 കേസില്‍ വിവിധ സിബിഐ കോടതികള്‍ ഇതിനോടകം വിധി പറഞ്ഞു. ഉദ്യോഗസ്ഥരും ഇടനിലക്കാരും രാഷ്ട്രീയക്കാരും ഉള്‍പ്പെടെ അഞ്ഞൂറോളംപേര്‍ ശിക്ഷിക്കപ്പെട്ടു. ലാലുവിനെതിരെ മൂന്ന് കേസുകൂടി നിലവിലുണ്ട്. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ബാക്കിയുള്ള കേസുകളില്‍ ലാലു വിചാരണ നേരിടേണ്ടതില്ലെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ വിധി റദ്ദാക്കിയ സുപ്രീംകോടതി എല്ലാ കേസുകളിലും വ്യത്യസ്ത വിചാരണ നേരിടണമെന്ന് ഉത്തരവിട്ടതാണ് ലാലുവിന് തിരിച്ചടിയായത്.

ശനിയാഴ്ച രാവിലെ മകന്‍ തേജ്വസി യാദവിനൊപ്പമാണ് ലാലു വിധികേള്‍ക്കാന്‍ കോടതിയിലെത്തിയത്. കുറ്റക്കാരനാണെന്ന വിധി വന്നതോടെ ലാലു നിരാശനായി. വെള്ളിയാഴ്ച വൈകിട്ട് റാഞ്ചിയിലേക്ക് തിരിക്കുന്ന സമയത്തും കുറ്റവിമുക്തനാക്കപ്പെടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. സത്യത്തെ നുണയായും അര്‍ധസത്യമായും ചിത്രീകരിക്കുന്നതില്‍ രാഷ്ട്രീയ എതിരാളികള്‍ തല്‍ക്കാലം വിജയിച്ചെങ്കിലും അന്തിമവിജയം തനിക്കായിരിക്കുമെന്ന് ലാലു ട്വിറ്ററില്‍ പറഞ്ഞു. വിധിക്കെതിരെ മേല്‍ക്കോടതികളെ സമീപിക്കുമെന്ന് ആര്‍ജെഡി നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസ് എന്നും അഴിമതിക്കാരുടെ കൂടെയാണെന്ന് ബിജെപിയും സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.

 

പ്രധാന വാർത്തകൾ
Top