20 September Thursday

കെഎസ‌്എഫ‌്ഇ പ്രവാസി ചിട്ടി : ആദ്യദിനം പതിനായിരത്തോളം രജിസ‌്ട്രേഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018


സ്വന്തം ലേഖകൻ
കെഎസ‌്എഫ‌്ഇ ആരംഭിക്കുന്ന പ്രവാസി ചിട്ടിക്ക‌് വിദേശമലയാളികളിൽനിന്ന‌് മികച്ച പ്രതികരണം. ഓൺലൈൻ രജിസ‌്ട്രേഷൻ തുടങ്ങിയ ദിവസംതന്നെ താൽപ്പര്യം പ്രകടിപ്പിച്ചത‌് പതിനായിരത്തോളംപേർ. എണ്ണായിരത്തിലധികം പ്രവാസികൾ ഓൺലൈനിൽ രജിസ‌്റ്റർ ചെയ‌്തു. നൂറുകണക്കിന‌് ആളുകൾ ഫോണിലൂടെയും ഫെയ‌്സ‌്ബുക്കിലൂടെയും താൽപ്പര്യം അറിയിക്കുകയും ചെയ‌്തിട്ടുണ്ട‌്.ആഗസ്‌തിലാണ‌് (ചിങ്ങം) പ്രവാസി ചിട്ടി ആരംഭിക്കുന്നത‌്.  ചേരുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനാണ‌് ചൊവ്വാഴ‌്ചമുതൽ ഓൺലൈൻ രജിസ‌്ട്രേഷൻ ആരംഭിച്ചത‌്. ചൊവ്വാഴ‌്ച വൈകിട്ട‌് ആറുവരെ 7922 പേർ  പൂർണവിവരങ്ങൾ രജിസ‌്റ്റർ ചെയ‌്തു.

മുപ്പതുമുതൽ 60 മാസംവരെ കാലാവധിയുള്ള വ്യത്യസ‌്ത ചിട്ടികളാണ‌് കെഎസ‌്എഫ‌്ഇ പ്രവാസികൾക്കുവേണ്ടി അവതരിപ്പിക്കുന്നത‌്. 3000  മുതൽ 25,000 വരെ പ്രതിമാസതവണ വരുന്ന ചിട്ടികൾ ഇക്കൂട്ടത്തിലുണ്ടാകും. ചിറ്റാളന്മാർക്ക‌് നിരവധി സമ്മാനപദ്ധതികൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും കെഎസ‌്എഫ‌്ഇ ആലോചിക്കുന്നുണ്ട‌്.

ഇൻഷുറൻസ‌് പരിരക്ഷ ലഭിക്കുമെന്നതാണ‌് മറ്റു ചിട്ടികളെ അപേക്ഷിച്ച‌് പ്രവാസി ചിട്ടിയുടെ പ്രത്യേകത. എൽഐസി, സംസ്ഥാന ഇൻഷുറൻസ‌് വകുപ്പ‌് എന്നിവയിലൂടെ ഇരട്ട പരിരക്ഷയാണ‌് ലഭിക്കുന്നത‌്. ചിട്ടിയുടെ കാലയ‌ളവിൽ ചിറ്റാളൻ മരിച്ചാൽ ബാക്കിയുള്ള തുക എൽഐസി കെഎസ‌്എഫ‌്ഇക്ക‌് നൽകും. അവകാശികൾക്ക‌് ബാധ്യത ഉണ്ടാകില്ല. അപകട ഇൻഷുറൻസ‌ും ലഭിക്കും. താൽപ്പര്യമുള്ളവർക്ക‌് പെൻഷൻ പദ്ധതിയിലും അംഗമാകാം.

ലോകമെങ്ങുമുള്ള മലയാളികൾക്ക‌് ചിട്ടിയിൽ ചേരാനാകുംവിധം വിശാലമായ ഡിജിറ്റൽ സംവിധാനം സി‐ഡിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട‌്. മൊബൈൽ, ലാപ‌്ടോപ്, കംപ്യൂട്ടർ എന്നിവവഴി വെബ‌്സൈറ്റിലൂടെ രജിസ‌്റ്റർ ചെയ്യാം. സംശയനിവാരണത്തിന‌് 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്റർ തുറന്നിട്ടുണ്ട‌്. ആദ്യഘട്ടം യുഎഇയിലെ മലയാളികൾക്കുവേണ്ടിയാണ‌് രജിസ‌്ട്രേഷൻ. പിന്നീട‌് ഗൾഫ‌് രാജ്യങ്ങളിലേക്കും മറ്റു പാശ‌്ചാത്യ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.

സംസ്ഥാനത്തിന്റെ പതിവ‌് സാമ്പത്തികസ്രോതസ്സുകൾക്കപ്പുറത്ത‌് പുതിയ മേഖലകൾ കണ്ടെത്താനുള്ള  കിഫ‌്ബിയുടെ (കേരള ഇൻഫ്രാസ‌്ട്രക‌്ചർ ഇൻവെസ‌്റ്റ‌്മെന്റ‌് ഫണ്ട‌് ബോർഡ‌്) ശ്രമങ്ങൾക്ക‌് മുതൽക്കൂട്ടാകുംവിധമാണ‌് കെഎസ‌്എഫ‌്ഇ പ്രവാസി ചിട്ടി ആരംഭിക്കുന്നത‌്.  നിക്ഷേപത്തുക കിഫ‌്ബി ബോണ്ടുകളിൽ നിക്ഷേപമാകും. ലേലത്തിൽ ചിട്ടിപിടിക്കുന്ന ആളിന‌് യഥാസമയം കിഫ‌്ബിയിൽനിന്ന‌് പണം വിട്ടുനൽകും. ഇതിലെ നീക്കിയിരിപ്പുതുക സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങൾക്കുവേണ്ടി  വിനിയോഗിക്കുകയും ചെയ്യും.

പ്രധാന വാർത്തകൾ
Top